» ഡോ. വിഷ്ണു രാജ് പി.
ID: MRK0005
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
പുതുമലയാളസിനിമയുടെ ആവിഷ്കാര വൈവിധ്യതകളെ വിലയിരുത്തുകയാണ് ഈ പഠനത്തിൽ. ഗിരീഷ് എ.ഡി. എന്ന സംവിധായകന്റെ സിനിമകളെ ആധാരമാക്കിയാണ് ഈ പഠനം ക്രമപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓരോ സിനിമയും വിദ്യാർത്ഥികളുടെയും യുവതയുടെയും അനുഭവലോകത്തെ റിയലിസ്റ്റിക്കായി അവതരിപ്പിച്ചിരിക്കുന്നു. കാണികളെ രസം പിടിപ്പിക്കുന്ന തമാശകളും കൗമാര–യൗവനങ്ങളുടെ ജീവിതനിമിഷങ്ങളും ഗിരീഷ് എ.ഡി.യുടെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. പ്രമേയപരിചരണവും ആഖ്യാനരീതിയുമടക്കം സിനിമയുടെ പദ്ധതികളെ നവഭാവുകത്വം എപ്രകാരം അടയാളപ്പെടുത്തുന്നുവെന്ന അന്വേഷണം ഇവിടെ നടത്തുന്നു. ക്യാമറയുടെ കോണുകൾ സൃഷ്ടിക്കുന്ന ആശയാവലികൾ, ഓരോ സന്ദർഭവും പകർത്തുന്ന ഷോട്ടിന്റെ രീതി, എഡിറ്റിംഗ് തന്ത്രങ്ങൾ, സ്പൂഫിങ്, കഥാപാത്രത്തിന്റെ സ്വാഭാവികമായ അവതരണശൈലികൾ എന്നിങ്ങനെ സിനിമയുടെ അനുഭൂതിയെ ഉത്പാദിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിക്കുന്ന സാങ്കേതികവും സൗന്ദര്യശാസ്ത്രപരവുമായ വസ്തുതകളെ ഈ പ്രബന്ധം വിശകലനം ചെയ്യുന്നു.
താക്കോൽ വാക്കുകൾ
ചലച്ചിത്രഭാഷ, ജനപ്രിയസിനിമ
ആമുഖം
നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന സമീപനങ്ങളുടെ സാംസ്കാരികസന്ദർഭമാണ് കലയുടേത്. ദൃശ്യകലാപഠനങ്ങളിൽ ചലച്ചിത്രം ഒരു മുഖ്യവിഷയമായി പലനിലകളിൽ കടന്നുവരുന്നുണ്ട്. ബഹുജനസ്വാധീനമുള്ള മാധ്യമം എന്നതിലുപരിയായി സാംസ്കാരിക പ്രതിനിധാനങ്ങളുടെ രാഷ്ട്രീയത്തെ തിരിച്ചറിയാനുള്ള ഉപാധിയായി ചലച്ചിത്രമെന്ന വ്യവഹാരം നിലകൊള്ളുന്നു. അതുകൊണ്ടുതന്നെ കലാപഠനങ്ങളുടെ പുതിയ പരിപ്രേക്ഷ്യത്തിൽ സിനിമയെന്ന ദൃശ്യപ്രതിനിധാനത്തിന്റെ വൈവിധ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. ചലച്ചിത്രം എന്ന മാധ്യമത്തെ സംബന്ധിച്ച് പല നിലകളിൽ കലയും വാണിജ്യവും സവിശേഷമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ഓരോ കാലയളവിലും ഉണ്ടാകുന്ന സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പരിണാമങ്ങൾ സിനിമയുടെ ഭാവുകത്വവ്യതിയാനത്തിന് കാരണമാകുന്നുണ്ട്.
സമകാലികമലയാളസിനിമയിലെ ജനപ്രിയതയുടെ ആഖ്യാനവഴക്കങ്ങളെ മുൻനിർത്തിയുള്ള അന്വേഷണമാണ് ഈ പഠനം. സമീപകാലത്ത് മലയാളസിനിമയിൽ ശ്രദ്ധേയവിജയം നേടിയ തണ്ണീർമത്തൻ ദിനങ്ങൾ (2019), സൂപ്പർ ശരണ്യ (2022), പ്രേമലു (2024) എന്നീ ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തുന്നത്. പുതുതലമുറയുടെ വിനിമയവിചാരങ്ങളോട് ചേർന്നുനിൽക്കുന്ന രചനാപദ്ധതികളാണ് മേൽപ്പറഞ്ഞ സിനിമകളുടെ രസതന്ത്രം. ഗിരീഷ് എ.ഡി. എന്ന സംവിധായകൻ അണിയിച്ചൊരുക്കിയ ഈ സിനിമകൾ നവമലയാളസിനിമയുടെ ജനപ്രിയധാരയെ പ്രതിനിധാനം ചെയ്യുന്നു. പ്രമേയത്തിന്റെയും ആഖ്യാനരീതിയുടെയും പ്രകടനങ്ങളുടെയും രീതിഭേദങ്ങൾ കൊണ്ട് പുതുസിനിമയുടെ വ്യാകരണം ചമയ്ക്കാൻ ഇത്തരം സിനിമകൾക്ക് കഴിയുന്നുവെന്നതാണ് പ്രബന്ധത്തിന്റെ അടിസ്ഥാനവാദഗതി.
ജനപ്രിയസിനിമയുടെ സാംസ്കാരികരാഷ്ട്രീയം
ലോകസിനിമയുടെ വികാസപരിണാമങ്ങളിൽ പ്രസ്ഥാനസ്വഭാവത്തിൽ പല ഗണങ്ങൾ സിനിമയിൽ വന്നുപോകുമ്പോഴും ജനപ്രിയതയുടെ മാപിനികൾ സിനിമയുടെ നെടുംതൂണായി വർത്തിച്ചു. ആവിർഭാവകാലം മുതലേ ചലനചിത്രം വിനോദോപാധിയായി വ്യവഹരിച്ചിരുന്നു. കച്ചവടമെന്ന ആശയത്തിന് ഉപോൽബലകമായിട്ടാണ് വിനോദവ്യവസായം പരുവപ്പെടുന്നത്. അതുകൊണ്ടുതന്നെ വാണിജ്യപരമായ ഘടകങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണ്ണായകമായി മാറി. അതായത്, സിനിമാചരിത്രത്തിന്റെ അടിപ്പടവായി നിൽക്കുന്ന സമീപനമാണ് ജനപ്രിയതയുടേത്.
ന്യൂസ്റീലിൽ തുടങ്ങി റിയലിസ്റ്റിക്, നിയോറിയലിസ്റ്റിക്, ആർട്ട് എന്നിങ്ങനെ പല ചരിത്രഘട്ടങ്ങളിലൂടെ സിനിമ കടന്നുപോകുമ്പോഴും വിനോദമെന്ന ആകർഷണമൂലകം സിനിമയുടെ സ്വീകാര്യത വർധിപ്പിച്ചു. വ്യത്യസ്തഗണങ്ങളിൽ ബഹുജനഹിതകരമായ മട്ടിലാണ് ജനപ്രിയസിനിമകൾ നിലകൊള്ളുന്നത്. ഒരു ഉൽപ്പന്നമെന്നനിലയിൽ വിപണിയെ കേന്ദ്രീകരിച്ചുകൊണ്ട് രൂപംകൊള്ളുന്ന വ്യവസ്ഥകൾ പ്രവർത്തിക്കുന്നതാണ് ജനപ്രിയസിനിമ. സിനിമയുടെ ആഖ്യാനവും സൗന്ദര്യശാസ്ത്രവും വിനോദമൂല്യത്തിനെ കേന്ദ്രീകരിച്ചും സാമ്പത്തികമായ താല്പര്യത്തിന് അനുഗുണമായും പ്രവർത്തിക്കുന്നുവെന്ന് പറയാം. ഇതിൽതന്നെ പലതരം ഉൾപ്പിരിവുകളും അവാന്തരഘടകങ്ങളും അടങ്ങിയിട്ടുണ്ട്. സാമ്പത്തികമായ നേട്ടമാണ് (box office) പ്രധാനഘടകം. സാമ്പത്തികവിജയം നേടുന്ന എല്ലാ ചിത്രങ്ങളും കച്ചവടച്ചേരുവകൾ മാത്രമുള്ള സൃഷ്ടികളാണെന്ന് പറയാവതല്ല. ജീവിതഗന്ധിയായ സിനിമകളും ഇക്കൂട്ടത്തിൽ കാണാം. കലാമൂല്യങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള സിനിമയുടെ അടയാളപ്പെടുത്തലുകൾക്ക് അപരമായി രൂപംകൊള്ളുന്ന വാണിജ്യപ്രധാനമായ ഒരു ധാരണയെ നിർവചിച്ചത് മൂലധനവ്യവസ്ഥയും മാധ്യമങ്ങളും ചേർന്നാണ്.
