» അശ്വതി വിജയൻ
ID: MRK0003
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
ഉത്തരാധുനികതയുടെ തുടർച്ച എന്ന നിലയിലാണ് ഡിജിമോഡേണിസം രൂപപ്പെട്ടത്. ഡിജിറ്റൽ യുഗത്തിൽ സാഹിത്യത്തിന്റെ മാതൃകകൾ എന്തൊക്കെയാണെന്നും സാഹിത്യസൃഷ്ടി, വിതരണം, ആസ്വാദനം എന്നിവയെ സൈബർ യുഗം സ്വാധീനിച്ചത് എങ്ങനെയാണെന്നും ഈ പ്രബന്ധം വിശകലനം ചെയ്യുന്നു.
താക്കോല്‍വാക്കുകള്‍
ഡിജിമോഡേണിസം, പോസ്റ്റ് പോസ്റ്റ്മോഡേണിസം, സൈബർ ലിറ്ററേച്ചർ, മലയാളസാഹിത്യരൂപങ്ങൾ, നിര്‍മിതബുദ്ധി
ആമുഖം
സാങ്കേതികവിദ്യകളാല്‍ നിയന്ത്രിക്കപ്പെടുകയും നിര്‍ണയിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാനകാല സാംസ്കാരികജീവിതത്തെ സൈദ്ധാന്തികമായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങള്‍ പലനിലയിലും വ്യാപിക്കുകയും വികസിക്കുകയും ചെയ്യുന്നുണ്ട്. പ്രതീതീയാഥാര്ത്ഥ്യവും (Virtual Reality), പ്രകടയാഥാര്ത്ഥ്യവും (Augmented Reality), നിര്‍മിതബുദ്ധിയും (Artificial Intelligence) നിത്യജീവിതത്തിന്റെ അനിവാര്യതയായിക്കഴിഞ്ഞിരിക്കുന്ന ഒരു യുഗത്തിന്റെ സാംസ്കാരിക മനോഘടനയെ മനസ്സിലാക്കുക അത്രയും ശ്രമകരമായ കാര്യമാണ്. മാത്രവുമല്ല വ്യക്തിക്കും സമൂഹത്തിനും ഭാഷയ്ക്കുമുള്ളതുപോലെ സാഹിത്യത്തിനും ഇന്നൊരു സൈബര്ജീവിതം രൂപപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.
സാങ്കേതികതയുടെ വികാസങ്ങള്‍ അതതു കാലഘട്ടത്തില്‍ സാഹിത്യത്തില്‍ പ്രതിഫലിക്കും. വളര്‍ന്നുവികസിച്ച ഈ പുതിയ സാങ്കേതികതയും അതു സാധ്യമാക്കിയ നവമാധ്യമങ്ങളും ഒപ്പം സോഷ്യല്‍ നെറ്റ്വര്‍ക്കുകളും (Social Networks) ചേര്‍ന്ന പുതിയ സാമൂഹികാവസ്ഥയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ഡിജിമോഡേണിസ(Digimodernism)മായി പരിണമിച്ചത്. ഉത്തരാധുനികതയില്‍ നിന്ന് ഉത്തരഉത്തരാധുനികതയിലേക്കും സൈബര്‍ ആധുനികതയിലേക്കും (Cyber Modernity) പ്രവേശിക്കുമ്പോള്‍ അതിന്റെ സൈദ്ധാന്തികതലങ്ങള്‍ പുനഃപരിശോധി ക്കപ്പെടുന്നുണ്ട്. വിശേഷിച്ചും ഉത്തരാധുനികകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന മിക്ക വാദഗതികളും ഇന്ന് അപ്രസക്തമായിനില്ക്കുന്ന ഒരു ഘട്ടത്തില്‍. ഉത്തരാധുനികതയെ മറികടക്കാനുള്ള ശ്രമങ്ങളുടെകൂടി ഭാഗമായി ഇതിനെ വിലയിരുത്തുന്നതിലും തെറ്റില്ല. സൈബര്‍ ഇടങ്ങളിലെ പദപ്രയോഗങ്ങളും പ്രവര്‍ത്തനരീതികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് അത്തരം പുനരെഴുത്തുകള്‍ സാധ്യമായത്. ഇലക്ട്രോണിക് സാഹിത്യത്തിന്റെയും സൈബര്‍ സാഹിത്യത്തിന്റെയും രീതിശാസ്ത്രങ്ങളെ ചേര്‍ത്തുവെച്ചാണ് ഉത്തര ഉത്തരാധുനികയുടെ വര്‍ത്തമാനകാലം വിശദീകരിക്കേണ്ടത്.
“കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ സാംസ്കാരികരൂപങ്ങളിലുള്ള പ്രതിഫലനം അല്ലെങ്കില്‍ സ്വാധീനഫലം” എന്നാണ് ബ്രിട്ടീഷ് സാംസ്കാരിക വിമര്‍ശകനായ അലന് കിര്‍ബി 2009ല്‍ ഡിജിമോഡേണിസത്തെ നിര്‍വചിച്ചത് (കിര്‍ബി, അലന്, 2009:50). “പുതിയ സാങ്കേതികവിദ്യകളുടെയും വര്‍ത്തമാനകാല സാമൂഹികശക്തികളുടെയും സമ്മര്‍ദ്ദങ്ങള്‍ക്കു കീഴില്‍ രൂപംകൊണ്ട ആധികാരികതയുടെയും വിജ്ഞാനത്തിന്റെയും ഒരു രൂപമാതൃകയെ (Paradigm) വിശേഷിപ്പിക്കാനാണ് ഡിജിമോഡേണിസം എന്ന വാക്ക് ഉപയോഗിക്കുന്നത്” എന്നു ലേണിങ് ഗിള്‍ഡിന്റെ എഡിറ്ററായ ബില്‍ ബ്രാഡണ്‍ ഡിജിമോഡേണിസത്തെ വിശദീകരിക്കുന്നുണ്ട് (ബ്രാഡന്, ബില്‍ 2011). ഡിജിറ്റല്‍, മോഡേണിസം എന്നീ വാക്കുകള്‍ ഉള്‍ച്ചേര്‍ന്നാണ് ഡിജിമോഡേണിസം എന്ന വാക്ക് രൂപപ്പെട്ടിട്ടുള്ളത്. ഡിജിറ്റല്‍ യുഗത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞ സംസ്കാരത്തെ അടയാളപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട് ഡിജിമോഡേണിസം.
