» നജ മെഹ്ജബിൻ കെ. ബി.
ID: MRK0011
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സിനിമയുടേത്. സിനിമയും പ്രേക്ഷകരും തമ്മില്‍ നടക്കുന്ന ആശയവിനിമയത്തിന്റെ പൂര്‍ണ്ണതയെ വ്യത്യസ്ത ഘടകങ്ങള്‍ സ്വാധീനിക്കാറുണ്ട്. അതിലൊന്നാണ് സിനിമയുടെ ടൈറ്റില്‍. മറ്റു മേഖലകളിലെന്നപോലെ ടൈറ്റിലുകളിലും പരീക്ഷണ ങ്ങള് നടന്നുകൊണ്ടിരിക്കുകയാണ്. ടൈറ്റിലിന്റെ തെരഞ്ഞെടുപ്പ് സിനിമയ്ക്ക് എത്രമാത്രം ചേരുന്നുവെ ന്നല്ല, മറിച്ച് പ്രസ്തുത ടൈറ്റില്‍ മികച്ചതാക്കാന്‍ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളെയാണ് ഈ പ്രബന്ധം വിശകലനം ചെയ്യുന്നത്. 2020നു ശേഷമുള്ള സിനിമകളില്‍ നിന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളുടെ ടൈറ്റിലുകളാണിവിടെ പഠനവിധേയമാക്കുന്നത്. ടൈറ്റിലുകളില്‍ പുലര്‍ത്തുന്ന സൂക്ഷ്മത, സര്‍ഗ്ഗാത്മകത എന്നിവ സിനിമ സ്വീകരിക്കപ്പെടുന്നതില്‍ ഇടപെടുന്നുണ്ടോയെന്നുള്ള അന്വേഷണമാണ് ഈ പ്രബന്ധത്തിന്റെ കാതല്‍.
താക്കോല്‍ വാക്കുകള്‍
ടൈറ്റില്‍, ഉപജനുസ്സ്, ഡ്രാമ, കോമഡി, ത്രില്ലര്‍, ഉപജനുസ്സുകളുടെ സംയോഗം
ആമുഖം
നൂതനവും അതിശയകരവുമായ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന ജനപ്രിയജനുസ്സാണ് (Genre) സിനിമയുടേത്. സിനിമയുടെ വിവിധ മേഖലകളില്‍ – കഥ, തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങള്‍, എഡിറ്റിംഗ്– പുതുമ തേടുന്ന സിനിമാ അണിയറപ്രവര്‍ത്തകരും പ്രേക്ഷകരുമാണ് ലോകത്തെമ്പാടുമുള്ളത്. സിനിമയെക്കുറിച്ചുള്ള, സിനിമയോടുള്ള സമീപനങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതും ശ്രദ്ധേയമാണ്. ഒരു സിനിമ പ്രേക്ഷകരിലെത്തുമ്പോള്‍ അതിനെ അടിമുടി വിലയിരുത്തുന്ന രീതിയാണ് ഇന്ന് കാണുന്നത്. സാമൂഹികമാധ്യമങ്ങളുടെ സ്വീകാര്യതയും ഉപയോഗവും അതിനെ ത്വരിതഗതിയിലാക്കിയിട്ടുമുണ്ട്. അതുകൊണ്ട് നിസ്സാരമായി സ്ക്രീനിലെത്തിക്കാ വുന്ന ഒന്നായി സിനിമയെ കാണാന്‍ കഴിയില്ല.
