മാതൃഭാഷയും വിദ്യാഭ്യാസവും:

പി. പവിത്രന്റെ വീക്ഷണങ്ങൾ

ഒരു കോളനിയനന്തരവായന

» ആർ. പ്രദീപ്

ID: MRK0002

Published on October 01, 2025

Time: 10:00 AM IST

Thumbnail 2 DT
Thumbnail 2

പ്രബന്ധസംഗ്രഹം

ജനാധിപത്യപരമായ ഒരു സമൂഹത്തിന്റെ നിർമ്മാണത്തിന് അതത് പ്രദേശത്തെ ഭാഷ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതിനുവേണ്ടി ഓരോരുത്തർക്കും മാതൃഭാഷാബോധനവും മാതൃഭാഷയിലൂടെയുള്ള ബോധനവും ലഭിക്കുകയും മാതൃഭാഷാവബോധം ഉണ്ടായിരിക്കുകയും ചെയ്യുകയെന്നത് അത്യന്താപേക്ഷിതമാണ്. മാതൃഭാഷയുടെ ഈ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടുത്താനാണ് പി. പവിത്രൻ മാതൃഭാഷയെ സംബന്ധിച്ച തന്റെ ചിന്തകളിലൂടെയും എഴുത്തുകളിലൂടെയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന വ്യക്തിക്കും കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിനും അവരെ ചേർത്തുനിർത്തുന്നതിനും മാതൃഭാഷയിലൂടെ മാത്രമേ പൂർണമായും സാധിക്കുകയുള്ളൂ എന്നദ്ദേഹം ബോധ്യപ്പെടുത്തുന്നു. പൊതുവിദ്യാഭ്യാസം മാതൃഭാഷയിൽ ആയിരിക്കേണ്ടതിന്റെ പ്രാധാന്യം തന്റേതായ നിലപാടുകളിലൂടെ പി. പവിത്രൻ വ്യക്തമാക്കുന്നുണ്ട്. ഓരോരുത്തരുടെയും ഉള്ളിൽ ഇപ്പോഴും ഘനീഭവിച്ചുകിടക്കുന്നത് കൊളോണിയൽ ചിന്താഗതിയുടെ അടരുകളാണ്. ഓരോ വിഷയവും മാതൃഭാഷയിൽ പഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അതിനുള്ള പൗരരുടെ അവകാശങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഭാഷാചിന്തകളിലൂടെ വ്യക്തമാക്കുന്നു. ഈ ചിന്തകളാണ് മാതൃഭാഷയ്ക്ക് വേണ്ടി പോരാടാനും സാധാരണമനുഷ്യർക്കിടയിൽ നിന്നുകൊണ്ട് ഭാഷയ്ക്കുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹത്തിന് ഊർജ്ജവും പ്രചോദനവും നൽകിയത് എന്ന പരികല്പനയാണ് ഈ പ്രബന്ധം മുന്നോട്ടുവെയ്ക്കുന്നത്.


താക്കോൽ വാക്കുകൾ

ഭാഷയും വിജ്ഞാനവും, മാതൃഭാഷയും വിദ്യാഭ്യാസവും, കോളനിയനന്തരവാദം, വിജ്ഞാനോല്പാ ദനവും വിതരണവും.


ആമുഖം

ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നത് ഭാഷയാണ്. മനുഷ്യർ തമ്മിലുള്ള പരസ്പരബന്ധം നിലനിൽക്കുന്നതും ഭാഷയിന്മേലാണ്. ഒരു ജനാധിപത്യസമൂഹത്തിന്റെ പുരോഗതിക്ക് ഭാഷ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. കേരളത്തിലെ ജനങ്ങൾ അക്കാലത്തു നിലനിന്നിരുന്ന അയിത്തവും ജാതിമതദേശ ഭേദങ്ങളും മറന്ന് ആദ്യമായി ഒത്തുകൂടുന്നത് ഭാഷയ്ക്കുവേണ്ടിയാണ്. 1920ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്പൂർ സമ്മേളനത്തിലാണ് ഭാഷാടിസ്ഥാനത്തിലായിരിക്കണം സംസ്ഥാനരൂപീക രണം നടത്തേണ്ടത് എന്ന ആശയം ആദ്യമായി മുന്നോട്ടുവെയ്ക്കപ്പെടുന്നത്. പിന്നീട് 1921ൽ ഒറ്റപ്പാലത്തുവെച്ച് നടന്ന അഖിലകേരളരാഷ്ട്രീയസമ്മേളനത്തിൽ എല്ലാ ഭേദങ്ങളും മറന്ന് മലയാളഭാഷയ്ക്കു വേണ്ടി, മലയാളഭാഷ സംസാരിക്കുന്ന സംസ്ഥാനത്തിനുവേണ്ടി, ജനങ്ങൾ ഒത്തുകൂടി. നമ്മുടെ സാമൂഹികപരിഷ്കരണശ്രമങ്ങളോടൊപ്പം തന്നെ ഭാഷയ്ക്കുവേണ്ടിയുള്ള നവോത്ഥാന പ്രവർത്തനങ്ങളും നടന്നിരുന്നു. ജോർജ് മാത്തൻ, സഹോദരൻ അയ്യപ്പൻ, ജോഹന്നസ് ഫ്രോൺ മേയർ, മക്തി തങ്ങൾ തുടങ്ങിയവരെല്ലാംതന്നെ മാതൃഭാഷയ്ക്കുവേണ്ടി വാദിച്ചവരായിരുന്നു. സംസ്ഥാനം നിലവിൽ വന്നതിനു ശേഷം ആദ്യമുഖ്യമന്ത്രിയായിരുന്ന ഇ. എം. എസ്. മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മുഖ്യലക്ഷ്യമാക്കിയിരുന്നുവെങ്കിലും 1970-ഓടുകൂടി മധ്യവർഗജനതയുടെ ഇടയിൽ ഇംഗ്ലീഷ് ഭാഷയ്ക്കുള്ള സ്വാധീനം ശക്തമായി വർദ്ധിച്ചുകൊണ്ടിരുന്നു.