തൊണ്ണൂറുകളില്‍ ആരംഭിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വികസിച്ചുവന്ന ഡിജിറ്റൈസേഷന് (Digitization)1 നമ്മുടെ സാംസ്കാരികതയ്ക്ക് എപ്രകാരം വ്യതിചലനങ്ങളുണ്ടാക്കി എന്നതില്‍ നിന്നാണ് ഡിജിമോഡേണിസത്തെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ രൂപപ്പെടുന്നത്. ഡിജിറ്റൈസേഷന് പ്രക്രിയകള്‍ നമ്മുടെ സാംസ്കാരികതയിലും സാഹിത്യത്തിലുമുള്ള പാഠങ്ങളിലും പാഠപരതകളിലും വരുത്തിയ മൊത്തം സ്വാധീനങ്ങളെയും ‘ഡിജിമോഡേണിസം’ എന്ന് വിളിക്കാവുന്നതാണ്. വ്യക്തിയുടെയും സംസ്കാരത്തിന്റെയും നിരന്തര മാറ്റങ്ങളുടെ പശ്ചാത്തലമാണതിനുള്ളത്. സാഹിത്യരൂപങ്ങളിലെ ഭാഷ, കാലം, പ്രമേയം, കര്‍തൃത്വം എന്നിവയുടെ പരമ്പരാഗതഘടനയില്‍ ഡിജിമോഡേണിസം പൊളിച്ചെഴുത്തുകള്‍ നടത്തുന്നു. ഈ മാറ്റമെന്നത് ഒരേസമയം സാങ്കേതികവും ചരിത്രപരവും സാഹിത്യപരവുമാണ്.
ഡിജിമോഡേണിസ്റ്റു സാംസ്കാരികസ്ഥാനം
ആധുനികതയോടുള്ള സാംസ്കാരികവിമര്ശനമെന്ന നിലയിലാണ് പോസ്റ്റ്മോഡേണിസം ശക്തിപ്രാപിച്ചത്. പോസ്റ്റ് മോഡേണിസത്തെ മറികടക്കാനായി ആന്റി പോസ്റ്റ് മോഡേണ്‍ പ്രസ്ഥാനങ്ങള്‍ സംഭവിച്ചു. ഉത്തര ഉത്തരാധുനികത (Post Postmodernism), മെറ്റാമോഡേണിസം (Meta Modernism) തുടങ്ങിയ പരികല്പനകള് ഉയര്‍ന്നുവന്നു. എന്നാല്‍ പുതിയ സാങ്കേതികതയും നവമാധ്യമങ്ങളും ചേര്‍ന്ന വര്‍ത്തമാനകാല ഡിജിപാഠങ്ങള് (Digitext)2 ഇതില്‍നിന്നും പാടെ വ്യത്യാസമാണ്. ആധുനികതയെ എതിര്‍ത്തുകൊണ്ടോ അതില്‍നിന്നുള്ള വിട്ടുപോരലായിട്ടോ അല്ല ഡിജിമോഡേണിസം രൂപംകൊണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. തുടക്കകാലത്ത് മോഡേണിസവുമായി സഹകരിച്ചും സഹവര്ത്തിച്ചുമാണ് ഇത് സംഭവിച്ചത്. ഈ സഹവര്ത്തിത്വഘട്ടത്തെ ഹൈബ്രിഡ് ടെക്സ്റ്റിന്റെ (Hybrid Text), അല്ലെങ്കില്‍ ബോര്‍ഡര്‍ലൈന്‍ ടെക്സ്റ്റിന്റെ (Borderline Text) കാലഘട്ടം എന്നു വിശേഷിപ്പിക്കുന്നു (കിര്‍ബി, അലന്, 2009:2). ചുരുക്കത്തില്‍ പോസ്റ്റുമോഡേണിസത്തിന്റെ രാഷ്ട്രീയ–സാമൂഹികതലങ്ങളുടെ യുക്തിപൂര്‍വ്വമായ പരിണതിയെന്ന നിലയിലാണ് ഡിജിമോഡേണിസം വളര്ന്നുവികസിച്ചതെന്ന് മനസ്സിലാക്കാം.
സൈബര്‍കാലം ഡിജിറ്റല്‍ സാക്ഷരതയുടെതാണ്. വ്യക്തികള്‍ സിറ്റിസണ്‍ഷിപ്പില്‍ (പൗരത്വം) നിന്നും ‘നെറ്റിസണ്ഷിപ്പി’ലേക്ക് (മാനുവല്‍, കെ. ജോസ്, 2019:12) ഉയര്‍ന്നപ്പോള്‍ ആവാസ പരിസരങ്ങളൊട്ടാകെ അതനുസരിച്ച് നവീകരിക്കപ്പെട്ടു. എല്ലാം ബിഗ് ഡാറ്റ (Big Data)യിലേക്കു സ്വാംശീകരിക്കപ്പെടുന്നവിധം ഡിജിറ്റൈസേഷന്റെ പാഠപരതയിലുള്ള സാംസ്കാരികവ്യതിയാനം (Cultural Shift) സാഹിത്യത്തിലും പ്രകടമാണ്.