ജനപ്രിയസംസ്കാരത്തിന്റെ നിർവചനങ്ങൾ മൂലധനവിപണിവ്യവസ്ഥയ്ക്കുള്ളിലാണ്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ പകുതിയോടെ ജനപ്രിയസംസ്കാരത്തെക്കുറിച്ചുള്ള സൈദ്ധാന്തികപഠനങ്ങൾ ആരംഭിക്കുന്നുണ്ട്. മാത്യു അർനോൾഡിന്റെ (Mathew Arnold) സംസ്കാരവും അരാജകത്വവും എന്ന പുസ്തകത്തിലെ ആശയങ്ങളാണ് ജനപ്രിയസംസ്കാരചർച്ചകൾ സജീവമാക്കിയത്. ഒരു കാലഘട്ടത്തിലെ വിശ്വാസം, പെരുമാറ്റരീതികൾ, ആചാരാനുഷ്ഠാനങ്ങൾ, ആഘോഷങ്ങൾ, കലാസാങ്കേതികവിദ്യകൾ തുടങ്ങി പലതരം ജീവിതവ്യവഹാരങ്ങളെ സംസ്കാരം എന്ന പരികല്പനയിൽ സാമൂഹ്യശാസ്ത്രം പൊതുവായി വിലയിരുത്തുന്നു. ചുറ്റുപാടുകളെ മാത്രം ആശ്രയിച്ചുള്ള ജീവിതത്തിൽ നിന്നും സാഹചര്യങ്ങളെ സ്വന്തം ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തി മുന്നേറുന്ന അവസ്ഥയായും മനുഷ്യന്റെ പരിണാമമായും സംസ്കാരത്തെ സാമൂഹ്യശാസ്ത്രം മനസ്സിലാക്കുന്നുണ്ട് (Encyclopaedia Britannica,Vol3:290).
സംസ്കാരത്തിനും ജനപ്രിയതയ്ക്കും തമ്മിൽ സവിശേഷമായ ബന്ധമുണ്ട്. സംസ്കാരത്തിന്റെ ചരിത്രപരമായ വിശകലനങ്ങളിൽ ഈ ബന്ധത്തിന്റെ സൂചനകൾ പല നിലകളിൽ സൈദ്ധാന്തികർ വിശദീകരിക്കുന്നുണ്ട്. സംസ്കാരത്തെക്കുറിച്ചുള്ള മാർക്സിൻ വീക്ഷണത്തിന്റെ പ്രശ്നമണ്ഡലങ്ങളെ തുറന്നുകാട്ടിക്കൊണ്ട് തിയഡോർ അഡോണോ (Theodor Adorno), ഹെർബത് മാർക്യുസ് (Herbert Marcuse), മാക്സ് ഹോക് ഹെമർ (Max Horkheimer) തുടങ്ങിയ ചിന്തകര് ഫ്രങ്ക്ഫർട്ട് സ്കൂൾ കേന്ദ്രീകരിച്ച് പുതിയ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. അതിനെത്തുടർന്ന് സംസ്കാരത്തിൽ തന്നെ മേൽ/കീഴ് വിഭജനങ്ങൾ എന്ന മട്ടിൽ വിശകലനം സാധ്യമാക്കിക്കൊണ്ട് സംസ്കാരപഠനം കൂടുതൽ രാഷ്ട്രീയപരമായിത്തീർന്നു. പിന്നീട് ഉന്നതസംസ്കാരം, ജനപ്രിയസംസ്കാരം എന്നീ വർഗീകരണങ്ങൾ പ്രബലമായി. ഉപഭോഗസംസ്കാരം എന്ന ആശയാവലി കമ്പോളകേന്ദ്രീകൃതമായ സാമൂഹികരൂപീകരണസൂചനകൾ മുന്നോട്ടുവച്ചു. സമഗ്രമായ ജീവിതശൈലി എന്ന മട്ടിൽ സംസ്കാരത്തെ റെയ്മണ്ട് വില്യംസ് നിർവചിച്ചുകൊണ്ട് ജനപ്രിയസംസ്കാരത്തിന്റെ പഠനശാഖയെ കൂടുതൽ വിപുലമാക്കി. ദൃശ്യമാധ്യമസംസ്കാരവുമായി ബന്ധപ്പെട്ട് വേഗംതന്നെ ജനപ്രിയസംസ്കാരം പുതിയ ആശയലോകങ്ങളെ ഉൾക്കൊണ്ടു. “കാഴ്ചയുടെ കോയ്മ ഇന്ദ്രിയങ്ങളുടെ ഒരു ശ്രേണിയെ സൃഷ്ടിക്കുന്നു എന്നുമാത്രമല്ല മറ്റെല്ലാ ഇന്ദ്രിയങ്ങളുടെയും മേൽക്കാഴ്ചയുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു” എന്ന് സാംസ്കാരികവിമർശകനായ ടി.കെ.രാമചന്ദ്രൻ (2002:24) വിലയിരുത്തുന്നുണ്ട്. കാഴ്ചാസംസ്കാരത്തിന് പുതിയകാലത്ത് വന്നിട്ടുള്ള നിർണയനശേഷിയെ കുറിച്ചുള്ള ചിന്തയാണ് ഇവിടെ കാണുന്നത്. പിയറി ബോർദ്യുവിനെ (Pierre Bourdieu) പോലെയുള്ള പഠിതാക്കൾ സംസ്കാരത്തെ സാംസ്കാരികമൂലധനവുമായി (Cultural Capital) ബന്ധപ്പെട്ടാണ് വിശദീകരിക്കുന്നത്. അതായത്, ഈ ജ്ഞാനമണ്ഡലത്തിൽ ബഹുവിധമായ മേഖലകൾ സംഘടിതമായി പ്രവർത്തിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണം.
സാമൂഹികജീവിതത്തിന്റെ സമഗ്രതയുടെ ആശയാവലികളുമായി ബന്ധപ്പെട്ടാണ് റെയ്മണ്ട് വില്യംസ് ജനപ്രിയസംസ്കാരത്തെ പരിശോധിക്കുന്നത്. പ്രസ്ഥാനാതീതമായി സംഭവിക്കുന്ന ചരിത്രപരമായ സാമൂഹികവികസനത്തിന്റെ ഭാഗമായിട്ടുകൂടി ജനപ്രിയതയുടെ പരിണാമത്തെ മനസ്സിലാക്കേണ്ടതുണ്ട്. സ്ട്രക്ചർ ഓഫ് ഫീലിംഗ് അഥവാ അനുഭവങ്ങളുടെ ഘടന എന്ന ആശയം സംസ്കാരപഠനത്തിൽ വില്യംസ് ഉപയോഗിക്കുന്നുണ്ട്1. ഒരു കാലഘട്ടത്തിലെ ജനങ്ങളുടെ അനുഭവങ്ങളെയും വികാരങ്ങളെയും അടിസ്ഥാനമാക്കിയുള്ള സങ്കല്പനമാണിത്. വിപണിമാനദണ്ഡങ്ങളും കാഴ്ചക്കാരുടെ അഭിരുചികളും തമ്മിലുള്ള ബഹുമുഖബന്ധം കൂടി ജനപ്രിയതയുടെ രൂപീകരണത്തിൽ ഇടപെടുന്നുണ്ട്. സവിശേഷമായ കാലസന്ദർഭത്തിൽ ബഹുഭൂരിപക്ഷം വരുന്ന ആൾക്കൂട്ടം ആഘോഷിക്കപ്പെടുന്ന കഥകളോ കഥാസന്ദർഭങ്ങളോ കഥാപാത്രങ്ങളോ ജനപ്രിയതയുടെ സൗന്ദര്യപദ്ധതിയിൽ നിർണായകമാണ്.