 

തുടർന്നുള്ള കാലഘട്ടങ്ങളിൽ മാതൃഭാഷയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കേണ്ട ദുര്യോഗം മലയാളികൾക്ക് വന്നുചേർന്നു എന്ന് പറയാതിരിക്കാനാവില്ല. സാമ്രാജ്യത്വത്തിൽനിന്ന് വിടുതി നേടിയെങ്കിലും ഇന്നും മലയാളികളുടെ മനസ്സ് കോളനീകരണത്തോട് വിട പറയുന്നില്ല. കോളനീകരണത്തിന്റെ ശേഷിപ്പുകൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നതുകൊണ്ടുതന്നെയാണ് ഇംഗ്ലീഷ് ഭാഷാപഠനത്തിനും ഇംഗ്ലീഷ് മാധ്യമത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും പ്രാധാന്യം നൽകുന്നത്. അങ്ങനെ പഠിപ്പിച്ചെങ്കിൽ മാത്രമേ ഉന്നതനിലവാരമുള്ള വിദ്യാഭ്യാസവും ജോലിയും ലഭിക്കുകയുള്ളൂ എന്ന ധാരണ വെച്ചുപുലർത്തുന്നതും അതുകൊണ്ടുതന്നെയാണ്. ഈ ഒരു ഘട്ടത്തിലാണ് പി. പവിത്രന്റെ ചിന്തകളും പ്രവർത്തനങ്ങളും പ്രസക്തമാകുന്നത്.

 

വിജ്ഞാനോല്പാദനവും വിതരണവും ഏറ്റവും സുഗമമായിട്ടുള്ളത് തങ്ങളുടെ മാതൃഭാഷയിലാണെന്ന യാഥാർത്ഥ്യം രക്ഷിതാക്കളും കുട്ടികളും ചില അധ്യാപകർപോലും മറക്കുന്നു അല്ലെങ്കിൽ മറന്നതായി ഭാവിക്കുന്നു. ഇംഗ്ലീഷിനോടുള്ള വിരോധമല്ല അദ്ദേഹത്തിൽ പ്രകടമാവുന്നത്. ഇംഗ്ലീഷെന്നല്ല, കഴിയുന്നത്ര ഭാഷകൾ പഠിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ തന്നെ തമിഴ്, കന്നട തുടങ്ങിയവയെല്ലാം മാതൃഭാഷയായ ഭാഷാന്യൂനപക്ഷങ്ങൾക്കും അവരുടെ മാതൃഭാഷയിലായിരിക്കണം വിദ്യാഭ്യാസം ലഭിക്കേണ്ടത് എന്ന വാദവും അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നു.

 

കോളനിയനന്തരവാദചിന്തകളാണ് ഭാഷാപരമായ പ്രശ്നങ്ങളിലേക്കുകൂടി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. മാതൃഭാഷയെ വൈകാരികമായ ഒരു തലത്തിലല്ല അദ്ദേഹം കാണുന്നത്. മുഴുവൻ വിജ്ഞാനങ്ങളും പകർന്നുനൽകാൻ ശേഷിയുള്ള വൈജ്ഞാനികഭാഷയായി മാതൃഭാഷയെ കാണുന്നു. ശിശുക്കളുടെ മാതൃഭാഷ അവരുടെ ആയമാരുടെ ഭാഷയാണ് എന്ന ദാന്തേയുടെ മാതൃഭാഷാനിർവചന ത്തോടാണ് അദ്ദേഹം കൂടുതൽ യോജിച്ചു കാണുന്നത്. കോടതിഭാഷ, വിദ്യാഭ്യാസമാധ്യമം, തൊഴിൽപരീക്ഷകളിലെ ചോദ്യപേപ്പറുകളുടെ മാധ്യമം തുടങ്ങിയവയെല്ലാംതന്നെ മലയാളത്തിൽക്കൂടി ലഭ്യമാകണമെന്ന് നിരന്തരം പറഞ്ഞുവെക്കുന്ന പി. പവിത്രന്റെ, വിദ്യാഭ്യാസമേഖലയിൽ മാതൃഭാഷയുടെ സ്വാധീനവും മാതൃഭാഷ നേരിടുന്ന വെല്ലുവിളികളും അവയുടെ പരിഹാരങ്ങളും വ്യക്തമാക്കുന്ന ചിന്തകളും അവയുടെ പ്രസക്തിയും പഠനവിധേയമാക്കാനാണ് ഈ പ്രബന്ധത്തിലൂടെ ലക്ഷ്യമാക്കുന്നത്. ജനാധിപത്യപരമായ ഒരു ദേശീയബോധം വളർത്തിയെടുക്കാനും ദേശത്തിന്റെ പുരോഗതിക്കും ഭാഷ വഹിക്കുന്ന പങ്ക് എന്തെല്ലാമാണെന്ന് പി. പവിത്രനെ വായിക്കുന്നതിലൂടെ സാംശീകരിച്ചെടുക്കുകയാണ് ഈ പ്രബന്ധത്തിലൂടെ ചെയ്യുന്നത്. മാതൃഭാഷയുടെ എല്ലാ ശേഷികളും ഉപയോഗപ്പെടുത്തിക്കൊണ്ട് വിജ്ഞാനഭാഷയാക്കി തീർക്കുമ്പോൾ മൂന്നാംലോകരാജ്യങ്ങളിലെ കോളനീകരണസ്വഭാവം ഏറെക്കുറെ തകർന്നുവീഴുമെന്ന യാഥാർത്ഥ്യം ഇതിലൂടെ അനാവരണം ചെയ്യപ്പെടും.