ഡിജിമോഡേണിസത്തിന്റെ സവിശേഷതകള്‍
മുന്കാലസാഹിത്യ സൈദ്ധാന്തിക മാതൃകകളില്‍നിന്ന് വ്യത്യസ്തമായി ഡിജിറ്റൈസേഷന് പാഠപരതയില്‍ വരുത്തിയ മാറ്റങ്ങള്‍ വളരെ പ്രധാനമാണ്. ഡിജിമോഡേണിസ്റ്റുപാഠപരത അതിന്റെ ഇലക്ട്രോണിക് ആശ്രിതത്വംകൊണ്ടുതന്നെ അനന്യമായിത്തീരുന്നുണ്ട്. പരിപൂര്‍ണമായും ഡിജിറ്റല്‍ ടെക്നോളജി രൂപപ്പെടുത്തിയ ഭാവുകത്വത്തില്‍ ഊന്നിക്കൊണ്ടാണ് ഡിജിമോഡേണിസം നിലനില്‍ക്കുന്നത്. വ്യവഹാരമണ്ഡലത്തില്‍ എഴുത്തുകാരനില്‍/കാരിയില്‍നിന്ന് സന്ദേശപ്രേഷകനായും /പ്രേഷികയായും വായനക്കാരനില്‍/കാരിയില്‍നിന്ന് സന്ദേശസ്വീകര്ത്താവായും വായനാലോകം മാറുകയും ഓതറും റീഡറും അഥവാ എഴുത്തുകാരും വായനക്കാരും എന്ന വിഭജനം നേര്‍ത്തുവരികയും ചെയ്യുന്നു. ഡിജിമോഡേണിസ്റ്റുപാഠത്തില് പുതുകര്തൃത്വമായി ‘വ്രീഡര്’ (Wreader) രൂപംകൊണ്ടു. പങ്കാളിത്ത പാഠനിര്മിതി (Participatory Creation)യാണ് ഇവിടെ സാധ്യമാകുന്നത്.
വായനക്കാരന്/കാരിക്ക് മുന്‍കാല കര്‍തൃത്വമല്ല ഇവിടെ ഉള്ളത്. പോസ്റ്റ്മോഡേണിസം നടത്തിയതുപോലെ ഓതറിന്റെ മരണമണിയും ഇവിടെ മുഴക്കുന്നില്ല. പകരം ഓതര്‍ അഥവാ എഴുത്തുകാരനെ/കാരിയെ പുനഃസ്ഥാപിക്കുകയും പുനര്നിര്വ്വചിക്കുകയുമാണ് ചെയ്യുന്നത്. ഡിജിമോഡേണിസത്തില് ഓതര്‍ ഏകവചനമായി നിലനില്ക്കുന്നേയില്ല. പല സ്ഥലകാലങ്ങളിലായി പരന്നുകിടക്കുന്ന, ഒരിക്കലും തീര്‍ച്ചപ്പെടുത്താനാകാത്ത ഒരു ബഹുവചനസ്ഥലിയിലാണ് ഓതര്‍. ഏകകര്തൃത്വം പാടേ നിരാകരിക്കപ്പെടുകയും ബഹുകര്തൃത്വമായി നിലനില്ക്കുകയും ചെയ്യുകയാണ് ഇവിടെ. വായനക്കാരന്/കാരിക്ക് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നിശ്ചലമോ ജഡമോ ആയ ഭാവമല്ല ഉള്ളത്. തിരശ്ചീനമായി കണ്ണുപായിക്കുന്ന പരമ്പരാഗത കര്‍മ്മത്തില്‍ ഇനി വായനക്കാരന്/കാരിക്ക് നിലനില്ക്കുക സാധ്യമല്ല. അയാളുടെ കര്‍മ്മം മാറിയിരിക്കുന്നു. അയാള്‍ ക്രിയാത്മകസ്ഥാനത്തേക്ക് മാറ്റപ്പെട്ടിരിക്കുന്നു. പാഠനിര്മിതിയില് ഭൗതികമായിത്തന്നെ അയാള്‍ക്ക് ഇടപെടേണ്ടിവരുന്നു. അഥവാ അയാള്കൂടി നിര്‍മ്മിക്കുന്ന പാഠമായി ഡിജിമോഡേണിസ്റ്റുപാഠം രൂപാന്തരപ്പെട്ടിരിക്കുന്നു.
ഡിജിമോഡേണിസ്റ്റു സാഹിത്യപാഠത്തിന് ഇതിലൂടെ മറ്റൊരു മാനം കൈവരികയാണ് ചെയ്യുന്നത്. അത് അനന്തമായ അവസാനിക്കാത്ത ഒന്നായിത്തീരുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതുകൊണ്ടുതന്നെ ഡിജിമോഡേണിസ്റ്റു സാഹിത്യരൂപങ്ങള്ക്കും പാഠങ്ങള്‍ക്കും ഒരു അന്തിമരൂപം കല്‍പ്പിക്കുന്നത് അസാധ്യമാണ്. അവയുടെ വിപുലനം അനുസ്യൂതം നടക്കുന്നതാണെന്ന് കാണാം. മാത്രവുമല്ല ഇവ ക്ഷണികമായ പാഠങ്ങള്‍ ആണെന്നത് ശ്രദ്ധേയമാണ്. കമെന്റുകള്‍ (Comments), റിപ്ലെകള്‍ (Replies), ഷെയറുകള്‍ (Shares), റിവ്യൂകള്‍ (Reviews) തുടങ്ങി പാഠങ്ങളില്‍ അനന്തം കൂട്ടിച്ചേര്‍ക്കലുകള്‍ സാധ്യമായിത്തീരുന്നു. പാഠങ്ങളെ സ്ഥായിയായി നിലനിര്‍ത്താനോ ആര്‍ക്കൈവ് ചെയ്യുവാനോ സാധ്യമല്ല എന്നും കിര്‍ബി നിരീക്ഷിക്കുന്നു (കിര്‍ബി, അലന്, 2009:52). ഡിജിമോഡേണിസ്റ്റുപാഠം രേഖീയമല്ലാതെയാണ് (Nonlinear) നില്‍ക്കുന്നതെന്ന് പൂര്‍ണമായി പറയാന്‍ സാധിക്കുകയില്ല. ഹൈപ്പര്ടെക്സ്റ്റു3കളിലൂടെ മുന്നേറുന്നതുകൊണ്ടുതന്നെ ബഹുരേഖീയത (Multilinearity) ഡിജിമോഡേണിസ്റ്റുപാഠങ്ങളുടെ സവിശേഷതയാണ്. അതേസമയം രേഖീയതയെ അതു സൂക്ഷിക്കുന്നുമുണ്ട് എന്നുകാണാം. ബഹുരേഖീയതയാണ് അതിന്റെ മുഖമുദ്ര. ഡിജിമോഡേണിസ്റ്റ് സാഹിത്യപാഠം എവിടെനിന്നും ആരംഭിക്കാം. എവിടേയ്ക്കും ഏത് ദിശയിലേയ്ക്കും അതിന്റെ ആഖ്യാനം സാധ്യമാക്കുകയും ചെയ്യാം.