ബഹുജനസ്വാധീനമുള്ള ചലച്ചിത്രം എന്ന ആവിഷ്കാരരൂപത്തിൽ സംസ്കാരത്തിന്റെ അടയാളങ്ങൾ പ്രബലമാണ്. അതുകൊണ്ടുതന്നെ സാംസ്കാരികവായനയുടെ വിഭിന്നമായ സാധ്യതകൾ സിനിമ തുറന്നുവയ്ക്കുന്നുണ്ട്. ഓരോ കാലയളവിലും രൂപംകൊള്ളുന്ന സാംസ്കാരികയുക്തികളുടെ പല നിലകളിലുള്ള പ്രതിഫലനം എന്നമട്ടിൽ സിനിമ നിലക്കൊള്ളുന്നു. പ്രത്യയശാസ്ത്രം, ശരീരം, ലൈംഗികത, ലിംഗപരത, പ്രതിനിധാനങ്ങൾ തുടങ്ങി സിനിമയുടെ കാഴ്ചയനുഭവങ്ങൾ മുന്നോട്ടുവയ്ക്കുന്ന വ്യത്യസ്തധാരകളുടെ ബലതന്ത്രങ്ങൾ കണ്ടെത്തുന്നതിനായി ജനപ്രിയസംസ്കാരപഠനത്തിന്റെ മാനദണ്ഡങ്ങൾ ചലച്ചിത്രത്തിൽ പ്രയോഗിക്കുന്നുണ്ട്.
സിനിമയുടെ സൈദ്ധാന്തികമായ ആലോചനകളും വ്യത്യസ്ത സാമൂഹികസിദ്ധാന്തങ്ങളും ചേർന്ന് ജനപ്രിയതയുടെ അനുരണനങ്ങൾ പ്രതിഫലിപ്പിക്കുന്ന സവിശേഷ ജ്ഞാനമേഖലയായി ചലച്ചിത്രം മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അതതുകാലങ്ങളിലെ സാംസ്കാരിക പ്രതിനിധാനങ്ങളുടെ സൂചനകളും അടയാളങ്ങളും ജനപ്രിയതയുടെ വാക്യങ്ങളായി സിനിമയിലും കടന്നുവരുന്നു. ഈ അടയാളങ്ങൾ ലളിതമായ യുക്തികളിലൂടെയും തമാശകളിലൂടെയും മറ്റുമാണ് ചലച്ചിത്രപാഠങ്ങളിൽ വ്യവഹരിക്കപ്പെടുന്നത്. അത്തരം വിചിന്തനങ്ങൾ സിനിമയുടെ സാംസ്കാരികവായനകളിൽ പ്രധാനമായി മാറുന്നു. സാഹസികത, റൊമാൻസ്, ഹാസ്യം തുടങ്ങിയവ ഉൾപ്പെടുത്തുന്നതിലൂടെ സിനിമകൾ മികച്ച വിനോദോപാധിയായി മാറുന്നു. അതേപോലെതന്നെ കാഴ്ചക്കാർക്ക് രസിക്കുന്ന മട്ടിലുള്ള അനുഭവം നൽകുന്ന സിനിമകളും ജനപ്രിയസിനിമകളുടെ സ്വഭാവത്തെ നിർണയിക്കുന്നു.
മലയാളസിനിമയും ജനപ്രിയതയും
മലയാളസിനിമയെ സംബന്ധിച്ചിടത്തോളം ജീവിതനൗക (1951) എന്ന ചിത്രത്തിന്റെ സാമ്പത്തികവിജയം വാണിജ്യപരമായ ഫോർമുലകൾ തിരിച്ചറിയാൻ കാരണമായി. പിന്നീട് കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന പാറ്റേണുകളിൽ സിനിമകൾ നിർമ്മിക്കപ്പെട്ടു. സർവ്വഗുണസമ്പന്നനും വിജയശ്രീലാളിതനായി മാറുന്നവനുമായ നായകനും തിന്മയുടെ മാത്രം ഇടങ്ങളെ അവശേഷിപ്പിക്കുന്ന വില്ലന്മാരും അടക്കവും ഒതുക്കവും പ്രകടിപ്പിക്കുന്ന കുലീനതയുടെ പ്രതീകമായ നായികാസ്ഥാനങ്ങളും ചേർന്ന് മലയാളസിനിമയുടെ ജനപ്രിയതയെ പടുത്തുയർത്തി.
സാഹിത്യബന്ധങ്ങൾ കൂടെ ഉണ്ടാകുമ്പോഴും അറുപതുകളിലെ അനുരൂപണസിനിമകളുടെ കുത്തൊഴുക്കിൽ രൂപമെടുത്ത ചിത്രങ്ങളും ജനപ്രിയതയുടെ സമവാക്യങ്ങളെ പിൻപറ്റി. എഴുപതുകളിലും എൺപതുകളിലും കലാപരതയും വാണിജ്യപരതയും സവിശേഷമായ രീതിയിൽ കൈകോർക്കുന്ന കാഴ്ചകളും മലയാളസിനിമയുടെ ചരിത്രത്തിന്റെ ഭാഗമാണ്. പിന്നീട് വരുന്ന താരനിർമ്മിതിയുടെ രാഷ്ട്രീയവും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുടെ കടന്നുവരവും കോടിക്ലബ്ബുകളുടെ കുത്തൊഴുക്കും കേരളത്തിലെ ചലച്ചിത്രവ്യവസായത്തിന്റെ സാംസ്കാരികസന്ദർഭങ്ങളെ നിർണ്ണയിച്ചു. അതേസമയം തന്നെ കലാമൂല്യത്തിനും മനുഷ്യജീവിതത്തിന്റെ ചുറ്റുപാടുകളിലേക്ക് നോട്ടങ്ങളെ തിരിച്ചു വിടുന്ന ചിത്രങ്ങളും സിനിമയുടെ കലാത്മകതയ്ക്ക് മുതൽക്കൂട്ടായി വന്നു. വിവിധ ഗണങ്ങളിൽ ധാരാളം സിനിമകൾ പിറവിയെടുത്തതോടെ മലയാളിയുടെ തിരക്കാഴ്ചയ്ക്ക് കൂടുതൽ തുറവികൾ കൈവന്നു. കുടുംബകഥകളും സാഹസികകഥകളും ഹാസ്യപ്രധാനമായ പ്രമേയങ്ങളും മൃദുരതിചിത്രങ്ങളും കുറ്റാന്വേഷണസ്വഭാവമുള്ള സിനിമകളുമെല്ലാം ചേർന്ന് ജനപ്രിയതയുടെ പ്രമേയശരീരത്തെ പ്രബലമാക്കി. അതോടൊപ്പംത്തന്നെ ചടുലമായ അവതരണവും പാട്ടുകളും നൃത്തവും എല്ലാം സിനിമയുടെ പോപ്പുലാരിറ്റിയെ നിർവ്വചിച്ചു. അങ്ങനെ പ്രമേയത്തോടൊപ്പം ആഖ്യാനപാതയിലൂടെയും അഭിനേതാക്കളുടെ ഇടപെടലുകളിലൂടെയുമൊക്കെ വാണിജ്യവിജയസമവാക്യങ്ങൾ വ്യവസ്ഥപ്പെട്ടു.
ഹിറ്റുകളുടെ ഒഴുക്കിൽ അഭിനേതാക്കൾ താരങ്ങളായി പരിണമിച്ചു. പ്രമേയവും പരിചരണവും താരങ്ങളെ ചുറ്റിത്തിരഞ്ഞു. രണ്ടായിരാമാണ്ടോടുകൂടി ആഖ്യാനമണ്ഡലത്തിലും വിഷയസ്വീകരണങ്ങളിലും പുതുമകൾ കൊണ്ടുവരാൻ ശേഷിയുള്ള ചിത്രങ്ങൾ പുറത്തുവരാൻ തുടങ്ങി. ഒ.ടി.ടി. കൂടി ഇടം തുറന്നിടുമ്പോൾ ഈ ശ്രമങ്ങൾ കൂടുതൽ വിപുലമായി. അതോടെ ലോകസിനിമയുടെ ഭൂപടത്തിൽ മലയാളസിനിമ കൂടുതൽ കാഴ്ചക്കാരെ കണ്ടെത്തി. പുതുമയുള്ള അന്യഭാഷാചിത്രങ്ങൾ കേരളക്കരയിലും വിജയം വരിച്ചു. വന് മുടക്കുമുതല് വേണ്ടിവരുന്ന ചിത്രങ്ങളുടെ വരുമാനം പലപ്പോഴും താരങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാണ് നിലകൊള്ളുന്നത്. അന്യഭാഷകളിലേക്കുള്ള മൊഴിമാറ്റവും ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനങ്ങളും മലയാളസിനിമയുടെ വാണിജ്യപരതയെ നിർണയിച്ചു. മലയാളത്തിലെ പുതിയസിനിമകൾ കൈവരിക്കുന്ന സാമ്പത്തികവിജയങ്ങൾ ജനപ്രിയതയുടെ അനുഭവചരിത്രത്തെ തന്നെ ഉടച്ചുവാർക്കുന്നു.
സാമ്പത്തികമായി വൻനേട്ടങ്ങൾ കൊയ്തെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ന് മലയാളസിനിമ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. 2023 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാലുമാസകാലയളവിൽ ആയിരം കോടിയോളം മൊത്തവരുമാനം മലയാളസിനിമ കൈവരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. 2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർഡിഎക്സ്, നേര് എന്നീ വിജയചിത്രങ്ങൾ വന്ന 2023ൽ 500 കോടിയോളം രൂപയായിരുന്നു മലയാളസിനിമയുടെ വരവ്. എന്നാൽ 2024ൽ ആറുമാസംകൊണ്ട് വെറും എട്ട് സിനിമകളിലൂടെയാണ് ആയിരം കോടിയിലേക്ക് എത്തിയതെന്ന് എ.ചന്ദ്രശേഖർ (2024:10) സൂചിപ്പിക്കുന്നു. പ്രധാനമായും ഇതിനാധാരമായി വർത്തിച്ചത് പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം, ആവേശം തുടങ്ങിയ ചിത്രങ്ങളാണ്.
പ്രമേയത്തിന്റെ അവതരണരീതികൊണ്ട് സ്വീകാര്യത നേടിയ ഈ സിനിമകൾ തീയേറ്ററുകളിൽ കാണികളെ നിറച്ചു. ബ്ലാക്ക് ആൻഡ് വൈറ്റ് കളർടോൺ ഗണത്തിൽ ഉൾപ്പെടുന്ന വ്യത്യസ്ത സമീപനരീതികൾ പുലർത്തിയ ചിത്രമായിരുന്നു രാഹുൽ സദാശിവന്റെ ഭ്രമയുഗം. കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും ഈ സിനിമയെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതേപോലെതന്നെ യുവസംവിധായകനായ ചിദംബരം അണിയിച്ചൊരുക്കിയ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രവും പണംവാരുന്ന ഹിറ്റുകളുടെ കൂട്ടത്തിൽ മുൻപന്തിയിൽ വരുന്നു. കഥയുടെ പശ്ചാത്തലത്തിൽ ഉള്ള കമൽഹാസന്റെ ഗുണ എന്ന ചിത്രത്തിന്റെ റഫറൻസും ‘കണ്മണി അൻപോട്’ എന്ന ഗാനത്തിന്റെ സാധ്യതകളും കൊടൈക്കനാലിന്റെ ലൊക്കേഷനുകളുമെല്ലാം ചേർന്ന് തമിഴ്നാട്ടിലും ഈ ചിത്രത്തിന് വൻ പ്രേക്ഷകപ്രീതി ലഭിച്ചു. അതേപോലെതന്നെ വിനീത് ശ്രീനിവാസിന്റെ ‘വർഷങ്ങൾക്കുശേഷം’ എന്ന ചിത്രവും ബ്ലെസ്സിയുടെ ‘ആടുജീവിത’വും വലിയ നിലയിൽ പ്രേക്ഷകപ്രീതിയും പണവും നേടി. ജിത്തു മാധവന്റെ ഫഹദ് ഫാസിൽ ചിത്രമായ ‘ആവേശ’വും മലയാളസിനിമയുടെ ആവേശത്തിരയിളക്കത്തിന്റെ പങ്കാളിയായി മാറി. ചുരുക്കത്തിൽ, മലയാളസിനിമ കടന്നുപോയ സാമ്പത്തികവിജയങ്ങളിൽ വ്യത്യസ്തഗണങ്ങളിൽ ഉള്ള സിനിമകൾ, വൈവിധ്യമാർന്ന വിഷയങ്ങളുടെ സാന്നിധ്യം സൂപ്പർതാരങ്ങൾ സങ്കൽപ്പങ്ങളെ അട്ടിമറിച്ച പ്രകടനസാക്ഷ്യങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന ചേരുവകളിലൂടെയാണ് സിനിമ തിയേറ്ററുകളിലേക്ക് ആളുകളെ എത്തിച്ചത്.
ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെയും ആടുജീവിതത്തിലെ പൃഥിരാജിന്റെയും ആവേശത്തിലെ ഫഹദ്ഫാസിലിന്റെയും അനിതരസാധാരണമായ പ്രകടനങ്ങൾ താരപരിവേഷത്തോടൊപ്പം എടുത്തുപറയേണ്ടതാണ്. ക്രാഫ്റ്റിന്റെ മേന്മ കൂടിയായപ്പോൾ സിനിമയുടെ പകിട്ട് വർദ്ധിച്ചു. മഞ്ഞുമ്മല് ബോയ്സിലും സൗബിനടക്കമുള്ള മുഖ്യധാരാനടന്മാർ ഉണ്ടായിരുന്നു. സർവൈവൽ ഡ്രാമയുടെ അനുഭൂതികളെ ആഴത്തിൽ മാർക്ക് ചെയ്യാൻ ഈ പടത്തിന് സാധിച്ചു. ഈ പറഞ്ഞ ചിത്രങ്ങളിലെല്ലാം താരമൂല്യത്തിന്റെ അലയൊലികൾ പ്രകടമാണ്. എന്നാൽ ഹിറ്റുകളുടെ പരമ്പരക്ക് തുടക്കമിട്ട പ്രേമലു, താരപ്പകിട്ടുകളില്ലാതെ യുവതയുടെ കഥപറഞ്ഞു വിജയിച്ച ചിത്രമാണ്. ഗിരീഷ് എ.ഡി.യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ സിനിമ യുവതയുടെ പ്രണയവും പ്രതിസന്ധികളും രസകരമായി അവതരിപ്പിച്ചു. മലയാളസിനിമയിലെ യുവനിര അഭിനേതാക്കൾ ഒരുമിച്ച ചിത്രമാണ് പ്രേമലു. തിയേറ്ററിൽ ചിരി പടർത്തിക്കൊണ്ട് മികച്ച പ്രേക്ഷകപ്രതികരണത്തോടെ ബോക്സ് ഓഫീസിലും മറ്റും വലിയ വിജയങ്ങൾ പ്രേമലുവിന് നേടാനായി.