 

ഒറ്റവാക്കിൽ പറഞ്ഞാൽ കോളനീകരണകാലത്തെ സമരങ്ങളുടെ തുടർച്ചയാണ് കോളനിയനന്ത രവാദം. സാമ്രാജ്യത്വത്തിൽനിന്ന് വിടുതിനേടിയെങ്കിലും ഇന്നും പൂർണമായും കോളനീകരണസ്വഭാവ ത്തോട് വിട പറഞ്ഞിട്ടില്ല എന്നുമാത്രമല്ല, കൂടുതൽ അടുക്കുകയും ചെയ്യുന്നു. വിജ്ഞാനോല്പാദനവും വിതരണവും ഏറ്റവും സുഗമമായിട്ടുള്ളത് തങ്ങളുടെ മാതൃഭാഷയിലാണെന്ന യാഥാർത്ഥ്യം രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകർ പോലും മറക്കുന്നു അല്ലെങ്കിൽ മറന്നതായി ഭാവിക്കുന്നു. അതുകൊണ്ടുത ന്നെയാണ് ഇംഗ്ലീഷ് മാധ്യമത്തിൽ കുട്ടികളെ പഠിപ്പിക്കാൻ കാണിക്കുന്ന വ്യഗ്രത മലയാളികളുടെയി ടയിൽ കുറച്ചുകാലങ്ങളായി ശക്തമായി നിലനിൽക്കുന്നത്. 1867ൽ റവ.ജോർജ്ജ് മാത്തൻ കൊല്ലം കച്ചേരിയിൽ നടത്തിയ പ്രസംഗത്തിൽ ബാലാഭ്യസനം മാതൃഭാഷയിൽ ആയിരിക്കണമെന്ന് ഊന്നിപ്പറയുന്നുണ്ട്. ജോഹന്നസ് ഫ്രോൺ മേയർ, സഹോദരൻ അയ്യപ്പൻ, മക്തി തങ്ങൾ, . ആർ. രാജരാജവർമ്മ തുടങ്ങിയവരെല്ലാം തന്നെ ഈ വാദത്തെ ശക്തമായി അനുകൂലിക്കുന്നവരാണ്. എന്നാൽ അതിന്റെ ഒരു തുടർച്ച പിൽക്കാലത്ത് നഷ്ടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹികപരിഷ്കരണ നവോത്ഥാനപ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പുതിയകാലത്തെ ഭാഷാപ്രവർത്തനങ്ങളെ പി. പവിത്രൻ കാണുന്നത്. മാതൃഭാഷയെ വൈകാരികമായ തലത്തിലല്ല അദ്ദേഹം സ്പർശിക്കുന്നത്. മുഴുവൻ വിജ്ഞാനങ്ങളും പകർന്നുനൽകാൻ ശേഷിയുള്ള, സമൂഹനിർമ്മാണത്തിനുതകുന്ന ഒന്നായാണ് മാതൃഭാഷയെ അദ്ദേഹം കാണുന്നത്. വള്ളത്തോൾ പറഞ്ഞതുപോലെ പെറ്റമ്മയല്ല, പോറ്റമ്മയാണ് മാതൃഭാഷ എന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ അതോടൊപ്പംതന്നെ കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ കാര്യത്തിലും തന്റേതായ വീക്ഷണങ്ങൾ അവതരിപ്പിക്കുന്നുണ്ടദ്ദേഹം. അവരും തങ്ങളുടെ മാതൃഭാഷയിൽ തന്നെയായിരിക്കണം വിദ്യാഭ്യാസം പൂർത്തീകരിക്കേണ്ടത് എന്ന് വാദിക്കുന്ന അദ്ദേഹം ഇംഗ്ലീഷിനോട് ഒട്ടും വിരോധം പുലർത്തുന്നില്ല; എന്നു മാത്രമല്ല, കഴിയുന്നിടത്തോളം ഭാഷകൾ പഠിക്കണമെന്ന് ആഹ്വാനം നടത്തുകയാണ് ചെയ്യുന്നത്. ഭാഷയെ സാമൂഹ്യമായ ഒരു ശേഷിയായാണ് പി. പവിത്രൻ കാണുന്നത്.

 