സിനിമ ഒരു പരിധി വരെ വിപണിവിജയത്തെ ആശ്രയിക്കുന്നു. എത്രമാത്രം പ്രേക്ഷകരിലേക്ക് സിനിമയെത്തിക്കാമെന്നത് അണിയറപ്രവര്‍ത്തകരെ പുതിയ ആശയങ്ങളിലേക്ക് നയിക്കുന്നു. സിനിമയുടെ റിലീസിനു മുന്‍പുതന്നെ ഗാനങ്ങള്‍ പുറത്തിറക്കുന്നതും ട്രെയിലറുകളും ടീസറുകളും പുറത്തിറക്കുന്നതും അത്തരം തന്ത്രങ്ങളുടെ ഭാഗമായാണ്. സിനിമകളില്‍ മുന്‍പ് പതിവില്ലാത്ത വിധം കാമിയോ റോളുകള്‍ വര്‍ധിച്ചതും വിപണിയുടെ സ്വാധീനഫലമായാണ്. സിനിമ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നതില്‍ ടൈറ്റിലുകല് ചെലുത്തുന്ന പങ്കും തള്ളിക്കളയാനാകില്ല. ടൈറ്റിലുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങിയിട്ടും അധികം കാലമായിട്ടില്ല. രണ്ടായിരത്തി ഇരുപതിനു ശേഷമുള്ള ചിത്രങ്ങളാണ് ടൈറ്റിലുകളെ കൂടുതലും പരീക്ഷണാത്മകമായി സമീപിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിന് ചിത്രവുമായുള്ള ബന്ധമല്ല, ടൈറ്റിലിന്റെ അവതരണത്തില്‍ സ്വീകരിച്ചിരിക്കുന്ന സാധ്യതക ളെയാണ് ഈ പ്രബന്ധത്തില്‍ വിശകലനം ചെയ്യുന്നത്.
ഡ്രാമ, കോമഡി, ത്രില്ലര്‍, ആക്ഷന്‍ എന്നിങ്ങനെയുള്ള ഉപജനുസ്സുകളാണ് (Sub Genres) സിനിമയിലുള്ളത്. സിനിമയുടെ ഗതിവിഗതികളനുസരിച്ച് അവയുടെ ടൈറ്റിലുകളും രൂപപ്പെടുന്നു. അനേകം ഉള്‍പിരിവുകളായി രൂപാന്തരപ്പെടുകയും നിരന്തരം വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന സിനിമയുടെ ഡ്രാമ, ത്രില്ലര്‍, കോമഡി എന്നീ ഉപജനുസ്സുകളില് വരുന്ന ചിത്രങ്ങളുടെയും ഒന്നിലധികം ഉപജനുസ്സുകള് ചേര്‍ന്നു വരുന്ന ചിത്രങ്ങളുടെയും ടൈറ്റിലുകളാണ് പഠനവിധേയമാക്കുന്നത്.
ടൈറ്റിലുകളുടെ അവതരണം ‘ഡ്രാമ’കളില്‍
ഗൗരവതരമായ ഒരു ആശയത്തെ അവതരിപ്പിക്കുന്ന ജോണറാണ് ഡ്രാമ. രണ്ടായിരത്തി ഇരുപതിനു ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ഏഴ് സിനിമകളുടെ ടൈറ്റിലുകളാണ് ഡ്രാമ എന്ന ഉപജനുസ്സില് പരിശോധിക്കുന്നത്.
ആട്ടം എന്ന ടൈറ്റിലില്‍ ‘ആ’യോട് ചേര്‍ന്ന് തുടര്‍ച്ചയെന്നോണമാണ് ‘ട്ട’ അവതരിപ്പിക്കുന്നത്. ഒരു കുറ്റകൃത്യത്തിന്റെ വഴികളെയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന സത്യങ്ങളെയും കുറിച്ചുള്ള സൂചന ടൈറ്റില്‍ നല്കുന്നു. അപ്പന് എന്ന ചിത്രത്തിന്റെ ടൈറ്റിലില്‍ കാണുന്ന റബ്ബര്‍ ടാപ്പിംഗിനുപയോഗിക്കുന്ന ആയുധം ചിത്രത്തിലെ കുടുംബത്തിന്റെ ജീവിതപശ്ചാത്തലത്തെ പ്രതിനിധീകരിക്കുന്നു. ഞൂഞ്ഞ്, അപ്പനായ ഇട്ടിച്ചന് സ്വരക്ഷയ്ക്ക് നല്കിയ കത്തിയുപയോഗിച്ചാണ് ഷീല ഇട്ടിച്ചനെ കൊല്ലുന്നത്. ടൈറ്റിലിലെ കത്തിയുടെ ഈ വഴിക്കുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. മാറിടത്തിന്റെ അളവിന്റെ പേരില്‍ പല സാഹചര്യങ്ങളിലും സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ബി 32 മുതല്‍ 44 വരെ എന്ന