ഡിജിമോഡേണിസ്റ്റു സാഹിത്യരൂപമാതൃകകള്
പരമ്പരാഗത സാഹിത്യരൂപങ്ങള്‍ക്ക് ബദല്‍ അവതരിപ്പിച്ചുകൊണ്ടാണ് വെബ്ബ് 2.0 (Web 2.0) ഉദയം കൊള്ളുന്നത്. ഉപഭോക്താക്കളാല്‍ നിര്‍മ്മിക്കപ്പെടുന്ന ഉള്ളടക്കങ്ങള്‍ക്ക് വിപുലമായ സാധ്യതകൾ തുറന്നുകൊടുത്ത രണ്ടാംതലമുറ വെബ്സൈറ്റുകളെയാണ് വെബ് 2.0 എന്ന് പറയുന്നത്. ഇതൊരു പങ്കാളിത്ത പ്ലാറ്റ്ഫോമായാണ് പ്രവര്‍ത്തിക്കുന്നത്. ബ്ലോഗിങ് (Blogging), സാമൂഹ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ ഫോറങ്ങള്‍, വെബ് ആപ്പുകള്‍ ഒക്കെയും പങ്കാളിത്ത വെബ് പ്ലാറ്റ്ഫോമിന് ഉദാഹരണങ്ങളാണ്. മലയാള സാഹിത്യലോകത്തിന് വെബ് 2.0യില്‍ ജന്മംകൊണ്ട ബ്ലോഗുകളിലും സാമൂഹ്യമാധ്യമങ്ങളിലും വെബ്സീനുകളിലും (Webzine) ഒക്കെ വ്യാപകമായി വായനക്കാരും എഴുത്തുകാരും ഉണ്ടായി. വായനക്കാര്‍ തത്സമയം എഴുത്തുകാരുമായി സംവദിച്ചു, പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ നല്കി, തുറന്ന ചര്‍ച്ചകളും പുനര്‍വായനകളും നടന്നു. സമൂഹത്തിന്റെ പങ്കാളിത്തത്തോടെ സാഹിത്യലോകം വിപുലപ്പെട്ടുകൊണ്ടിരുന്നു. സാഹിത്യത്തിന്റെ പാഠപരതയില്‍ ഇന്ററാക്ടിവിറ്റിയും ജനാധിപത്യപരമായ സാധ്യതകളും സംഭവ്യമായി. ആര്‍ക്കും എഴുതാം എന്നത് വെബ് 2.0 സാധ്യമാക്കിയതോടെ സാഹിത്യത്തിന്റെ സാമ്പ്രദായിക വിശുദ്ധിയെയും ആധികാരികതയെയും നിഷ്പ്രഭമാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. സാഹിത്യത്തിനു മാത്രമല്ല ഒട്ടുമിക്ക പൂര്വ്വസാംസ്കാരികരൂ പങ്ങള്‍ക്കും ഡിജിമോഡേണിസം ഈ ദുര്യോഗം സമ്മാനിച്ചിട്ടുണ്ട്.
കഥയിലെയും കവിതയിലെയും വരികളിലും ആശയങ്ങളിലും കലാപരമായ സംയോജനങ്ങള്‍ സാങ്കേതികതയുടെ സഹായത്തോടെ നിര്‍മ്മിച്ചവതരിപ്പിക്കുന്ന ഒരു സങ്കര (Hybrid) ശൈലി ഇന്ന് കാണാന്‍ കഴിയും. ഇന്‍സ്റ്റാഗ്രാം റീല്‍സും യൂട്യൂബ് ഷോട്ട് വീഡിയോകളും അതിനുദാഹരണമാണ്. സാമൂഹിക–രാഷ്ട്രീയവിഷയങ്ങളും നീതി–അനീതി വാദങ്ങളും ഡിജിറ്റല്‍ മീമുകളായി മാറുന്നു. ട്രോളുകളും റോസ്റ്റിങ് (Roasting) വീഡിയോകളുമൊക്കെ അതിനുദാഹരണമാണ്. സാമൂഹികമാറ്റങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് പുത്തന്‍ പ്രചോദനത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരിടം ഡിജിമോഡേണിസം തുറന്നുകാണിച്ചിട്ടുണ്ട്. ആശയങ്ങളും വൈരുദ്ധ്യങ്ങളും പരസ്പരം ചേരുകയും ഇടപെടുകയും ചെയ്യുന്ന ഒരു തലം കൂടി ഇവിടെയുണ്ട്.