1988ലാണ് സർക്കാർ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത്. തുടക്കത്തിൽ അഞ്ച്, എട്ട് ക്ലാസുകളിലാണ് ആരംഭിച്ചത്. പിന്നീട് മുപ്പത് കുട്ടികൾ ഉണ്ടെങ്കിൽ ഏത് ക്ലാസിലും തുടങ്ങാം എന്നായി. 5-6-2003ൽ ഇറങ്ങിയ ഉത്തരവനുസരിച്ച് ഒന്നാം ക്ലാസ് മുതൽതന്നെ ഗവണ്‍മെന്റ്, എയ്ഡഡ് വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മാധ്യമം ആരംഭിക്കാമെന്നായി. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ മികവ് നേടാനും, ഉപരിപഠനവും ജോലിനേടലും എളുപ്പമാക്കുന്നതിനും ഇംഗ്ലീഷ് മാധ്യമമായുള്ള പഠനം സഹായിക്കുന്നു എന്ന ചിന്തയാണ് ഇംഗ്ലീഷ് മാധ്യമത്തിൽ പഠിപ്പിക്കാൻ രക്ഷിതാക്കളെ പ്രേരിപ്പിക്കുന്നത് എന്ന് പ്രബന്ധകാരന് അന്വേഷണത്തിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ചില സ്കൂളുകളിൽ ഡിവിഷൻ നിലനിർത്താൻ അധ്യാപകർ തന്നെ ഇംഗ്ലീഷ് മാധ്യമത്തിൽ ചേർക്കാൻ നിർബന്ധിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യവും ഒരു വശത്ത് നിലനിൽക്കുന്നു. ഇതിന്റെ ഫലം എന്താണ്? 2001ൽ പത്താം ക്ലാസ് പരീക്ഷയെഴുതിയവരിൽ 91.89 ശതമാനംപേർ മലയാളമാധ്യമത്തിൽ ആയിരുന്നുവെങ്കിൽ 2021ൽ ഇത് 47.51 ശതമാനമായി കുറഞ്ഞിരിക്കുന്നു! 2025-ലാകട്ടെ 36.54 ശതമാനവും! ഈ വർഷം എസ്. എസ്. എൽ. സി. പരീക്ഷ യെഴുതിയ 4,26,697 കുട്ടികളിൽ 2,67,733 പേർ ഇംഗ്ലീഷ് മീഡിയത്തിലും 1,55,920 പേർ മലയാളം മീഡിയത്തിലുമുള്ളവരായിരുന്നു; മറ്റുള്ളവർ തമിഴ്,കന്നഡ മീഡിയത്തിലും. അപ്പോൾ വിമർശകർക്ക് ചില ചോദ്യങ്ങളുണ്ടാകാം. എന്തുകൊണ്ട് ഇംഗ്ലീഷ് മാധ്യമത്തിൽ പഠിച്ചു കൂടാ? ഏത് ഭാഷയിൽ പഠിച്ചാലും അറിവ് ലഭിച്ചാൽ പോരെ? അതിനുള്ള വ്യക്തമായ ഉത്തരങ്ങൾ പി. പവിത്രന്റെ ചിന്തകളിലൂടെ സഞ്ചരിക്കുമ്പോൾ നമുക്ക് ലഭിക്കുന്നു.

 

എന്തിന് മാതൃഭാഷാമാധ്യമത്തിൽ പഠിക്കണം?

പ്രൊഫഷണൽ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസമേഖലയാകെ ഇംഗ്ലീഷിന് അടിയറവ് പറയുന്നതിനെ ‘മലയാളത്തിന്റെ ഭാവി’ എന്ന കൃതിയിൽ കെ. സേതുരാമൻ വ്യക്തമായ കണക്കുകൾ നിരത്തിക്കൊണ്ട് വിമർശിക്കുന്നുണ്ട്. മാതൃഭാഷ എന്ന നിലയിൽ ലോകത്തിൽ ഇരുപത്തിയാറാം സ്ഥാനത്താണ് മലയാളം. മാത്രമല്ല, ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ശതമാനം ആളുകൾ സംസാരിക്കുന്ന മാതൃഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 96 ശതമാനം ആളുകൾ മലയാളഭാഷ സംസാരിക്കുന്നു. ഇതിനേക്കാൾ എത്രയോ കുറവ് ആളുകൾ മാതൃഭാഷ സംസാരിക്കുന്ന രാജ്യങ്ങളിൽ വിദ്യാഭ്യാസമാധ്യമം അവരുടെ മാതൃഭാഷ തന്നെയാണ്. മാതൃഭാഷയിൽ പഠിക്കുന്നതുകൊണ്ട് അവിടങ്ങളിൽ യാതൊരു പിന്നാക്കാവസ്ഥയും സൃഷ്ടിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല, പല മേഖലകളിലും മുന്നിട്ടുനിൽക്കാൻ അവിടെ പഠിച്ചിറങ്ങുന്ന വിദ്യാർഥികൾക്ക് സാധിക്കുന്നു എന്ന യാഥാർത്ഥ്യവും മനസ്സിലാക്കേണ്ടതുണ്ട്.

റഷ്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങി മാതൃഭാഷ മാധ്യമമായി പഠിപ്പിക്കുന്ന രാജ്യങ്ങളിലെ കുട്ടികളാണ് മാത്തമാറ്റിക്കൽ ഒളിമ്പ്യാഡ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ പോലും മുന്നിട്ടു നിൽക്കുന്നത്1. ലോകത്തിന്റെ നെറുകയിൽ എത്തിയ എത്രയോ മലയാളികൾ നമ്മുടെ സർക്കാർ വിദ്യാലയങ്ങളിൽ മലയാളമാധ്യമത്തിൽ പഠിച്ച് മുന്നേറിയവരാണെന്ന് പി. പവിത്രൻ ചൂണ്ടിക്കാണിക്കുന്നു. മാതൃഭാഷയിൽ പഠിക്കാൻ സാധിക്കാത്തത് ഭാഷാപരമായ മനുഷ്യാവകാശലംഘനമാണെന്ന യാഥാർത്ഥ്യത്തിലേക്കാണ് പി. പവിത്രൻ വിരൽ ചൂണ്ടുന്നത്. ആധുനികവിജ്ഞാനങ്ങൾ നാട്ടുഭാഷയിൽ പഠിക്കാത്തതുകൊണ്ടും പഠിപ്പിക്കാത്തതു കൊണ്ടും വിദ്യാഭ്യാസത്തിന്റെ ഗുണകരമായ വശങ്ങൾ സമൂഹത്തിൽ വ്യാപിക്കുന്നതിന് തടസ്സമാകുന്നു എന്ന് ഏ.ആറിന്റെ പ്രഭാഷണശകലം ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (പി. പവിത്രന്‍, 2014:154). ‘വീടും നാടും പ്രതിനിധാനം ചെയ്യുന്ന ഭാഷയിൽനിന്ന് വ്യത്യസ്തമായ സൂചകശൃംഖലയിലാണ് അവൻ/ൾ വിദ്യാലയത്തിൽ നിൽക്കുന്നത്. താനുപയോഗിക്കുന്ന പദങ്ങളുടെ സാമൂഹ്യവും സ്ഥലപരവുമായ അബോധം മറ്റൊന്നായതിനാൽ അവൻ/ൾ സാമൂഹ്യമായ ബന്ധത്തോട് കൂടിയല്ല പഠിച്ച് പുറത്തിറങ്ങുന്നത്‘ (പവിത്രൻ പി. 2014:161). അതുകൊണ്ടുതന്നെയാണ് അഗ്രികൾച്ചറൽ എൻജിനീയറിങ്ങും മറ്റ് പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ളവ പഠിച്ചിറങ്ങിയിട്ടും നമ്മുടെ കൃഷിക്കാരുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കാൻ പോലുമാകാതെ അവർക്ക് കുഴങ്ങേണ്ടി വരുന്നത്.