ചിത്രത്തിന്റെ പ്രമേയം. ഒരു മാറിടത്തിന്റെ രൂപത്തില്‍ ടൈറ്റില്‍ കാണിക്കുന്നതിലൂടെ ചിത്രം ചര്‍ച്ച ചെയ്യുന്ന പ്രമേയത്തെ പ്രേക്ഷകരിലെത്തിക്കുന്നു. കുടുംബം എന്ന വ്യവഹാരത്തെ പൊളിഞ്ഞതും സമൂഹത്തിന്റെ മാമൂലുകളുമായി ഒട്ടിച്ചുചേര്ക്കപ്പെടുന്നതുമായ ഒന്നായി അവതരിപ്പിക്കുകയാണ് കീറിപ്പോയ കടലാസുകഷ്ണങ്ങളെ ഒട്ടിച്ചു ചേര്‍ത്ത പോലെയുള്ള ഫാമിലിയുടെ ടൈറ്റില്‍. ഒട്ടിച്ചു ചേര്‍ക്കുകയെന്ന വ്യാജേന ബന്ധങ്ങളെ തമ്മിലകറ്റുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലേക്കും ടൈറ്റില്‍ വിരല്‍ ചൂണ്ടുന്നു. ലെവല്‍ക്രോസ് എന്ന ടൈറ്റിലില്‍ ഒരു കഴുതയെയും സ്ത്രീയെയും കൊടിയെയും കാണാന്‍ കഴിയും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലേക്കുള്ള സൂചനയാണിവ. കഴുത ആസിഫ് അലിയുടെ കഥാപാത്രത്തെയും സ്ത്രീ അമലാ പോളിന്റെ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. സിഗ്നലായി ഉപയോഗിക്കുന്ന കൊടി കഥ നടക്കുന്ന പശ്ചാത്തല ത്തെക്കുറിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിതപശ്ചാത്തലം, ചിന്തകളുടെ ആഴം, അന്തഃസംഘര്‍ഷങ്ങളുടെ ഒഴുക്ക് എന്നിവ ഉള്ളൊഴുക്കിന്റെ ടൈറ്റിലിലൂടെ വ്യക്തമാകുന്നു. മദ്യപാനിയായ ഒരാളുടെ കഥ പറയുന്ന വെള്ളം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ മദ്യക്കുപ്പിയുടെ രൂപത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ടൈറ്റിലുകളുടെ അവതരണം ‘കോമഡി’കളിലും ‘ത്രില്ലറു’കളിലും
ഹാസ്യത്തിന് പ്രാധാന്യമുള്ള കോമഡി എന്ന ഉപജനുസ്സില് മൂന്ന് ചിത്രങ്ങളുടെ ടൈറ്റിലാണ് വിശകലനം ചെയ്യുന്നത്. ഗുരുവായുരമ്പലനടയില്‍ എന്ന ചിത്രം ഒരു കല്ല്യാണത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. അതിന്റെ സൂചനയായി ടൈറ്റിലില്‍ ഒരു താലി കാണാം. നീതിദേവതയുടെ കയ്യിലിരിക്കുന്ന ത്രാസില്‍ തൂങ്ങിയാടുന്ന തരത്തിലുള്ള ടൈറ്റില്‍ അവതരിപ്പിക്കുന്നതിലൂടെ കഥയിലെ കോടതിയുടെയും കേസിന്റെയും സൂചന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ കാണാം. ടൈറ്റിലിന്റെ താഴെയുള്ള രണ്ട് ത്രാസുകളും ചേര്‍ന്ന കള്ളന്റെ കണ്ണില്‍ കെട്ടുന്ന കെട്ട് ആയി ഒരു കാഴ്ച നല്‍കുന്നതും കാണാം. അത് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലേക്കുള്ള ചൂണ്ടുപലകയായി അര്‍ത്ഥമാക്കാം. ജേര്‍ണി ഓഫ് ലവ് 18+എന്ന ടൈറ്റില്‍ പ്രണയം, വിവാഹം എന്നിവയില്‍ പതിനെട്ട് വയസ്സിനുള്ള പങ്കിനെ സൂചിപ്പിക്കുന്നു. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം (Adultery Content) എന്ന ആശയത്തെ സൂചിപ്പിക്കാനും 18+ എന്നുതന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എന്താണ് പ്രസ്തുത ചിത്രത്തിന്റെ ഉള്ളടക്കം എന്ന ആകാംക്ഷ നിലനിര്‍ത്താന്‍ ടൈറ്റിലിന് കഴിഞ്ഞിട്ടുണ്ട്.