അതേസമയം ആധുനികാനന്തരത പ്രഖ്യാപിച്ച മറ്റൊരു സംഗതിയും ഡിജിമോഡേണിസ്റ്റു പരിപ്രേഷ്യം അട്ടിമറിച്ചിരിക്കുന്നുവെന്ന് കാണാം. വലുതുകളില്നിന്നു ചെറുതുകളിലേക്കുള്ള പ്രയാണത്തെ ഡിജിമോഡേണിസം അപ്രസക്തമാക്കുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഡിജിമോഡേണിസ്റ്റു കാലഘട്ടത്തില്‍ സാഹിത്യത്തിന് അതിവിപുലമായ വലിപ്പമാണ് സംഭവിച്ചത്. ജെ.കെ. റൗളിങ്ങിന്റെ ‘ഹാരി പോര്ട്ടറാ’ണ് കിര്‍ബി ഉദാഹരണമായി പരിശോധിക്കുന്ന കൃതി. അതിന് രണ്ട് മാനങ്ങളുണ്ട്. ഒന്ന് ഡിജിമോഡേണിസ്റ്റു ഘട്ടത്തില്‍ ബാലസാഹിത്യകൃതികള്‍ക്ക് കൈവന്ന പ്രമുഖസ്ഥാനം. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്ന ഒരു സുപ്രധാനമേഖലയായി ബാലസാഹിത്യം മാറുകയുണ്ടായി. ബാലസാഹിത്യങ്ങള്‍ മാത്രമല്ല, സിനിമകളും ടിവി സീരീസുകളും ഇതിനോടകം വിജയം കൈവരിച്ചു. ‘അവതാര്‍’ (Avatar) അടക്കമുള്ളവയുടെ ആഖ്യാനതന്ത്രം ബാലസാഹിത്യത്തിന്റേതാണ് എന്നുകാണാം. എന്നാലിത് പഴയ കുട്ടികളുടെ അസ്വാദനതലത്തിലുള്ളതല്ല, മറിച്ച് പുതിയ കുട്ടികളുടെ ആസ്വാദനതലത്തെയാണ് അടയാളപ്പെടു ത്തുന്നത്. കുറേക്കൂടി കര്‍തൃത്വമുള്ള ഭാഗികമായി സ്വതന്ത്രരായ കുട്ടികളുടെ ആസ്വാദനത്തെയാണ് ഇത് കാണിക്കുന്നത്. മലയാളത്തിലേക്ക് നോക്കിയാലും അടുത്തകാലത്ത് വിജയിച്ച സിനിമകളില്‍ കുട്ടികളെ ഉദ്ദേശിച്ചുള്ള സിനിമകള്‍ക്ക് കൈവന്ന നേട്ടം ചെറുതല്ല. മിന്നല്‍ മുരളി, എ.ആര്.എം മുതലായ ഫാന്റസിയിലൂന്നിക്കൊണ്ടുള്ള ആഖ്യാനശൈലികളെയും തന്ത്രങ്ങളെയും സ്വീകരിച്ച സിനിമകളും സാഹിത്യകൃതികളും ഇന്ന് സ്വീകാര്യത നേടുന്നുണ്ട്. മറ്റൊന്ന് ഇത്തരം സിനിമകള്‍ക്കും കൃതികള്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രീക്വലുകളും (Prequel), സ്വീക്വലുകളും (Sequel) സംഭവ്യവുമാണ്. പുതിയ സിനിമകള്‍, വെബ്പരമ്പരകള്‍ (Web Series), നോവല്‍ പരമ്പരകളൊക്കെയും ഇതേമാതൃക പിന്തുടരുന്നതായി കാണാം.
സ്ട്രീമിങ് കള്‍ച്ചര്‍ (Streaming Culture) എന്നതുതന്നെ ഡിജിമോഡേണിസം സാധ്യമാക്കിയ ഒന്നാണ്. ഇന്ന് സാഹിത്യനിര്മിതിയെ അതിയായി സ്വാധീനിക്കുന്ന ഘടകമായി സ്ട്രീമിങ് കള്‍ച്ചര്‍ മാറിയിരിക്കുന്നു. മേല്പറഞ്ഞതുപോലെ ഏതുസമയത്തും വിഷ്വല്‍/പോഡ്കാസ്റ്റ് അടക്കമുള്ള ബഹുരൂപങ്ങളിലേക്ക് പരാവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന പാഠങ്ങളെയാണ് ഡിജിമോഡേണിസ്റ്റു പാഠനിര്മിതിയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. സ്റ്റോറിടെല്ലിങ് (Story-telling) ആപ്പുകളുടെ വ്യാപനം സാധ്യമാകുന്നതും അതിനാലാണ്. അതുകൊണ്ടുതന്നെ രചനയിലെ സൂക്ഷ്മതയേക്കാള്‍ ആഖ്യാനത്തിനാണ് പ്രാധാന്യം കൈവന്നിരിക്കുന്നത്. എപ്പിസോഡിക് (Episodic) രചനകളാണ് ഇവിടെ കൂടുതലും നടക്കുന്നത്. സമീപകാല നോവല്‍സാഹിത്യം പരിശോധിച്ചാല്‍ ചില നോവലുകള്ക്കുവന്ന പ്രാധാന്യം ശ്രേദ്ധേയമാണ്. മീശയും സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി യും റാം കെയര്‍ ഓഫ് ആനന്ദി യും പ്രേമനഗരവുമൊക്കെ ഉദാഹരണങ്ങളാണ്. കാവ്യാത്മകാഖ്യാനം ചരിത്രാത്മക ആഖ്യാനത്തിലേക്ക് വഴിമാറിക്കൊടുക്കുന്നുവെന്നത് ഇവിടെ നമുക്ക് കാണാന്‍ സാധിക്കും. ആഖ്യാനം കൂടുതല്‍ റിയലിസ്റ്റിക്കായി രൂപാന്തരപ്പെട്ടു. എന്നാലിതു പഴയകാല റിയലിസ്റ്റ് ആഖ്യാനമല്ല. ഒരു പുതിയകാല റിയലിസം കടന്നുവന്നിരിക്കുന്നു. ഡേട്ടി റിയലിസം (Dirty Realism), ഡീപ് റിയലിസം (Deep Realism) എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കുന്നുണ്ട്.