ജനപ്രിയതയുടെ ആഖ്യാനവഴികൾ
വിനോദപ്രധാനമായ ഘടകങ്ങളെ കോർത്തിണക്കിക്കൊണ്ട് സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രങ്ങളാണ് തണ്ണീർമത്തൻ ദിനങ്ങൾ (2019), സൂപ്പർശരണ്യ (2022), പ്രേമലു (2024) എന്നിവ. ഗഹനമായ പ്രമേയങ്ങളോ താരമൂല്യമുള്ള അഭിനേതാക്കളോ വൻമുടക്കുമുതലോ ഒന്നുമില്ലാതെ ലളിതമായ യുക്തിയിൽ നിർമ്മിച്ച എന്റർടൈനറുകളാണ് ഈ മൂന്നു ചിത്രങ്ങളും. കാണികളെ രസംപിടിപ്പിക്കുന്ന തമാശകളും കൗമാരയൗവനങ്ങളുടെ ജീവിതനിമിഷങ്ങളും സരസമായി പറഞ്ഞുപോകാൻ ഈ ചിത്രങ്ങളിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്. ഈ മൂന്നു ചിത്രങ്ങളിലും പൊതുവായി കുറേയധികം ഘടകങ്ങളെ കാണാൻ കഴിയും. അഭിനേതാക്കൾ, സവിശേഷമായ ചില സന്ദർഭങ്ങൾ, ഗാനങ്ങളെ ഉപയോഗിച്ചിരിക്കുന്ന രീതി, സംഭാഷണങ്ങളിലെ കൗണ്ടർ പാറ്റേണുകൾ എന്നിങ്ങനെ നീളുന്നു അവ. സംവിധായകന്റെ ആഖ്യാനരീതിയുടെ അടയാളവും തുടർച്ചയും ഈ സിനിമകൾ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം ആയ ‘വിശുദ്ധ ആംബ്രോസേ’ എന്ന ചിത്രം മുതൽ തന്നെ ഈ സിഗ്നേച്ചർ കാണാൻ കഴിയുന്നു.
തണ്ണീർമത്തൻദിനങ്ങൾ, സൂപ്പർശരണ്യ, പ്രേമലു എന്നിങ്ങനെ ഓരോ സിനിമയിലും വിദ്യാർത്ഥികളുടെയും യുവതയുടെയും അനുഭവലോകത്തെ റിയലിസ്റ്റിക്കായി അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. സ്കൂളിലെ ക്ലാസ്സിലുണ്ടായ ഒരു സംഭവത്തെ ചുറ്റിപ്പറ്റിയുള്ളതാണ് വിശുദ്ധ ആംബ്രോസേ എന്ന ഷോർട്ട് ഫിലിം. ആദ്യ ഫീച്ചർ ചിത്രമായ തണ്ണീർമത്തൻ ദിനങ്ങളിൽ പറഞ്ഞത് പ്ലസ്ടുകാലയളവിലെ കുട്ടികളുടെ സ്കൂൾജീവിതവും പ്രണയവുമൊക്കെയാണ്. രണ്ടാമത്തെ ചിത്രമായ സൂപ്പർശരണ്യയിലേക്ക് എത്തുമ്പോൾ അത് കോളേജ് കാലഘട്ടത്തിലെ പെൺകുട്ടികളുടെ ഹോസ്റ്റൽജീവിതവും പ്രണയഭാവനകളുമായി പരിണമിക്കുന്നു. മൂന്നാമത്തെ സിനിമയായ പ്രേമലുവിൽ കോളേജിൽ നിന്നും പഠിച്ചിറങ്ങി ജോലി തേടിയുള്ള യുവതയുടെ സഞ്ചാരവും അനുരാഗവും അതിജീവനപാഠങ്ങളുമാണ് കോർത്തിണക്കിയിരിക്കുന്നത്. ഒരു വാക്കിൽ/വരിയിൽ ഉള്ള കഥാപശ്ചാത്തലസൂചന ചുവടെ ചേർക്കുന്നു.
വിശുദ്ധ ആംബ്രോസേ (2017) – സ്കൂൾ കുട്ടി (5 -7 ക്ലാസ് )
തണ്ണീർമത്തൻ ദിനങ്ങൾ (2019) – പ്ലസ് ടു കാലഘട്ടം
സൂപ്പർ ശരണ്യ (2022) – കോളേജ് ജീവിതം /ഹോസ്റ്റൽ ലൈഫ്
പ്രേമലു (2024) – ക്യാമ്പസിൽ നിന്നും തൊഴിൽ ഇടത്തിലേക്ക്
സൂപ്പർതാരങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രങ്ങൾ സൂപ്പർഹിറ്റുകളായി മാറുന്നുവെന്ന കീഴ്വഴക്കത്തിനപ്പുറം സബ്ജക്റ്റിന്റെ ട്രീറ്റ്മെന്റിനനുസരിച്ച് ഹിറ്റുകൾ രൂപംകൊള്ളുന്ന പുതുസിനിമകളുടെ ചരിത്രസന്ദർഭത്തെയാണ് ഈ സിനിമകൾ അടയാളപ്പെടുത്തുന്നത്. ചിത്രങ്ങൾ ഹിറ്റുകളാകുന്നതിന്റെ പ്രധാന കാരണം അവ പിൻപറ്റുന്ന എൻറർടെയിൻമെന്റ് പാറ്റേണുകളാണ്. തണ്ണീർമത്തൻ ദിനങ്ങളിൽ യാതൊരുവിധ പ്രിവിലേജുകളുമില്ലാത്ത ജെയ്സൺ എന്ന പ്ലസ്ടുക്കാരനാണ് നായക/കേന്ദ്രസ്ഥാനത്ത് നിൽക്കുന്നത്. മാത്യു അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രം കടന്നുപോകുന്ന ഘട്ടങ്ങൾ ഏതൊരു ഓർഡിനറി പ്ലസ്ടുക്കാരനും പിന്നിട്ട മാത്രകളാണ്. എത്ര പഠിച്ചിട്ടും ഒന്നാമനാകാൻ കഴിയാത്ത, ക്ലാസിൽ ശ്രദ്ധ നേടാൻ ശ്രമിക്കുമ്പോഴെല്ലാം പരിഹാസപാത്രമാകേണ്ടി വരുന്ന ക്യാരക്ടറാണ് ജെയ്സന്റേത്. രവി പത്മനാഭൻ എന്ന അധ്യാപകൻ നിരന്തരം ജെയ്സനെ കളിയാക്കുന്നുണ്ട്. ക്രിക്കറ്റ്കളിയിലെ മോശം പെർഫോമൻസും കൂട്ടുകാരുടെ മുമ്പിൽ പലനിലകളിൽ നേരിടേണ്ടിവരുന്ന ചമ്മലുകളും അവസാനം പ്രേമം തോന്നിയ കീർത്തി നോ പറയുന്നതും പുതുതായി കൂട്ടുകൂടിയ ജാൻസി സെറ്റാകാതെ വരുന്നതും ജെയ്സണിലെ അസ്വസ്ഥതകളെ ഇരട്ടിപ്പിക്കുന്നു. കൂടാതെ ചേട്ടനും അമ്മയുമൊക്കെ അടങ്ങുന്ന ജെയ്സന്റെ വീടും വീട്ടുകാരും അവന്റെ സംഘർഷങ്ങളെ കൂടുതൽ അസ്വസ്ഥമാക്കുന്നുണ്ട്.