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്ത്തുന്നവയാണ് ത്രില്ലറുകള്‍. അതുകൊണ്ടുതന്നെ ടൈറ്റിലുകളിലും ആകാംക്ഷ നിലനിര്‍ത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. 12th MANലെ ‘N’ല്‍ ഒറ്റപ്പെട്ടു കിടക്കുന്ന പാറയെ കാണിക്കുന്നതിലൂടെ സിനിമയിലെ കൊലപാതകത്തിന്റെ സൂചന നല്കുന്നു. ഫോറന്‍സിക്കിലെ ടൈറ്റില്‍ ഡി.എന്‍.എ (DNA)യുടെ ചിത്രം കൊലപാതകിയിലേക്കു നയിക്കുന്ന നിര്‍ണായക കണ്ടെത്തലിന്റെ അടയാളമാണ്. കേസന്വേഷണത്തിനിടയില്‍ പോലീസ് ഓഫീസറായ നായകന്റെ കേള്‍വി നഷ്ടപ്പെടുന്ന സന്ദര്ഭത്തെക്കുറിക്കാന് ജോണ്‍ ലൂഥറിലെ ചെവിയുടെ ചിത്രം കാണിക്കുന്നു. പ്രതിനായകനിലേക്കും നീണ്ടേക്കാവുന്ന പ്രേക്ഷകന്റെ ആകാംക്ഷയ്ക്കും ഈ ടൈറ്റില്‍ വഴിവെക്കുന്നു. കൂമന്റെ പ്രതീതിയുളവാക്കുന്ന തരത്തിലുള്ള ടൈറ്റിലാണ് കൂമന്റേത്. കഥയിലെ കഥാപാത്രങ്ങളെയും കഥയില്‍ പ്രമേയമാകുന്ന സംഘട്ടനത്തെയും തീയിനെയും കുരുതിയുടെ ടൈറ്റിലില്‍ കാണാം. ഏറ്റവും പുതിയ ചിത്രങ്ങളായ ആനന്ദ് ശ്രീബാലയിലെയും സൂക്ഷ്മദര്ശിനിയിലെയും ടൈറ്റിലില്‍ കാണുന്ന ലെന്‍സ് കഥയുടെ ത്രില്ലര്‍ സ്വഭാവത്തെ പരിപോഷിപ്പിക്കുന്നു.
സബ് ജോണറുകളുടെ ചേര്‍ച്ചയും ടൈറ്റിലുകളും
ഒന്നിലധികം ഉപജനുസ്സുകല് ചേര്‍ന്നുവരുന്ന ചിത്രങ്ങളുടെ ടൈറ്റിലുകളുടെ അവതരണം നോക്കാം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ 2018, ആന്റണി, ഭീഷ്മപര്‍വ്വം, ക്രിസ്റ്റഫര്‍ എന്നീ ചിത്രങ്ങളുടെ ടൈറ്റിലുകളാണ് പഠനവിധേയമാക്കുന്നത്. കേരളത്തിന്റെ പ്രളയകാലം ആവിഷ്കരിച്ച 2018ന്റെ ടൈറ്റിലില്‍ കേരളത്തിന്റെ ഭൂപടം കാണാം. രക്ഷാപ്രവര്‍ത്തനത്തിനെത്തുന്ന ബോട്ടും മത്സ്യത്തൊഴിലാ ളികളും ഹെലികോപ്ടറും പ്രളയത്തിന് സാക്ഷിയായ പ്രേക്ഷകരോട് കൂടുതല്‍ സംവദിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിനിടെ കാല് കുടുങ്ങി മുങ്ങി മരിക്കുന്ന അനൂപിന്റെ കാലും ടൈറ്റിലിലുണ്ട്. ആന്റണിയിലാകട്ടെ ഇടിയുടെ രൂപം (Punch Sign) കാണിക്കുന്നതിലൂടെയും മുതിര്‍ന്ന വ്യക്തിയെയും കുഞ്ഞിനെയും കാണിക്കുന്നതിലൂടെയും പ്രധാന കഥാപാത്രങ്ങളുടെ സൂചന നല്കുന്നു. ഭീഷ്മപര്‍വ്വത്തിന്റെ ടൈറ്റിലിലെ അമ്പുകള്‍ മഹാഭാരതത്തിലെ ഭീഷ്മരിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. മഹാഭാരതത്തിലെ ഭീഷ്മരോട് സിനിമയിലെ പ്രധാന കഥാപാത്രത്തിനുണ്ടാകുന്ന സമാനതകളെ, അതു നല്കുന്ന കഥാഗതിയെ സംവേദിപ്പിക്കാന്‍ ഈ ടൈറ്റിലിനു കഴിഞ്ഞു. ക്രിസ്റ്റഫറിലെ തോക്കേന്തിയ കൈയും കഥാപാത്രത്തോടും കഥാഗതിയോടും നീതിപുലര്‍ത്തുന്നു.
കോമഡി ഡ്രാമ വിഭാഗത്തില്‍ തിരഞ്ഞെടുത്ത സിനിമകളില്‍ ഭരതനാട്യത്തിന്റെ ടൈറ്റിലില്‍ വിപരീതവശത്തേക്ക് തിരിഞ്ഞിരിക്കുന്ന രണ്ട് മുഖങ്ങളെ കാണാം. പ്രധാനകഥാപാത്രമായ ഭരതന് നായരുടെ രണ്ട് കല്ല്യാണങ്ങളെയും രണ്ട് സ്ഥലത്തുമുള്ള വിപരീതസ്വഭാവങ്ങളെയുമാണ് ഇതിലൂടെ കാണിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ ഒരു ട്രോമമൂലം ഇരുട്ടിനെ ഭയക്കുന്ന ജാനകിയെ പരിചയപ്പെടുത്തുന്ന ജാനകീജാനേ ടൈറ്റിലില്‍ വെളിച്ചം പരത്തുന്ന വിളക്ക് കാണിക്കുന്നു. വെളിച്ചത്തിന് ജാനകിയുടെ ജീവിതത്തിലെ പ്രാധാന്യത്തെ അത് രേഖപ്പെടുത്തുന്നു. ജയ ജയ ജയ ജയഹേയിലെ ജയയുടെ ചവിട്ടുന്ന കാല്, ഒരു സര്‍ക്കാര്‍ ഉല്പന്നത്തിലെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ്, വാസക്ടമി, പുരുഷബീജം, ഉപചാരപൂര്‍വ്വം ഗുണ്ടജയനിലെ മീശ എന്നിവയും ടൈറ്റില്‍ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നവയാണ്.
ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ ഈശോയിലെ റിവോള്‍വറും വാളും രൂപയുടെ ചിഹ്നവും, ഇന്നലെ വരെയിലെ കത്തിയും തോക്കും ത്രില്ലിംഗ് ഘടകത്തെ മികവുറ്റതാക്കുന്നു. ജോജിയിലെ സുപ്രധാന വഴിത്തിരിവുകളെ പ്രതിനിധീകരിക്കുന്നതാണ് ടൈറ്റിലിലെ ഗുളികയും വെട്ടും. മഞ്ഞുമ്മല്‍ ബോയ്സിലെ കൈയും കയറും കഥാഗതിയെ സൂചിപ്പിക്കുന്നതോടൊപ്പം സുഹൃത്ത്ബന്ധത്തിന്റെ ശക്തിയെയും കുറിക്കുന്നു. BOYS എന്നതിലെ B, O എന്നിവ വടംവലിയെ പ്രതീകാത്മകമായി കാണിക്കുകയും ചെയ്യുന്നു. അബ്രഹാം ഓസ്ലറിലെ കത്തിയും പുഴുവിലെ പുഴുവിന്റെ ആകൃതിയും ടൈറ്റിലിലെ പരീക്ഷണങ്ങള്‍ തന്നെ. ടൈറ്റില്‍ മുഴുവന്‍ ഇടിയുടെ ചിഹ്നം (Punch Sign) കൊണ്ടാണ് തല്ലുമാല എന്ന കോമഡി ആക്ഷന്‍ ചിത്രമുള്ളത്.