വര്‍ത്തമാനകാല നിര്‍മിതബുദ്ധിയുടെ ഉപയോഗം ഡിജിമോഡേണിസത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഏതാനും നിര്‍ദ്ദേശങ്ങളിലൂടെ (Prompts) ആര്‍ക്കും തങ്ങള്‍ക്കാവശ്യമായ രീതിയില്‍ സാഹിത്യരൂപത്തിലുള്ളതോ ശബ്ദ–ദൃശ്യരൂപത്തിലുള്ളതോ ആയ പാഠങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ ഇന്നു നിര്‍മിതബുദ്ധി പ്രചാരത്തിലുണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ എല്ലാം ബിഗ് ഡേറ്റയിലേക്ക് സന്നിവേശിപ്പിക്കപ്പെടുന്ന കാലത്ത് അതേ ബിഗ്ഡേറ്റയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് നിര്‍മിത ബുദ്ധി പ്രവര്‍ത്തിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാഠത്തിന്റെ സ്വയം പുനരുല്പാദനവും സ്വയം വിപുലനവും ഇതിലൂടെ ഡിജിമോഡേണിസത്തിന്റെ ഭാഗമാകുന്നു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ സാഹിത്യരൂപങ്ങളുടെ മട്ടും ഭാവവും മാറി. ഡിജിറ്റല്‍ മേഖലകളില്‍ സാഹിത്യപ്രചാരണം നടന്നു. സാഹിത്യത്തിനൊരു സൈബര്ജീവിതം സാധ്യമായി. ഡിജിമോഡേണിസ്റ്റു പ്രസാധകര് എന്നു ഡിജിറ്റല്‍ മീഡിയകളെ നമുക്ക് വിളിക്കാം. കാരണം വെബ് 2.0 ആദ്യം പ്രസാധനരംഗത്താണ് ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയത്. ആര്‍ക്കും പ്രസാധകരാകാം എന്ന യാഥാര്‍ത്ഥ്യം ഇത് സാധ്യമാക്കി. അതിലൂടെ സാഹിത്യത്തിന്റെ വിശുദ്ധിയെപ്പോലെതന്നെ പ്രസാധനത്തിന്റെ ശ്രേഷ്ഠതയെയും ഡിജിമോഡേണിസം തകര്‍ത്തു. എന്നാല്‍ പ്രസാധനരംഗവും പ്രസാധകരും പുതിയ യുഗത്തെ പുതിയരീതിയിലാണ് അഭിസംബോധന ചെയ്തത്. ഡിജിമോഡേണിസ്റ്റുപാഠങ്ങളുടെ നിര്‍മ്മിതികളിലേക്ക് അവരും ലാഭേച്ഛയോടെതന്നെ ഭാഗവാക്കായി. പുതിയ ഡിജിറ്റല്‍ പാഠങ്ങള്‍ മലയാളത്തില്‍ ആവിര്‍ഭവിച്ചു. പുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ നമുക്ക് ലഭ്യമാകുന്നതിലൂടെ ഓണ്‍ലൈന്‍ പുസ്തകസമ്പ്രദായം ആരംഭിച്ചു. ഓണ്‍ലൈന്‍ റിവ്യൂകളില്‍ നിന്നും വായനക്കാരുടെ ഇടപെടലുകള്‍ക്കും തുടക്കമായി. പുസ്തക പ്രസാധകര് തങ്ങളുടെ പൂര്‍വ്വകാല മാതൃകകളെ പരിഷ്കരിച്ചുകൊണ്ട് മുന്നേറി. പുതിയ പുസ്തകങ്ങളുടെ രൂപഘടനയില്‍ (Format) വ്യത്യാസം കാണപ്പെട്ടു. പഴയ പുസ്തകങ്ങള്‍, ക്ലാസിക്കുകളൊക്കെ ഉള്‍പ്പെടുന്ന ശേഖരം ഇ–ബുക്കുകളും (E-book), ഓഡിയോ ബുക്കുകളുമായി (Audiobook) രൂപാന്തരം പ്രാപിച്ചു. ആമസോണ്‍ കിന്റല്‍ (Amazon Kindle) മികച്ച ഉദാഹരണമാണ്. ഇതെല്ലാം വിരല്‍ത്തുമ്പുകളിലെ സേവനങ്ങളായി മാറി. ഡിജിമോഡേണിസ്റ്റുപാഠത്തിന്റെ ഇന്ററാക്ടീവ് സ്വഭാവം – ഏത് മീഡിയയ്ക്കും ഇണങ്ങുന്നവിധം സ്വയം പരിവര്‍ത്തിക്കാനുള്ള അതിന്റെ ക്ഷമത – ഇ–റീഡറുകള്‍ക്കും (E-reader) ഇ–റീഡിങ്ങിനും (E-reading) വഴിവെയ്ക്കുകയുണ്ടായി.
ഡിജിറ്റല്‍ പ്രിന്റിങ് ടെക്നോളജി ദീര്‍ഘകാല പ്രസാധനപ്രക്രിയയെ ലഘൂകരിച്ചു. ഉള്ളടക്കത്തിന്റെ രൂപകല്പനയിലും (Layout) കവര്‍ ഡിസൈനിലും നിര്‍മിതബുദ്ധിയുടെ സേവനം പ്രയോജനപ്പെടുത്തിത്തുടങ്ങി. സാങ്കേതികജ്ഞാനമുണ്ടെങ്കില് ആര്‍ക്കും രചനാപ്രക്രിയ നടത്താമെന്ന സ്ഥിതിവിശേഷം ഇന്നുണ്ട്. എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ വിവിധ പ്ലാറ്റ്ഫോമുകളില്‍ നേരിട്ടു പ്രസിദ്ധീകരിക്കാന്‍ ഇന്നു സാധിക്കും. ഫോക്സ്റ്റെയില്സ് (Foxtale), കുക്കു എഫ് എം (Kukku FM), ആമസോണ്‍ KDP (Kindle Direct Publishing) അതിനുദാഹരണങ്ങളാണ്.