 

നാം ജീവിക്കുന്നത് നമ്മുടെ ബന്ധങ്ങൾ നിലനില്ക്കുന്ന സമൂഹത്തിലാണ്. ആ സമൂഹത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് നമ്മുടെ വിജ്ഞാനവും പ്രയോജനപ്പെടുത്തേണ്ടത്. അതുകൊണ്ടു തന്നെ ഉന്നതവിദ്യാഭ്യാസം ഉൾപ്പെടെയുള്ളവ മാതൃഭാഷയിൽതന്നെ പഠിക്കുമ്പോൾ മാത്രമാണ് നാം ജീവിക്കുന്ന സമൂഹവുമായി വൈകാരികമായ ഒരു ബന്ധം നിലനിർത്താൻ കഴിയുന്നത്. മെഡിക്കൽ, എൻജിനീയറിങ് വിഷയങ്ങളിൽ സാഹിത്യകൃതികൾ സൗന്ദര്യാത്മകവിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉൾപ്പെടുത്തണമെന്ന് പി. പവിത്രൻ വാദിക്കുന്നതും അതുകൊണ്ടുതന്നെയാണ്. രോഗം കണ്ടെത്തി ചികിൽസിക്കുക മാത്രമല്ല ഡോക്ടറുടെ ദൗത്യം; രോഗിയുമായി ഹൃദയം കൊണ്ടുകൂടി സംവദിച്ചു ആശ്വാസം നൽകാൻ കഴിയണം. അത് മാതൃഭാഷയിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഉന്നതവിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്ന ആളുകൾ നമ്മുടെ സമൂഹത്തിൽ ജോലി ചെയ്യുമ്പോൾ അത് കേവലം സാമ്പത്തികനേട്ടത്തിന് മാത്രമായി മാറുന്നതും സൗന്ദര്യാത്മകവിദ്യാഭ്യാസത്തിന്റെ കുറവാണ്. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾ ഉൾപ്പെടെയുള്ളവ മലയാളത്തിൽകൂടി പഠിക്കാൻ സർക്കാർ ഉത്തരവുണ്ടായിട്ടും നമ്മുടെ സംസ്ഥാനം അതിന് തയ്യാറാവുന്നില്ല. പഠിപ്പിക്കുന്ന അധ്യാപകരുൾപ്പെടെ യുള്ളവർ അതിന് തടസ്സമായി എക്കാലവും മൊഴിയുന്നത് സാങ്കേതികപദങ്ങളുടെ അഭാവമാണ്. അതിനുപരിഹാരമായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആരംഭത്തിൽ ലക്ഷ്യമാക്കിയ പ്രവർത്തനങ്ങൾ മലയാളസർവകലാശാല ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടേയും ഗവേഷകരുടേയും സഹകരണത്തോടെ മുന്നോട്ടുകൊണ്ടുപോയാൽ സാധ്യമാകുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. നമ്മുടെ ആരോഗ്യമാസി കകളിലും ശാസ്ത്രമാസികകളിലും മലയാളത്തിൽ ഒരുപിടി നല്ല ലേഖനങ്ങൾ എഴുതാൻ പലർക്കും സാധിക്കുന്നുണ്ടെന്ന് അവ വായിച്ചാൽ മനസ്സിലാകും. അത്തരത്തിൽ പാഠ്യവസ്തുക്കൾ മാതൃഭാഷയിൽ നിർമ്മിക്കുന്നതിലൂടെ മാതൃഭാഷയിലൂടെ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയോജനകരമാകും എന്ന് മാത്രമല്ല, വിദ്യാഭ്യാസം അതിന്റെ പരിപൂർണ്ണമായ ലക്ഷ്യം കൈവരിക്കുകയും ചെയ്യും എന്ന് വ്യക്തമാക്കിത്തരികയാണ് അദ്ദേഹം.