ഉപസംഹാരം
♦ വ്യത്യസ്ത ഉപജനുസ്സുകളില്പ്പെട്ട സിനിമകളുടെ ടൈറ്റിലുകള്‍ വിശകലനം ചെയ്തപ്പോള്‍ സിനിമ യുടെ കഥാപശ്ചാത്തലവുമായി ബന്ധപ്പെട്ടു കിടക്കുന്ന രീതിയിലാണ് പല ടൈറ്റിലുകളും അവത രിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയെക്കുറിച്ചുള്ള ആകാംക്ഷയെ സ്വാധീനിക്കുന്ന തരത്തിലാണ് ഓരോ ടൈറ്റിലുകളുമുള്ളത്.
♦ ത്രില്ലര്‍, ആക്ഷന്‍ ഉപജനുസ്സുകളില്പ്പെട്ട ചിത്രങ്ങളുടെ ടൈറ്റിലുകളില്‍ ആയുധങ്ങളാണ് കൂടുതലും ചിത്രീകരിക്കുന്നത്. അതില്‍ത്തന്നെ കത്തി, തോക്ക് എന്നിവയാണ് കൂടുതലും. ഇടിയുടെ (Punch Sign) ചിഹ്നവും ഉപയോഗിച്ചു കാണുന്നു. ഉപജനുസ്സിന്റെ സവിശേഷതകള്‍ക്ക് സമാനമായ സ്വീകരണം കൂടുതലും കാണുന്നതും ത്രില്ലര്‍ വിഭാഗത്തിലെ ചിത്രങ്ങള്ക്കാണെ ന്നതും മനസ്സിലാക്കാം.
♦ ഒന്നോ ഒന്നിലധികം ഉപജനുസ്സുകള് ചേര്ന്നുണ്ടാകുന്നതോ ആയ ചിത്രങ്ങളുടെ ടൈറ്റിലുകള്‍ അതാത് ഉപജനുസ്സുകളോട് നീതി പുലര്‍ത്തുന്ന വിധമാണെന്ന് പൂര്‍ണ്ണമായും പറയാന്‍ സാധിക്കില്ല.
♦ ടൈറ്റിലുകളുടെ അവതരണത്തില്‍ പുലര്‍ത്തുന്ന സൂക്ഷ്മതയും പുതുമയും വലിയ സാധ്യതകള്‍ നല്‍കുന്നതാണ്. പ്രേക്ഷകരിലേക്കുള്ള സംവേദനക്ഷമതയ്ക്കനുസരിച്ച് പുതിയ ചിന്തകള്‍ രൂപപ്പെടുന്നു. അത് പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ഗാത്മകമായ ഒരു സംഘം ഉയര്‍ന്നുവരേ ണ്ടതായി വരും.
♦ മികച്ച സാധ്യതയുള്ള തൊഴില്‍മേഖലയായി മാറാന്‍ കഴിയുന്ന പ്രസ്തുത മേഖല, സിനിമയുടെ വിപണിമൂല്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറുന്ന കാലം വിദൂരമല്ല.
ഗ്രന്ഥസൂചി
ജിതേഷ്, ടി., സിനിമയുടെ വ്യാകരണം, ഒലീവ് പബ്ലിക്കേഷന്‍സ്, കോഴിക്കോട്, 2009.
ഷീബ എം. കുര്യന് (എഡി.), സിനിമ സാങ്കേതികതയും സംസ്കാരവും, കേരളസര്‍വകലാശാല പ്രസിദ്ധീകരണം, തിരുവനന്തപുരം, 2016.
Raymond Williams, Keywords: A Vocabulary of Culture and Society, Oxford University Press, New York, 1985.