ഡിജിമോഡേണിസത്തിന്റെ വെല്ലുവിളികള്‍
നിരന്തരസാധ്യതകള് നിലനില്‍ക്കുന്നതോടൊപ്പം ഡിജിമോഡേണിസം വെല്ലുവിളികളെയും നേരിടുന്നുണ്ട്. സുപ്രധാനമായും പരമ്പരാഗത സാഹിത്യരൂപങ്ങളെ ഏറെക്കുറെ നിരാകരിച്ചുകൊണ്ടാണ് ഡിജിമോഡേണിസം നിലനില്‍ക്കുന്നത്. പ്രസാധനമേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ പ്രധാനമായും പ്രസ്തുത മേഖലയിലെ അവകാശങ്ങള്‍, ഉള്ളടക്കം, ഗുണനിലവാരം എന്നിവയിലാണ്. ഡിജിറ്റല്‍ കേന്ദ്രങ്ങളുടെ വ്യാപനത്തോടെ പുസ്തകങ്ങള്‍, ബ്ലോഗുകള്‍, ഓണ്‍ലൈന്‍ പുസ്തകങ്ങള്‍ തുടങ്ങിയവയൊക്കെ എളുപ്പത്തില്‍ നിര്മ്മിക്കപ്പെടുന്നുവെങ്കിലും അവക്ക് നിലവാരത്തകര്‍ച്ച സംഭവിച്ചിട്ടുണ്ട് എന്ന വിമര്‍ശനം ശക്തമാണ്. ബഹുകര്തൃത്വവും അനുസ്യൂതകര്തൃത്വവും ഡിജിമോഡേണിസ്റ്റുപാഠനിര്മിതിയുടെ സവിശേഷതയായതുകൊണ്ടുതന്നെ കൃത്യമായി വിവരങ്ങള്‍ നല്കുന്ന പ്രക്രിയയും പാഠങ്ങളുടെ ഗുണനിലവാരം പരിശോധിച്ചുറപ്പിക്കുന്നതിനുമുള്ള പ്രക്രിയകള്‍ പലപ്പോഴും സാധ്യമല്ലാതെ വരുന്നു. ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള പാഠങ്ങളുടെ സംരക്ഷണം ദുര്‍ഘടം പിടിച്ചതാണ്. ഡിജിമോഡേണിസ്റ്റുപാഠങ്ങള്ക്ക് അത്തരമൊരു ഉദ്ദേശവും നിലനില്‍ക്കുന്നുമില്ല.
മറ്റൊരു സുപ്രധാനകാര്യം സാംസ്കാരികതയുടെ ഡിജിമോഡേണിസ്റ്റുരൂപമാറ്റവും സാമ്പ്രദായിക നിയമവ്യവസ്ഥയും തമ്മിലുള്ള വൈരുദ്ധ്യം സൃഷ്ടിക്കുന്ന പ്രതിസന്ധിയാണ്. ഡിജിമോഡേണിസംപോലുള്ള പുതിയ സാംസ്കാരികതയെ ഉള്‍ക്കൊള്ളാന്‍ നിലവിലെ നിയമസംവിധാനങ്ങള്‍ക്ക് കരുത്തില്ല. പേറ്റെന്റ്, പകര്‍പ്പവകാശനിയമങ്ങള്‍ എന്നിവ പാഠനിര്മിതിയെയും വിപുലനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. നിയമപ്രശ്നങ്ങളും പകര്‍പ്പവകാശങ്ങളും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഉണ്ടാകുന്നു.
ഇലക്ട്രോണിക് രൂപമായി മാത്രമേ ഡിജിമോഡേണിസ്റ്റുപാഠത്തിന് നിലനില്‍പ്പുള്ളൂ. ഇലക്ട്രോണിക് ഉപകരണം ഇല്ലാത്തവര്‍ക്കും ഡിജിറ്റല്‍ സാക്ഷരതയില്‍ പിന്നിലായവര്‍ക്കും അതിന്റെ സൗകര്യങ്ങളെയും മേന്മകളെയും അറിയാനും അനുഭവിക്കാനും കഴിയുകയില്ല. ഏവര്‍ക്കും പ്രസിദ്ധീകരിക്കാം, ഏവര്‍ക്കും പാഠനിര്മിതിയില് പങ്കുണ്ട്, ജനാധിപത്യപരമായ പാഠനിര്മിതി മുതലായ ഡിജിമോഡേണിസ്റ്റുവാദങ്ങളെ ഇത് സംശയത്തില്‍ നിര്‍ത്തുന്നു. പാഠനിര്മിതിയിലെ ഗൗരവമില്ലായ്മയും ഗുണനിലവാരത്തിന്റെ ഉറപ്പില്ലായ്മയും ഒരു സുപ്രധാന വെല്ലുവിളിയായി ഡിജിമോഡേണിസത്തില് തുടരുന്നു എന്നത് വ്യക്തമാണ്. ഡിജിമോഡേണിസം സാംസ്കാരിക മേഖലയില്‍ ഒരു ശക്തി സ്രോതസ്സായി തുടരുമ്പോള്‍ത്തന്നെ ഉത്തരവാദിത്വമില്ലായ്മയും (Absence of Responsibility) പ്രതികൂലമായി ബാധിക്കുന്നണ്ട്.
ഉപസംഹാരം
അടുത്തകാലത്തായി ചില ജനപ്രിയ സാഹിത്യകൃതികളെക്കുറിച്ചുയര്ന്നിട്ടുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധിച്ചാല്‍ ഡിജിമോഡേണിസ്റ്റുകാലത്തെ സാഹിത്യപാഠങ്ങളെക്കുറിച്ചുള്ള സുപ്രധാന വൈരുദ്ധ്യമായിരിക്കും തെളിഞ്ഞുവരിക. ജനപ്രിയതയെയും ഡിജിമോഡേണിസ്റ്റു സാഹിത്യപാഠങ്ങള്‍ സൃഷ്ടിച്ച കലര്പ്പുകലര്ന്ന സാഹിത്യപ്രവണതകളെയും ഡിജിറ്റല്‍ സാങ്കേതികത രൂപപ്പെടുത്തിയ അനന്തമായ ഡിജിമോഡേണിസ്റ്റ് പാഠങ്ങളുടെ പതിപ്പുകളെയും സാമ്പ്രദായിക സാഹിത്യമേന്മാവാദത്തിന്റെ അളവുകോലുകള്‍ക്കുള്ളില്‍ ചുരുക്കാന്‍ പാടുപെടുന്ന പ്രവണത ഒരുവശത്ത്. ഡിജിറ്റല്‍ നവസാങ്കേതിക സാധ്യതകളിലൂടെ ശൃംഖലാവിസ്ഫോടനമായി (Chain Reaction) പലപലപതിപ്പുകളില് പുനസൃഷ്ടി ക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാഠങ്ങളുടെ, വായനക്കാരും എഴുത്തുകാരുമായ വ്രീഡറുകളായി രൂപാന്തരം വന്ന വര്‍ത്തമാനകാല വായനക്കാരന്/കാരിയുടെ സക്രിയസാന്നിദ്ധ്യം സൃഷ്ടിക്കുന്ന ഡിജിമോഡേണിസ്റ്റു പാഠത്തിന്റെ എണ്ണപ്പെരുപ്പം മറുവശത്ത്. ആദ്യത്തേത് ശക്തിശൈഥില്യം സംഭവിച്ച പഴയകാലപ്രവണ തയുടെ ആകുലതകളായി ചുരുങ്ങുമ്പോള്‍ രണ്ടാമത്തേത് ജെന്‍–സി (Gen Z), ജെന്‍ ആല്‍ഫ (Gen Alpha) അടക്കമുള്ള പുതുതലമുറയുടെ അതിശക്തമായ ഡിജിമോഡേണിസ്റ്റ് പാഠനിര്‍മ്മിതിയായി വളരുകയും പ്രവണതയായി നിലയുറപ്പിക്കുകയും ചെയ്യുന്നുണ്ട്. ഡിജിറ്റല്‍യുഗം തുറന്നിട്ട പുതുസാഹിത്യപാഠനിര്മ്മിതിയെയും പാഠപരതയെയും മനസ്സിലാക്കാനുള്ള ശ്രമകരമായ പരിശ്രമങ്ങള്‍ക്കു മാത്രമേ ഇതിന്റെ സാംസ്കാരിക മനോഘടന പിടിതരുകയുള്ളു എന്നു കാണാം.