സമാനമായ അവസ്ഥാന്തരങ്ങളുടെ പെൺപരിവേഷമാണ് സൂപ്പർശരണ്യയിലെ ശരണ്യ. അനശ്വരരാജൻ ശരണ്യ എന്ന കഥാപത്രത്തിന്റെ ഭാവപരിണാമങ്ങളെ ഭദ്രമാക്കിയിട്ടുണ്ട് സിനിമയില്. കോളേജിലെയും ഹോസ്റ്റലിലെയും ചെറിയ റാഗിംങ്ങുകളെ ഭയക്കുകയും, പയ്യന്മാര് ക്രിക്കറ്റ്കളിക്കുന്ന നാട്ടിലെഗ്രൗണ്ടിലൂടെ ടൂവീലർ ഓടിക്കാൻ പേടിക്കുകയും ചെയ്യുന്ന പരിവേഷമാണ് ശരണ്യയ്ക്കുള്ളത്. മീനിന് തീറ്റകൊടുക്കുമ്പോൾ പാത്രത്തോടെ തീറ്റ മുഴുവൻ വെള്ളത്തിൽ വീണുപോകുന്നതും കൂട്ടുകാരിയെ തള്ളിമാറ്റി നടക്കുമ്പോൾ ദേഹത്ത് കാക്ക കാഷ്ഠിക്കുന്നതും ബ്രേക്ക് ഇടുമ്പോൾ സ്ഥിരം ബസ്സിൽ തലയിടിക്കുന്നതും താൻ എറിയുന്ന പഴത്തൊലി മാത്രം ഹോസ്റ്റലിലെ ജനൽകമ്പിയിൽ കുടുങ്ങിപോകുന്നതുമടക്കം നിരന്തരം ട്രാജഡികൾ ഏറ്റുവാങ്ങേണ്ടി വരുന്നതിന്റെ പരാതികളും പരാധീനതകളും മാത്രം പുലമ്പുന്ന പെൺകുട്ടിയാണ് ശരണ്യ.
പ്രേമലുവിലേക്കെത്തുമ്പോൾ സമാനമായ അവസ്ഥയിലൂടെയാണ് കേന്ദ്രകഥാപാത്രം കടന്നുപോകുന്നത്. അനുരാഗം തുറന്നുപറയാൻ ധൈര്യം ഇല്ലാത്ത സച്ചിനെയാണ് സിനിമ തുടക്കത്തിൽത്തന്നെ കാണിക്കുന്നത്. കോളേജിലെ അവസാനദിവസം പ്രേമം തുറന്നുപറയാൻ ധൈര്യത്തിനുവേണ്ടി മദ്യം കഴിക്കുകയും കാമുകി ഒരു ദയവുമില്ലാതെ പ്രേമം നിരസിക്കുന്നതോടെ ഛർദ്ദിച്ച് തളർന്നവശനാകുകയും ചെയ്യുന്ന സച്ചിന്റെ അവസ്ഥകളിലൂടെയാണ് സിനിമയുടെ എൻട്രി. യൂത്തിന്റെ മനോവിചാരങ്ങളെയും ആവിഷ്കാരങ്ങളെയും വളരെ രസകരമായ മട്ടിൽ അവതരിപ്പിച്ചുവെന്നതാണ് പ്രേമലുവിന്റെ മൗലികത. നസ്ലിൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ വരുന്ന ചിത്രമാണിത്. തമിഴ്നാട്ടിൽ ഒരു കോളേജിൽ നിന്നും ബിരുദം പൂർത്തിയാക്കിയശേഷം യുകെയിലേക്ക് പോകുവാൻ ആഗ്രഹിച്ചുകൊണ്ട് ഭാവി സ്വപ്നം കാണുന്ന സച്ചിൻ എന്ന വിദ്യാർത്ഥിയുടെ വേഷമാണ് നസ്ലിൻ ചെയ്യുന്നത്. റിനു എന്ന മമിത അവതരിപ്പിക്കുന്ന കഥാപാത്രം ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുന്ന പ്രായോഗികമതിയായ ചെറുപ്പക്കാരിയാണ്.
കോളേജിൽ നിന്ന് പ്രേമമൊന്നും ശരിയാകാതെ ഉപരിപഠനത്തിന്റെ വാതിലുകൾ തുറക്കപ്പെടാതെയും അസ്വസ്ഥമാർന്ന വീട്ടിൽ നിന്നും ജോലി തേടി പുറംനാട്ടിലേക്ക് പോകാൻ ശ്രമിക്കുകയാണ് സച്ചിൻ. സ്വതവേ ദുർബലനായ സച്ചിൻ, കൂട്ടുകാരന്റെ സഹായത്താലാണ് മറുനാട്ടിലെത്തി വിദേശത്തേക്ക് പോകാനുള്ള പരിശ്രമങ്ങൾ നടത്തുന്നത്. ഈ സന്ദർഭത്തിലും നിരാശാകാമുകന്റെ സ്വത്വത്തിലേക്ക് അയാൾ ഇടറിവീഴുന്നതായി കാണുന്നു. അതായത്, സാധാരണക്കാരനെന്ന് വിളിക്കപ്പെടുന്ന ഒരു മലയാളിയുടെ സ്വത്വസംഘർഷങ്ങളും പരാധീനതകളും പ്രകടമാക്കിക്കൊണ്ടാണ് സച്ചിനെന്ന കഥാപാത്രത്തെ ആഖ്യാനം ചെയ്തിരിക്കുന്നത്. പ്രേമം തോന്നുന്ന റീനുവിനോട് സംസാരിക്കാന് കിട്ടുന്ന അവസരങ്ങൾ ആദി നശിപ്പിക്കുന്നതും ഉപജീവനത്തിനായി ചിക്കൻകടയിൽ ജോലി ചെയ്യവേ മികച്ച സപ്ലയറായതിന്റെ കോഴികിരീടം വച്ച് കാമുകിക്ക് മുമ്പിൽ നിൽക്കേണ്ടിവരുന്നതും, അവളുടെ ശ്രദ്ധയാകർഷിക്കാനുള്ള ശ്രമം നിരന്തരം പരാജയപ്പെട്ട് അവസാനം അവളുടെ പരിഹാസം ഏറ്റുവാങ്ങുകയും ചെയ്യുന്ന പരിവേഷമാണ് സച്ചിന്റേത്.
ഇത്തരത്തിൽ കേന്ദ്രപാത്രസൃഷ്ടികളുടെ വിന്യാസത്തിൽ സമാനതകളേറെ കാണാം. എന്നാൽ, ഓരോ സിനിമയും അത് ചൂഴ്ന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൊണ്ടും പശ്ചാത്തലവ്യതിയാനങ്ങൾ കൊണ്ടും വേറിട്ടുനിൽക്കാൻ പ്രാപ്തമാണ്. സ്കൂൾ/കോളേജ് കാലയളവുകളിലെ നിമിഷങ്ങളിൽ സ്വാഭാവികമായുണ്ടാക്കുന്ന തമാശകളുടെ ആഖ്യാനങ്ങളാണ് ഗിരീഷിന്റെ ക്രാഫ്റ്റില് അനുഭവിക്കാന് കഴിയുന്നത്. സിനിമകളുടെ മറ്റൊരു പ്രത്യേകത വളരെ നൈസർഗികമായി ഉടലെടുക്കുന്ന സംഭാഷണങ്ങളും കൗണ്ടറുകളുമാണ്. സാധാരണഗതിയിൽ ഓരോ സന്ദർഭത്തിലും നടത്തുന്ന വർത്തമാനം പോലെ തോന്നിപ്പിക്കുന്ന ഓർഗാനിക്കായ സംഭാഷണങ്ങൾ സിനിമയുടെ ജീവനാഡിയായി മാറിയിട്ടുണ്ട്. പ്രേമലു ചെന്നൈ പോലുള്ള നഗരങ്ങളിൽ മാത്രമല്ല; ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ വരെ മലയാളസിനിമയുടെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞ ചിത്രമാണ്.