ദൃശ്യസൂചിക
അഖില്‍ പോള്‍, അനസ് ഖാന്, ഫോറന്‍സിക് (ഇന്ത്യ/മലയാളം/2020/133”), ജുവിസ് പ്രൊഡക്ഷന്‍സ്.
അനീഷ് ഉപാസന, ജാനകീജാനേ (ഇന്ത്യ/മലയാളം/2023/124”), എസ് ക്യൂബ് ഫിലിംസ്.
അഭിജിത്ത് ജോസഫ്, ജോണ്‍ ലൂഥര്‍ (ഇന്ത്യ/മലയാളം/2022/135”), അലോന്‍സ ഫിലിംസ്.
അമല്‍ നീരദ്, ഭീഷ്മപര്‍വ്വം (ഇന്ത്യ/മലയാളം/2022/144”), അമല്‍ നീരദ് പ്രൊഡക്ഷന്‍സ്.
അരുണ്‍ ഡി ജോസ്, ജേര്‍ണി ഓഫ് ലവ് 18+ (ഇന്ത്യ/മലയാളം/2023/123”), ഫലൂദ എന്റര്ടൈന്മെന്റ്സ്, റീല്‍സ് മാജിക്.
അരുണ്‍ വൈഗ, ഉപചാരപൂര്‍വ്വം ഗുണ്ട ജയന് (ഇന്ത്യ/മലയാളം/2022/129”), കാപ് ലൈറ്റ് ഫിലിംസ്, വേഫേറര്‍ ഫിലിംസ്.
അര്‍ഫാസ് അയ്യൂബ്, ലെവല്‍ക്രോസ് (ഇന്ത്യ/മലയാളം/2024/116”), വേഫേറര്‍ ഫിലിംസ്.
ആനന്ദ് ഏകര്‍ഷി, ആട്ടം (ഇന്ത്യ/മലയാളം/2023/139”), ജോയ് മൂവി പ്രൊഡക്ഷന്‍സ്.
ഉണ്ണിക്കൃഷ്ണന്. ബി., ക്രിസ്റ്റഫര്‍ (ഇന്ത്യ/മലയാളം/2023/150”), ആര് ഡി ഇലുമിനേഷന്‍സ്.
കൃഷ്ണദാസ് മുരളി, ഭരതനാട്യം (ഇന്ത്യ/മലയാളം/2024/121”), തോമസ് തിരുവല്ല ഫിലിംസ്, സൈജു കുറുപ്പ് എന്റര്ടൈന്മെന്റ്സ്.
ക്രിസ്റ്റോ ടോമി, ഉള്ളൊഴുക്ക് (ഇന്ത്യ/മലയാളം/2024/123”), ആര് എസ് വി പി മൂവീസ്, മാഗ്ഗഫിന് പിക്ചേര്‍സ്.
ഖാലിദ് റഹ്മാന്, തല്ലുമാല (ഇന്ത്യ/മലയാളം/2022/147”), ആഷിക് ഉസ്മാന് പ്രൊഡക്ഷന്‍സ്, പ്ലാന്‍ ബി മോഷന്‍ പിക്ചേര്‍സ്.
ചിദംബരം, മഞ്ഞുമ്മല്‍ ബോയ്സ് (ഇന്ത്യ/മലയാളം/2024/135”), പറവ ഫിലിംസ്.
ജിതിന്. എം. സി., സൂക്ഷ്മദര്‍ശിനി (ഇന്ത്യ/മലയാളം/2024/143”), എ വി എ പ്രൊഡക്ഷന്‍സ്, ഹാപ്പി അവര്‍ എന്റര്ടൈന്മെന്റ്സ്.
ജിസ് ജോയ്, ഇന്നലെ വരെ (ഇന്ത്യ/മലയാളം/2022/136”), സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ്.
ജീത്തു ജോസഫ്, കൂമന് (ഇന്ത്യ/മലയാളം/2022/153”), മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ്.
ജീത്തു ജോസഫ്, 12th MAN (ഇന്ത്യ/മലയാളം/2022/163”), ആശിര്‍വാദ് സിനിമാസ്.