കുറിപ്പുകള്‍
(1). ഡിജിറ്റൈസേഷന്: അനലോഗ് (Analogue) രൂപത്തിലുള്ള വിവരങ്ങളെ ഡിജിറ്റല്‍ രൂപങ്ങളായി പരിവര്‍ത്തിപ്പിക്കുന്ന പ്രക്രിയയെയാണ് ഡിജിറ്റൈസേഷന് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വ്യാപകമായ കമ്പ്യൂട്ടര്‍ ഉപയോഗത്തിലൂടെയാണ് ഈ ഡിജിറ്റൈസേഷന് പ്രക്രിയ സാധ്യമാകുന്നത്.
(2). ഡിജിടെക്സ്റ്റ്: ഡിജിപാഠങ്ങള് അഥവാ ഡിജിടെക്സ്റ്റ് എന്നത് ഡിജിമോഡേണിസ്റ്റ് കാലത്തെ പാഠമാണ്. ഡിജിറ്റല്‍, പാഠം അഥവാ ടെക്സ്റ്റ് എന്നിവ ചേര്‍ന്നാണ് ഡിജിടെക്സ്റ്റ് എന്ന വാക്കുണ്ടായത്. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ മാത്രം എഴുതപ്പെടുകയും പ്രവര്‍ത്തിപ്പിക്കപ്പെടുകയും നിര്‍വ്വഹിക്കപ്പെടുന്നതുമായ പാഠങ്ങളെ ഡിജിടെക്സ്റ്റ് എന്ന് പറയാം. ഇതിനോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു പദമാണ് സൈബര്ടെക്സ്റ്റ് (Cybertext). അനലോഗ് രൂപത്തിലുള്ള ടെക്സ്റ്റിനെ ഡിജിറ്റല്‍ രൂപമാക്കുകയും എന്നാല്‍ പൂര്‍ണമായും ഡിജിടെക്സ്റ്റിന്റെ ഗുണനിലവാരത്തി ലേക്ക് എത്താത്തതുമായ പാഠമാണിത്.
(3). ഹൈപ്പര്‍ടെക്സ്റ്റ്: ഹൈപ്പര്‍ലിങ്കുകളിലൂടെ രൂപപ്പെടുന്ന ടെക്സ്റ്റുകള്‍. ഹൈപ്പര്ടെക്സ്റ്റുകളിലൂടെ വായനക്കാരന് ലിങ്കുകള്‍ ക്ലിക് ചെയ്ത് പുതിയവായനകളിലേക്ക് പലായനം ചെയ്യാന്‍ സാധിക്കുന്നു.
ഗ്രന്ഥസൂചി
മാനുവല്‍, കെ. ജോസ് (എഡി.), സൈബര്‍ ആധുനികത, സംവാദം സംസ്കാരം സംലയനം, ടേണ്‍ ബുക്സ്, കോട്ടയം, 2019.
ഹരികുമാര്‍ എ.കെ., ഉത്തര ഉത്തരാധുനികത, ആല്‍ഫ വണ്‍, തൃശ്ശൂര്‍, 2020.
Kirby, Alan, Digimodernism: How new technologies dismantle the Postmodern and Reconfigure our culture, Bloomsbury Academy, London, 2009.
Fiankelstein, David, et.al., The Book History Reader, Routledge, London And New York, 2006.
ലേഖനസൂചി
മിഥുന് സിദ്ധാര്ത്ഥന് (ഡോ.), “സ്റ്റീഫന്‍ ജയ്ഗോള്‍ഡിന്റെ ജ്ഞാനശാസ്ത്ര സമീപനങ്ങള്‍”, ലൂക്ക, 2021. https://luca.co.in/stephen-jay-gould/
സന്തോഷ് എച്ച്. കെ., “സമകാലീന നോവലിലെ ഡിജിമോഡേണിസ്റ്റുഭാവുകത്വം”, IJCRT, Vol. 6. 2018. https://ijcrt.org/papers/IJCRT1134217.pdf
Brandon, Bill, “Digimodernism and Learning”, Learning Guild, 2011. https://www.learningguild.com/articles/729/digimodernism-and-learning/
Malomfălean, Laurenţiu, “Hypertext. Cybertext. Digitext”, The Center for Imagination Studies, 2012. https://phantasma.lett.ubbcluj.ro/hipertext-cibertext-digitext/
അശ്വതി വിജയൻ
ഗവേഷക മലയാളവിഭാഗം, മഹാരാജാസ് കോളേജ്
എറണാകുളം
email: aswathyvijayan2094@gmail.com
Mob: 7558885282
Copyright © 2026 | WordPress Theme by MH Themes