 

കേരളത്തിലെ ഇംഗ്ലീഷ് ഭാഷാപഠനം

വർഷങ്ങളോളം ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടും ആ ഭാഷ അനായാസമായി കൈകാര്യംചെയ്യാൻ കഴിയാത്ത ദുര്യോഗം വന്നുചേർന്നിട്ടുള്ളത് ഇംഗ്ലീഷ് ഭാഷാബോധനത്തിന്റെ പോരായ്മയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. ഇംഗ്ലീഷ് മാധ്യമത്തിൽ കുട്ടികളെ പഠിപ്പിച്ച് സ്വന്തം സമൂഹത്തിൽ നിന്നും പുറത്തുനിർത്തുന്നതിന് പകരം ഇംഗ്ലീഷ് ഭാഷാപഠനം കാര്യക്ഷമമായി മികവുറ്റതാക്കാനാണ് ശ്രമിക്കേണ്ടത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മാധ്യമത്തിൽ ക്ലാസുകൾ ആരംഭിച്ചപ്പോഴും പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലെയും ആലപ്പുഴ ജില്ലയിലെ പ്രീതികുളങ്ങരയി ലെയും വിദ്യാലയങ്ങൾ ഇംഗ്ലീഷ് മാധ്യമം ആരംഭിക്കാതെ തന്നെ മികവ് വർദ്ധിപ്പിച്ചു. അധ്യാപകരും രക്ഷാകർത്താക്കളും ചേർന്ന് ഇംഗ്ലീഷ് ഭാഷാപഠനം മികവുറ്റതാക്കി മാറ്റി. അനായാസം ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് കുട്ടികളെ വളർത്തിക്കൊണ്ടുവന്നു. മറ്റു വിഷയങ്ങളെല്ലാം അവർ മലയാളമാധ്യമത്തിൽ തന്നെ പഠിച്ചു. ഇത് കേരളത്തിലെ വിദ്യാലയങ്ങൾക്കാകെ മാതൃകയാണ്.

 

മാതൃഭാഷാപ്രസ്ഥാനപ്രവർത്തനങ്ങൾ

ഭാഷാപ്രവർത്തനങ്ങളിലൂടെ മാതൃഭാഷയിലധിഷ്ഠിതമായ, കെട്ടുറപ്പുള്ള ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരുന്നതിന് മാതൃഭാഷാപ്രസ്ഥാനങ്ങളുടെ കൂടി പ്രവർത്തനങ്ങൾ കൂടിയേ തീരൂ എന്ന ബോധ്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെയാണ് മലയാള ഐക്യവേദിയുടെ രൂപീകരണത്തിന് നേതൃത്വം വഹിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ തുടരുകയും ചെയ്യുന്നത്. സാമൂഹികമായ ഒരു ഭാഷാസങ്കല്പമാണ് പി. പവിത്രൻ മുന്നോട്ടുവയ്ക്കുന്നത്. ‘പണ്ഡിതന്മാർ തമ്മിലുള്ള ഐക്യമല്ല ജനതകൾ തമ്മിലുള്ള ഐക്യമാണ് വേണ്ടത്. ഒരു രാജ്യത്തെ ജനതയിലേക്കുള്ള വഴി അവിടത്തെ മാതൃഭാഷയിലൂടെയാണ്. മാതൃഭാഷകൾ ചേരുമ്പോൾ രൂപപ്പെടുന്നതാണ് ലോകഭാഷ. അല്ലാതെയുള്ള എല്ലാ ലോകഭാഷാ സങ്കല്പവും അക്രമോൽസുകമാണ്’ (പവിത്രൻ പി. 2014:106) എന്നു പറഞ്ഞുകൊണ്ട് ഏകഭാഷാസങ്കല്പത്തെ അദ്ദേഹം നിരാകരിക്കുന്നുണ്ട്. മാത്രമല്ല അക്കാദമികമായ മാതൃഭാഷാപ്രവർത്തനങ്ങൾ മതിയാവില്ലെന്നും ജനകീയമായ ബോധവൽക്കരണംകൂടി തങ്ങളുടെ ലക്ഷ്യം നിറവേറ്റുന്നതിന് അനിവാര്യമാണെന്നും അദ്ദേഹത്തിന് ബോധ്യമുണ്ട് എന്നുകൂടി ഈ വാക്കുകളിൽ പ്രകടമാണ്.

 

മാതൃഭാഷാപഠനത്തിന് അക്കാദമികമായി പി. പവിത്രൻ നൽകിയ സംഭാവനകൾ വളരെ വലുതാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലാണ് ‘മലയാളഭാഷയുടെ ആധുനികീകരണം’ എന്ന പേപ്പർ ആദ്യമായി മലയാളം ബിരുദാനന്തരബിരുദത്തിന്റെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഇപ്പോൾ മറ്റ് സർവകലാശാലകളിലും മലയാളപഠിതാക്കളുടെ പാഠ്യപദ്ധതിയിൽ ഇവ ഉൾപ്പെടുത്തിയിരിക്കുന്നു. അതിനുപുറമേ ജനകീയമായ ബോധവൽക്കരണംകൂടി അനിവാര്യമാ ണെന്ന് മലയാള ഐക്യവേദിയിലൂടെയുള്ള പ്രവർത്തനങ്ങളിലൂടെയും മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും അദ്ദേഹം വെളിവാക്കിത്തരുന്നുണ്ട്. ഏതൊരാൾക്കും മനസ്സിലാക്കാവുന്നരീതിയിൽ ഒരു ബുദ്ധിജീവി യുടെ മേലങ്കി അണിയാതെ നാട്ടുകാർക്കിടയിലേക്കിറങ്ങിച്ചെന്ന് സംസാരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. ‘മലയാളത്തിന് ഒരു സർവകലാശാല’ എന്ന ഒരു ലേഖനം 2006ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർന്ന് മലയാളസർവകലാശാല രൂപീകരിക്കുന്നതുവരെയും എന്തിനായിരിക്കണം മലയാളസർവകലാശാല എന്ന് വ്യക്തമാക്കിത്തരുന്ന ലേഖനങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തുവന്നു. മലയാളസർവകലാശാലയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “മലയാളം സർവകലാശാല എന്നാൽ പുളിയിലക്കരമുണ്ടും കസവ് നേര്യതും ഓണപ്പാട്ടും എന്നല്ല വൈജ്ഞാനികലോകത്തെ ആർജ്ജവത്തോടെ ആത്മവിശ്വാസത്തോടെ നോക്കാനുള്ള ഒരു ജനതയുടെ കരുത്ത് എന്നാണ് അർത്ഥം. പൊതുവിജ്ഞാനം കൊണ്ട് പാരമ്പര്യബന്ധങ്ങളെ നിരന്തരം നവീകരിക്കൽ ആണ് അത്” (പവിത്രൻ പി. 2014:163). ഇവയിൽ നിന്നും മലയാളസർവകലാശാലയെക്കുറിച്ച് കൃത്യമായ വീക്ഷണവും ധാരണയും അദ്ദേഹത്തിനുള്ളതായി വ്യക്തമാവുന്നതാണ്. അദ്ദേഹത്തെ ആഴത്തിൽ വായിക്കുമ്പോൾ ഭാഷാസൂത്രണത്തിൽ നിന്ന് ഭാഷാനയരൂപീകരണത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ടുവയ്ക്കുന്നത് എന്ന് വ്യക്തമാകും.