ജൂഡ് ആന്റണി ജോസഫ്, 2018 (ഇന്ത്യ/മലയാളം/2023/148”), കാവ്യാ ഫിലിം കമ്പനി, പി കെ പ്രൈം പ്രൊഡക്ഷന്‍.
ജോഷി, ആന്റണി (ഇന്ത്യ/മലയാളം/2023/146”), ഐന്സ്റ്റീന് മീഡിയ, നെക്സല്‍ സ്റ്റുഡിയോസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്.
ഡോണ്‍ പാലത്തറ, ഫാമിലി (ഇന്ത്യ/മലയാളം/2024/111”), ന്യൂട്ടണ്‍ സിനിമ.
ദിലീഷ് പോത്തന്, ജോജി (ഇന്ത്യ/മലയാളം/2021/113”), ഭാവനാ സ്റ്റുഡിയോസ്, വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ്.
നാദിര്‍ഷാ, ഈശോ (ഇന്ത്യ/മലയാളം/2022/107”), അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സ്.
പ്രജേഷ് സെന്‍, വെള്ളം (ഇന്ത്യ/മലയാളം/2021/154”), ഫ്രന്‍ലി പ്രൊഡക്ഷന്‍സ് എല്‍ എല്‍ പി.
മജു, അപ്പന് (ഇന്ത്യ/മലയാളം/2022/129”), ടൈനി ഹാന്‍ഡ്സ് പ്രൊഡക്ഷന്‍സ്.
മനു വാര്യര്‍, കുരുതി (ഇന്ത്യ/മലയാളം/2021/122”), പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
മിഥുന് മാനുവല്‍ തോമസ്, അബ്രഹാം ഓസ്ലര് (ഇന്ത്യ/മലയാളം/2024/144”), നേരമ്പോക്ക് മാനുവല്‍ മൂവി മേക്കേര്‍സ്.
രഞ്ജിത്ത്. ടി. വി., ഒരു സര്‍ക്കാര്‍ ഉല്പന്നം (ഇന്ത്യ/മലയാളം/2024/115”), ഭവാനി പ്രൊഡക്ഷന്‍സ്.
രതീഷ് ബാലകൃഷ്ണപ്പൊതുവാള്‍, ന്നാ താന്‍ കേസ് കൊട് (ഇന്ത്യ/മലയാളം/2022/139”), എസ് ടി കെ ഫ്രെയിംസ്, കുഞ്ചാക്കോ ബോബന് പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേര്‍സ്.
രത്തിന, പുഴു (ഇന്ത്യ/മലയാളം/2022/115”), വേഫേറര്‍ ഫിലിംസ്, സിന്–സില് സെല്ലുലോയ്ഡ്.
വിപിന്‍ ദാസ്, ഗുരുവായുരമ്പലനടയില്‍ (ഇന്ത്യ/മലയാളം/2024/135”), പൃഥ്വിരാജ് പ്രൊഡക്ഷ ന്‍സ്, ഇ ഫോര്‍ എന്റര്‍ടൈമെന്റ്.
വിപിന്‍ ദാസ്, ജയ ജയ ജയ ജയഹേ (ഇന്ത്യ/മലയാളം/2022/145”), ചിയേര്‍സ് എന്റര്ടൈന്മെന്റ്സ്.
വിഷ്ണു വിനയ്, ആനന്ദ് ശ്രീബാല (ഇന്ത്യ/മലയാളം/2024/134”), ആന്‍ മെഗാ മീഡിയ, കാവ്യാ ഫിലിം കമ്പനി.
ശ്രുതി ശരണ്യം, ബി 32 മുതല്‍ 44 വരെ (ഇന്ത്യ/മലയാളം/2023/108”), കേരള സംസ്ഥാന ചലച്ചിത്രവികസന കോര്പ്പറേഷന്.
നജ മെഹ്ജബിൻ കെ.ബി.
ഗവേഷക, മലയാളവിഭാഗം,
കേരളസർവകലാശാല, കാര്യവട്ടം
email: najamehjabin@gmail.com
Mob: 9526663404
Copyright © 2026 | WordPress Theme by MH Themes

Good 👍🌹
നന്നായി ട്ടുണ്ട്