ജനപ്രിയതയുടെ സമവാക്യങ്ങളെ രൂപപ്പെടുത്തുന്നതിലെ മറ്റൊരു സുപ്രധാന ഘടകം സിനിമയുടെ കഥാംശവുമായി ഇഴുകിച്ചേർന്ന് വിപുലമാകുന്ന ഗാനശകലങ്ങളാണ്. മൂന്നു ചിത്രങ്ങളിലെയും പാട്ടുകൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ജയ്സന്റെ സ്കൂളിൽ നിന്നും പോകുന്ന ടൂറിന്റെ ഭാഗങ്ങൾ ഒരു പാട്ടിലൂടെയാണ് സംവിധായകൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ഛർദ്ദിയും അസ്വസ്ഥതകളുമായി ജയ്സൺ നിരാശകൊണ്ട് കടന്നുപോകുന്ന നിമിഷങ്ങളാണ് ടൂറിൽ ഉള്ളത്. ‘ശ്യാമവർണ്ണരൂപിണി’ എന്ന പാട്ട് ഈ അവസ്ഥാന്തരങ്ങളെ അടയാളപ്പെടുത്തുന്നു. അതോടൊപ്പം തന്നെ ‘എന്തു വിധി ഇത്’ എന്ന ഗാനം ജയ്സന്റെ വിധിയെ ട്രോളുന്ന പാട്ടായി തന്നെ സിനിമയിൽ നിലനിൽക്കുന്നു. ഈ രണ്ടു പാട്ടുകളും കൂടാതെ മറ്റൊരു ഗാനം ‘ജാതിക്കാത്തോട്ടം ഒരു ജാതി നിന്റെ നോട്ടം’ എന്ന് തുടങ്ങുന്ന കീർത്തിയുടെയും ജെയ്സന്റേയും പ്രണയഗാനമാണ്. മലയാളസിനിമയിലെ ഹിറ്റ് പാട്ടുകളിൽ ഒന്നുതന്നെയായി ജാതിക്കാത്തോട്ടം മാറി. പൂന്തോപ്പിലോ ലൈബ്രറിയിലോ കടൽക്കരയിലോ സ്കൂൾവരാന്തയിലോ അല്ലാത്ത ഒരിടമാണ് അനുരാഗത്തിന്റെ ഗാനഭൂമിക. ജാതിക്കാത്തോട്ടത്തിൽ പാകമാകുന്ന പ്രണയനോട്ടങ്ങളാണ് സവിശേഷമായ മൂളലുകളിലൂടെയും മറ്റും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജാതിക്കാത്തോട്ടത്തിൽ വച്ച് തന്നെയാണ് സിനിമയുടെ അഥവാ പ്രണയത്തിന്റെ ക്ലൈമാക്സ് കടന്നുവന്നിട്ടുള്ളത്.
സൂപ്പർശരണ്യയിലേക്ക് വരുമ്പോൾ സമാനമായ പാറ്റേണാണ് സംവിധായകൻ പിന്തുടരുന്നത്. ‘അശുഭ മംഗളകാരി’ എന്ന ഗാനം വിരുദ്ധമായ അർത്ഥമുള്ള രണ്ട് വാക്കുകളെ ചേർത്തുവച്ചുകൊണ്ട് ചിട്ടപ്പെടുത്തിയിരിക്കുന്നതാണ്; അശുഭവും മംഗളവും. ഈ രണ്ട് വാക്കുകളും സവിശേഷമായി സ്ത്രീകളെ അഭിസംബോധന ചെയ്യാൻ സാമാന്യമായി പല സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത് കാണാം. അതുകൊണ്ടുതന്നെ വിരുദ്ധതയുടെ ഈ ചേർത്തുവയ്ക്കലിൽ സിസ്റ്റത്തിനോടുള്ള ഒരു വിമർശനത്തിന്റെ ധ്വനിയും കാണാം. അത്തരത്തിൽ വൈരുദ്ധ്യങ്ങളെ ചേർത്തുവച്ചുകൊണ്ടുള്ള ആവിഷ്ക്കാരം കഥാപാത്രത്തെ കൂടുതൽ ലൈവാക്കി മാറ്റുന്നുണ്ട്. ശരണ്യയുടെ ഹോസ്റ്റൽ ജീവിതവും കൂട്ടുകാരുമായുള്ള സമ്പർക്കങ്ങളും നിരാശ കലർന്ന അനുഭവങ്ങളും എല്ലാം ചേർന്ന ആഖ്യാനപാഠമാണ് ഈ പാട്ട് പകരുന്നത്. ഹോസ്റ്റലിലെ റാഗിങ്ങിന്റെ ദൃശ്യങ്ങളും വീട്ടിലെത്തി കഴിയുമ്പോൾ വണ്ടിനൂൽ ഉപയോഗിച്ച് സിഗരറ്റ് വലിക്കുന്നത് പോലെ കാണിച്ചുകൊണ്ടുള്ള പ്രതിരോധശ്രമങ്ങളും എല്ലാം ബഹുഭൂരിപക്ഷം വരുന്ന മിഡിൽക്ലാസ് കുടുംബത്തിൽ നിന്നും ഹോസ്റ്റൽ ജീവിതം നയിക്കുന്ന പെൺകുട്ടികളുടെ മനോനിലകളെ അഭിസംബോധന ചെയ്യുന്നവയാണ്. ഈ ചിത്രത്തിലെ മറ്റൊരു പാട്ട് സോനാരയോടൊപ്പം ശരണ്യയും കൂട്ടുകാരും കൊച്ചി കാണാൻ പോകുമ്പോൾ ഉള്ളതാണ്. മെട്രോയും മാൾ സന്ദർശനവും മ്യൂസിയവും ഫോർട്ട്കൊച്ചി യാത്രയുമൊക്കെ കാണിച്ചുകൊണ്ട് നാലുപേർക്കും ഇടയിലുള്ള സൗഹൃദത്തെ നുറുങ്ങ് സംഭാഷണങ്ങളിലൂടെ സംവിധായകൻ ബലപ്പെടുത്തുന്നുണ്ട്. പ്രേമലുവിലെ ‘തെലുങ്കാന ബൊമ്മലു’ എന്ന പാട്ട് മറ്റ് ചിത്രങ്ങളിലെ പോലെതന്നെ ഒരു ട്രിപ്പ് സോങ്ങാണ്. ഉല്ലാസയാത്രയുടെ നിമിഷങ്ങളെല്ലാം കൃത്യമായി സംയോജിപ്പിച്ചിരിക്കുന്ന ഗാനചിത്രീകരണശൈലിയാണ് ഈ പാട്ടിലും കാണാൻ കഴിയുന്നത്. ഫോട്ടോ, ഫുഡ്, ഡാൻസ്, യാത്രയിലെ അമളികൾ, ആളാകാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ സീക്വൻസുകളിലൂടെ സച്ചിന്റെയും റിനുവിന്റെയും ആദിയുടെയും വിനോദയാത്രയുടെ സന്ദർഭങ്ങളെ മനോഹരമായ സംവിധായകൻ ദൃശ്യപ്പെടുത്തുന്നു.
ചുരുക്കത്തിൽ, ഗാനരംഗങ്ങൾ ഗിരീഷിന്റെ സിനിമകളുടെ വിനോദമൂല്യത്തിന്റെ പ്രധാന ചേരുവയായി തന്നെ മനസ്സിലാക്കാൻ കഴിയുന്നു. ഗഹനമായ ചിന്തകളോ ആഖ്യാനത്തിന്റെ സങ്കീർണതകളോ സിനിമയുടെമേൽ ഉപയോഗിക്കാതെ യുവതയുടെ നിമിഷങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാൻ കെൽപ്പുള്ള യുക്തിയാണ് സംവിധായകൻ പുലർത്തുന്നത്. ഈ സമീപനത്തിൽ യുവതയുടെ യാഥാർത്ഥ്യങ്ങൾ ഒട്ടും ചോർന്നുപോകുന്നുമില്ല. മറിച്ച്, കൂടുതൽ റിയലിസ്റ്റിക്കായ, എന്നാൽ രസാത്മകമായ വഴിയിലൂടെ പുതുകാല കാണികളിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ചടുലമായ എഡിറ്റിംഗ് രീതികളും വളരെ ആകർഷണീയമായ മട്ടിലുള്ള ക്യാമറകോണുകളും ജനപ്രിയതയുടെ ആനന്ദത്തെ ധ്വനിപ്പിക്കുന്ന സാങ്കേതികസമീപനങ്ങളാണ്. ഒരു സീനിൽ നിന്നും മറ്റൊരു സീനിലേക്കുള്ള വേഗതയും വർണ്ണാഭമായ വേഷങ്ങളും കഥാപാത്രമനോഭാവത്തെ പ്രകടിപ്പിക്കുന്ന ഷോട്ടുകളുടെ കൂട്ടിച്ചേർക്കലുകളുമെല്ലാം സിനിമയുടെ ആകർഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു.