 

ഉപസംഹാരം

മാതൃഭാഷാവിദ്യാഭ്യാസത്തിന്റെയും വിജ്ഞാനസമൂഹത്തിന്റെയും പരസ്പരബന്ധത്തെക്കുറിച്ചുള്ള പി. പവിത്രന്റെ ആലോചനകൾ വളരെ തെളിച്ചമുള്ളതാണ്. ഉറച്ചുപോയ ഒരു വ്യവസ്ഥിതിയെ മാറ്റിയെടുക്കുകയെന്നത് ശ്രമകരമായ ദൗത്യമാണല്ലോ. ഈ ബോധ്യത്തോടുകൂടിത്തന്നെയാണ് മാതൃഭാഷയെക്കുറിച്ച് അദ്ദേഹം എഴുതുകയും ചിന്തിക്കുകയും പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്. അല്പം സമയമെടുത്താലും മാതൃഭാഷയോടുള്ള മലയാളിയുടെ സമീപനവും മാതൃഭാഷയുമായി ബന്ധപ്പെട്ട നിലവിലുള്ള മറ്റ് സാഹചര്യങ്ങളും മാറ്റിയെടുക്കാൻ കഴിയും എന്ന ബോധ്യത്തോടു കൂടിയാണ് മാതൃഭാഷാദൗത്യത്തിന് മാർഗനിർദ്ദേശം നൽകാനും അതിനുവേണ്ടി പ്രവർത്തിക്കാനും അദ്ദേഹം തയ്യാറാകുന്നത്. ഭരിക്കുന്നവരുടെയും ഭരിക്കപ്പെടുന്നവരുടെയും ഭാഷ ഒന്നായിരിക്കണമെന്നും കോടതിഭാഷ മാതൃഭാഷ ആയിരിക്കണമെന്നും വിദ്യാഭ്യാസമാധ്യമം മാതൃഭാഷ ആയിരിക്കണമെന്നു മെല്ലാം വാദിക്കുന്ന പി. പവിത്രൻ ഭാഷയെക്കുറിച്ച് രാഷ്ട്രീയവും സാമൂഹികവുമായ സങ്കല്പം മുന്നോട്ടുവയ്ക്കുന്നു.

 

സകലമേഖലകളിലുമുള്ള വിജ്ഞാനവും മാതൃഭാഷയിൽ ലഭ്യമാക്കുന്നതിലൂടെ കൂടുതൽ ആഴത്തിൽ അവയെക്കുറിച്ച് മനസ്സിലാക്കാനും അവയെക്കുറിച്ചുള്ള ആലോചനകൾ കഴമ്പുള്ളതാക്കാനും പുതിയ കണ്ടെത്തലുകളിലേക്കും സൃഷ്ടികളിലേക്കും നയിക്കാനും സാധിക്കുന്നു എന്ന ഉത്തമബോധ്യം അദ്ദേഹത്തെ വായിക്കുമ്പോൾ വ്യക്തമാകുന്നതാണ്. പടിഞ്ഞാറ് രൂപപ്പെടുന്ന വിജ്ഞാനം മാത്രമാണ് മാലോകരെല്ലാം അംഗീകരിച്ച വിജ്ഞാനം എന്നുള്ള ധാരണയിൽനിന്ന് മാറി മൂന്നാംലോകരാജ്യങ്ങളിൽ നിർമിക്കപ്പെടുന്ന വിജ്ഞാനവും സ്വയം അംഗീകരിക്കാൻ സ്വദേശത്തുളളവർ തയ്യാറാകണം. ഭാഷാപരമായ ദേശീയബോധം വളർത്താൻ തുടങ്ങിയപ്പോഴാണ് വിജ്ഞാനഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് ഭാഷ വികസിച്ചത് എന്ന് വ്യക്തമാക്കുന്ന അദ്ദേഹം ഇംഗ്ലീഷാണ് ലോകഭാഷ എന്ന മലയാളിയുടെ മിഥ്യാധാരണയെ പൊളിച്ചെഴുതുന്നു. മാതൃഭാഷ പഠിക്കുന്നതിനും മാതൃഭാഷയിലൂടെ പഠിക്കുന്നതിനുമുള്ള അവസരം നിഷേധിക്കപ്പെടുക എന്ന അവസ്ഥ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന ഒരു സമീപനരീതിയാണ്. ശാസ്ത്രവിഷയങ്ങൾ ഉൾപ്പെടെയുള്ളവ മലയാളത്തിൽ പഠിക്കാനും പഠിപ്പിക്കാനും സാധ്യമാവുന്ന തരത്തിൽ നമ്മുടെ വിദ്യാലയങ്ങളെയും സർവ്വകലാശാലകളെയും മാറ്റിയെടുക്കണമെന്ന് പി.പവിത്രൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ഈ പ്രബന്ധത്തിലെ കണ്ടെത്തലുകൾ താഴെ പറയുംവിധം ക്രോഡീകരിക്കാം:

മാതൃഭാഷ എന്നത് ഒരു നവോത്ഥാനസങ്കല്പമാണ്. കേരളത്തിലെ സാമൂഹിക പരിഷ്കരണനവോ ത്ഥാന പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് നമ്മുടെ ഭാഷാപ്രവർത്തനങ്ങളെ കാണേണ്ടത് എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തുന്നു. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനരൂപീകരണത്തോടെ ഭാഷാപ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല എന്നും സമകാലികസാഹചര്യങ്ങളിലുയരുന്ന പ്രശ്നങ്ങളെ മാതൃഭാഷാപ്രവർത്തനങ്ങളിലൂടെയും സൗന്ദര്യാത്മകവിദ്യാഭ്യാസത്തിലൂടെയും ഒരു പരിധി വരെ നേരിടാൻ കഴിയുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഇങ്ങനെ ഭാഷാപ്രശ്‍നം ഒരു രാഷ്ട്രീയപ്രശ്നമാകുന്നു.

 

അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന അക്കാദമികസമൂഹത്തിന്റെ പ്രവർത്തനങ്ങളും പൊതുജനങ്ങളുടെ പ്രവർത്തനങ്ങളും ഒരുമിച്ചുചേർന്നാൽ മാത്രമേ ഈ മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ കഴിയൂ എന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ട്.

യൂറോപ്യർ നിർമ്മിച്ച ജ്ഞാനത്തിനപ്പുറം ഒട്ടേറെ വിജ്ഞാനങ്ങൾ നമ്മുടെ ഭാഷയിലൂടെ നിർമ്മിച്ചെടുക്കുന്നുണ്ട് എന്നും ‘യുക്തിഭാഷ’ പോലെ ആഴത്തിലുള്ള ഗ്രന്ഥങ്ങളുടെ പാരമ്പര്യം തെളിവുകളായി നിരത്തി അദ്ദേഹം വ്യക്തമാക്കുന്നു. ഇതിലൂടെ മലയാളിയെ ഒരു വിശ്വപൗരനായി ഉയർത്താനുള്ള ശ്രമമാണ് തന്റെ ഭാഷാപ്രവർത്തനങ്ങളിലൂടെ പി.പവിത്രൻ നടത്തിക്കൊണ്ടിരിക്കുന്നത്.

കോളനീകരണകാലത്തെ സമരങ്ങളുടെ തുടർച്ചയായ കോളനിയനന്തരവാദത്തെക്കുറിച്ചുള്ള ചിന്തകളാണ് പി. പവിത്രനെ മാതൃഭാഷാപ്രവർത്തനത്തിൽ സജീവമാകുന്നതിനുള്ള പ്രചോദനമായത്.

ഭാഷാസൂത്രണത്തിൽ നിന്ന് ഭാഷാനയരൂപീകരണത്തിലേക്ക് നയിക്കുകയാണ് തന്റെ പ്രവർത്തനലക്ഷ്യമെന്ന് ഉത്തമബോധ്യമുള്ളതായി പി. പവിത്രനെ വായിക്കുന്നതിലൂടെ വ്യക്തമാകുന്നു.

 

കുറിപ്പുകൾ

ഇന്റർനാഷണൽ മാത്തമാറ്റിക്കൽ ഒളിമ്പ്യാഡിലെ ഔദ്യോഗികഫലങ്ങൾ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്.

മാരാരിക്കുളം സൗത്ത് പഞ്ചായത്തിലെ പ്രീതികുളങ്ങരയിലെ ടി.എം.പി.എൽ.പി. സ്കൂൾ പി.ടി.. കേവലം രണ്ട് വർഷം കൊണ്ട് ഏറ്റവും നല്ല പി.ടി.. പ്രവർത്തനത്തിന് സംസ്ഥാനതലത്തിൽ അവാർഡ് നേടി. അവിടുത്തെ കുട്ടികൾ ശ്രീ. തോമസ് ഐസക്കുമായി ഇംഗ്ലീഷിൽ സംവദിക്കുകയുണ്ടായി.

 

ഗ്രന്ഥസൂചി

പവിത്രൻ പി. മാതൃഭാഷക്കു വേണ്ടിയുള്ള സമരം മലയാളഐക്യവേദി, ചെറുതുരുത്തി. 2014.

…………………, എല്ലാ കേരളീയരും വായിച്ചറിയുവാൻ, മലയാളഐക്യവേദി, ചെറുതുരുത്തി, 2022.

…………………, ദേശഭാവനയുടെ ഭാഷാരാഷ്ട്രീയം, ഫാബിയൻ ബുക്സ്, മാവേലിക്കര, 2023.

സേതുരാമൻ കെ., മലയാളത്തിന്റെ ഭാവി ഭാഷാ ആസൂത്രണവും മാനവവികസനവും, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2023.

 

ലഘുലേഖകൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ലഘുലേഖകൾ.

മലയാള ഐക്യവേദിയുടെ ലഘുലേഖകൾ.

About the researcher:

ആർ. പ്രദീപ്

ഗവേഷകൻ, സാഹിത്യരചനാസ്കൂൾ

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല

 

 

email: pradeeppnrkarumathil@gmail.com

Mob: 8606700921 

3 2 votes
Article Rating
Subscribe
Notify of
guest
0 Comments
Newest
Oldest Most Voted

Subscription Form

Fill out the form below and pay subscription fee to subscribe our journal's printed edition for one year. (You need to pay Rs. 1200 for One Year Subscription. You will get 4 Issues in one year with Paperback Printing and Perfect Binding features)