ഉപസംഹാരം
യുവതയുടെ കഥപറയുന്ന ഈ ചിത്രങ്ങളിൽ ലഹരിയുടെയോ ലൈംഗികതയുടെയോ കേവലമായ സൂചനകൾ പോലും കാണുന്നില്ല. തമാശയുടെ രസോൽപ്പാദനത്തിൽ ഒരുപക്ഷെ സംവൃതമാക്കപ്പെട്ട സംവർഗമായി ഇത്തരം ഡാർക്ക് ഷെയ്ഡുകൾ വിസ്മരിക്കപ്പെട്ടിരിക്കുകയാണ് സിനിമയിൽ. സിഗരറ്റ്വലിയിലോ മദ്യപാനത്തിലോ പരിക്കില്ലാത്ത തെറിഭാഷണങ്ങളിലോ ലൈംഗികമായ ആഭിമുഖ്യത്തോടെയല്ലാതെയുള്ള കാമുകകാഴ്ചയിലോ (സച്ചിന്റെ നഗ്നശരീരത്തെ റീനു ഒളിഞ്ഞുനോക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാൽ ആ സീൻ തമാശയുടെ അംശംകലർത്തി മാത്രമാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധിക്കുക). അവസാനിക്കുന്ന കാമനകൾ മാത്രമാണ് സിനിമ ഉള്ളടക്കാൻ ശ്രമിച്ചിരിക്കുന്നത്. അതായത്, കഥാപരിസരത്തിൽ രതിയോ ലഹരിയോ വയലൻസോ കടന്നുവരാതെ സുന്ദരസുരഭിലമായ യുവലോകത്തെയാണ് പലമട്ടിൽ പുനരാഖ്യാനം ചെയ്യുന്നത് എന്ന വിമർശനം കൂടി ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കത്തിൽ, അതിസമർത്ഥന്മാരുടെയോ മിടുക്കുള്ളവരുടെയോ കാഴ്ചപ്പാടുകളോ വിദ്യാഭ്യാസജീവിതമോ സൗഹൃദസംഭാഷണങ്ങളോ സിനിമയിൽ അത്രമേൽ പ്രകടമാകുന്നില്ല. മറിച്ച്, ആവറേജായി വിലയിരുത്തപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ അഥവാ യുവതയുടെ ആവിഷ്കാരങ്ങളിലാണ് ഗിരീഷിന്റെ സിനിമകൾ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ യുവതയുടെ മനോനിലകളും തരംഗദൈർഘ്യങ്ങളും ഉൾക്കൊണ്ട എന്റർടൈനറുകളാണ് ഈ സംവിധായകന്റെ ചിത്രങ്ങളെന്ന് അടിവരയിട്ട് പറയാവുന്നതാണ്. ഉപസംഹാരത്തിലെ ആശയങ്ങളെ താഴെപ്പറയുംവിധം ക്രോഡീകരിക്കാം.
ജനപ്രിയസിനിമയുടെ പുതിയ സമവാക്യങ്ങളെ ഗിരീഷ് എ.ഡി.യുടെ ചിത്രങ്ങൾ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.
പുതുനിര അഭിനേതാക്കളുടെ കടന്നുവരവും വേഷങ്ങളുടെ അടിസ്ഥാനസ്വഭാവത്തിന്റെ ആവർത്തനവും മുന്നോട്ടുവെക്കുന്ന യുവസംസ്കൃതിയുടെ ജനപ്രിയവൈവിധ്യങ്ങളെ സവിശേഷമായി തിരിച്ചറിയാൻ സാധിക്കുന്നു.
പാട്ട്,തമാശ തുടങ്ങിയ ജനപ്രിയതയുടെ ചലച്ചിത്രചേരുവകളെ ഗിരീഷ് എഡിയെന്ന നവസംവിധായകന്റെ ചിത്രങ്ങൾ എത്തരത്തിലാണ് സമീപിക്കുന്നതെന്നും അവ രൂപപ്പെടുത്തുന്ന എന്റർടൈൻമെന്റ് നേച്ചർ എന്താണെന്നും മലയാളസിനിമയുടെ വർത്തമാനസന്ദർഭത്തിൽ നിന്ന് നോക്കിക്കാണാൻ സാധിക്കുന്നു.
റീലുകളിലൂടെയും ഇൻസ്റ്റാഗ്രാം വഴിയും കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ട് വളരുന്ന തലമുറയുടെ വൈബുകൾ കണക്ട് ചെയ്യുന്ന രീതിയിലാണ് സിനിമയുടെ ആഖ്യാനഭാഷയെന്നറിയാൻ കഴിഞ്ഞു.
ലളിതമായ യുക്തിയിൽ ഹാസ്യത്തിന്റെ സാധ്യതകൾ രൂപപ്പെടുത്താൻ സിനിമയുടെ ദൃശ്യവ്യാകരണസമവാക്യങ്ങളെ സംവിധായകൻ സമർത്ഥമായി ഉപയോഗപ്പെടുത്തിയ രീതി തിരിച്ചറിഞ്ഞു.
കുറിപ്പുകൾ
(1). റെയ്മണ്ട് വില്യംസിന്റെ ആശയം സംസ്കാര പഠനത്തിന്റെ സാമൂഹികവും വൈയക്തികവുമായ ഒരു ദർശനമാണ്. ചരിത്രബോധത്തിന്റെ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഈ കാഴ്ചപ്പാട്, ഭാഷയിലോ ആശയങ്ങളിലോ പൂർണ്ണമായി ഉൾക്കൊള്ളാനാവാത്ത ജീവിതത്തിന്റെ ഘടനകളെ അനുഭവങ്ങ ളിലൂടെയും അതിന്റെ പ്രതിഫലനങ്ങളിലൂടെയും മാത്രമേ കൈവരിക്കാൻ കഴിയൂ എന്നതാണ് ഈ ചിന്ത. അക്കാദമികമായ ചട്ടക്കൂടുകൾക്ക് പുറത്തുള്ള ആന്തരികജീവിതത്തെ നിർണയിക്കാൻ ഈ പരിപ്രേക്ഷ്യം ഉപകരിക്കുന്നു.
ഗ്രന്ഥസൂചി
രാമചന്ദ്രൻ സികെ., കാഴ്ചയുടെ കോയ്മ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2006.
Adorno, Theodor, The Culture Industry Selected Essays On Mass Culturale, Roultudge London, 1991.
Encyclopedia Britannica Vol3, Encyclopedia Britannica, Inc, India, 2006.
ലേഖനസൂചി
ചന്ദ്രശേഖർ എ., മലയാളസിനിമ പുതിയമുഖം പുതിയവിപണി, ചലച്ചിത്രസമീക്ഷ, ചലച്ചിത്ര അക്കാഡമി, തിരുവനന്തപുരം, ജൂൺ, 2024.
ദൃശ്യസൂചിക
ഗിരീഷ് എ.ഡി, തണ്ണീർമത്തൻ ദിനങ്ങൾ, (ഇന്ത്യ,മലയാളം,2019/136”), മണാട്ട് സ്റ്റുഡി യോസ്, ഷെബിൻ ബാക്കർ പ്രൊഡക്ഷൻസ്.
…………………., സൂപ്പർശരണ്യ, (ഇന്ത്യ, മലയാളം/2022/164”), ഷെബിൻ ബാക്കർ പ്രൊഡക്ഷ ൻസ്.
…………………., പ്രേമലു, (ഇന്ത്യ, മലയാളം/2024/156”), ഭാവന സ്റ്റുഡിയോ.
ഡോ. വിഷ്ണു രാജ് പി.
അസിസ്റ്റന്റ് പ്രൊഫസർ, മലയാളവിഭാഗം,
എസ്. എച്ച്. കോളേജ്, തേവര
email: pvishnuraj85@gmail.com
Mob: 9447900551
Copyright © 2026 | WordPress Theme by MH Themes
