» ശ്രീജ പി.
ID: MRK0012
Published on October 01, 2025
Time: 10:00 AM IST
പ്രബന്ധസംഗ്രഹം
അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ ഉൾപ്പെടുന്ന, സ്ത്രീകൾ, ഇതര സംസ്ഥാനത്തൊഴിലാളികൾ, മതന്യൂനപക്ഷങ്ങൾ എന്നിവർ നേരിടുന്ന പ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുവിരലാണ് കെ.ആർ അപർണയുടെ ‘പോസിഡോൺ‘ എന്ന ചെറുകഥ. ‘സ്ത്രീശബ്ദം‘ മാസികയുടെ ഒക്ടോബർ ലക്കത്തിലാണ് കഥ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗ്രീക്കു പുരാണപ്രകാരം സമുദ്രങ്ങളുടെയും ഭൂകമ്പത്തിന്റെയും കുതിരകളുടെയും ദേവനായ പോസിഡോണിന്റെ നാമത്തിൽ രചിക്കപ്പെട്ട ചെറുകഥ വായനക്കാരുടെ ചിന്തകളെ വ്യത്യസ്ത തലങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു. 1972ൽ ‘ദ പോസിഡോൺ അഡ്വഞ്ചർ’ എന്ന പേരിൽ പുറത്തിറങ്ങിയ അമേരിക്കൻ ഡിസാസ്റ്റർ ചലച്ചിത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറുകഥയാണിത്. സമുദ്രത്തിലുണ്ടാകുന്ന ഭൂകമ്പത്തെത്തുടർന്ന് മുങ്ങാൻ പോകുന്ന ആഡംബരക്കപ്പ ലിലെ യാത്രക്കാരിൽ പലരെയും രക്ഷപ്പെടാൻ സഹായിക്കുകയും ആത്മധൈര്യവും പ്രതീക്ഷയും കൈവിടാതെ സമചിത്തതയോടെ തുടരാൻ അവരെ പ്രചോദിപ്പിക്കുകയും ചെയ്ത റവറന്റ് ഫ്രാങ്ക് സ്കോട്ടിന്റെ പ്രവൃത്തികളുടേതിന് സമാനമാണ് ചെറുകഥയിലെ വസുധയുടെ പ്രവൃത്തികൾ. ഉഗ്രസ്ഫോട നത്തിൽ കപ്പൽ കുലുങ്ങുമ്പോൾ മറ്റു യാത്രക്കാരുടെ രക്ഷയ്ക്കായി റവറന്റ് സ്കോട്ട്, തന്റെ ജീവൻ ദൈവത്തിനർപ്പിക്കുന്നുണ്ട്. ഉരുൾപ്പൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട ബസിൽ ജീവനോടെ അവശേഷിച്ച ഒരേ ഒരു വ്യക്തിയായ ആഖിലിനെ ആരെങ്കിലും രക്ഷപ്പെടുത്തുന്നതുവരെ അവനിൽ പ്രതീക്ഷ നിലനിർത്തുവാൻ ശ്രമിക്കുകയാണ് വസുധയുടെ ആത്മാവ്. ആഖിലും വസുധയുടെ ആത്മാവും തമ്മിലുള്ള സംഭാഷണം അരികുവൽക്കരിക്കപ്പെട്ടവരുടെ ജീവിതാനുഭവങ്ങളെ അനാവരണം ചെയ്യുകയാണ്.
അരികുവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ ചെറുകഥ നന്നായി വെളിപ്പെടുത്തു ന്നുണ്ട്. 1969ൽ പോൾ ഗല്ലിക്കോ രചിച്ച ‘ദ പോസിഡോൺ അഡ്വഞ്ചർ’ എന്ന നോവലിനെ ആധാരമാക്കി തയ്യാറാക്കപ്പെട്ട ഒന്നാം ചലച്ചിത്രം 1972ലാണ് പ്രദർശനത്തിനൊരുങ്ങിയത്. നോവ ലിലും ചലച്ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു റവറന്റ്സ്കോട്ട്. പോസിഡോൺ എന്ന ചെറുകഥയെയും ‘ദ പോസിഡോൺ അഡ്വഞ്ചർ’ എന്ന ചലച്ചിത്രത്തെയും അടിസ്ഥാനമാക്കിയുള്ള താരതമ്യപഠനമാണ് ഈ പ്രബന്ധത്തിലൂടെ നടത്തുന്നത്.
താക്കോൽ വാക്കുകൾ
പോസിഡോൺ, ഡിസാസ്റ്റർ, അരികുവൽക്കരണം, ആത്മധൈര്യം
ആമുഖം
തുല്യപരിഗണന ലഭിക്കേണ്ട ഇടങ്ങളിൽ നിന്ന് ചില വിഭാഗങ്ങളെ മാറ്റിനിർത്തുന്ന പ്രക്രിയയാണ് അരികുവൽക്കരണം. സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചേരാൻ അനുവദിക്കപ്പെ ടാതെ, ചൂഷണങ്ങൾക്കു വിധേയരാകുന്നവരാണ് അരികുവൽക്കരിക്കപ്പെട്ടവർ. അവർ നിരന്തര അവഗണനയ്ക്കും അപമാനത്തിനും വിധേയരാകാറുണ്ട്. താഴ്ന്ന സാമൂഹ്യപദവിയാണ് അവർക്ക് നൽകപ്പെടാറുള്ളത്. തങ്ങൾ മറ്റു വിഭാഗങ്ങളെക്കാൾ കഴിവുകുറഞ്ഞവരും പ്രാധാന്യമില്ലാത്തവരുമാണ് എന്ന ബോധം അവരിൽ അടിച്ചേൽപ്പിക്കപ്പെടുകയാണ്. ദേശീയത, ലിംഗഭേദം, നിറം, മതം, ഭാഷ ഇവയെല്ലാം അരികുവൽക്കരണ ത്തിനു കാരണമാകാറുണ്ട്. ന്യൂനപക്ഷ മത വിഭാഗങ്ങൾ, കുടിയേറ്റക്കാർ, ഗോത്രവർഗക്കാർ തുടങ്ങിയവർ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളാണ്. “ദേശീയത, ലിംഗഭേദം, താമസസ്ഥലം എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യരെയും സ്വതന്ത്രരും, അന്തസ്സിലും അവകാശങ്ങ ളിലും തുല്യരായി” (Universal Declaration of Human Rights, Preview, 1949:2) ജനിച്ചവരുമായി അംഗീകരിക്കാൻ 1948 ഡിസംബർ പത്തിന് പാരീസിൽ നടന്ന യുണൈറ്റഡ് നേഷൻസിന്റെ മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടന രാജ്യത്തെ പൗരന്മാർക്ക് ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങളിലും തുല്യതയ്ക്കു പ്രാധാന്യമുണ്ട്. എല്ലാ മനുഷ്യരെയും തുല്യരായി പരിഗണക്കണമെന്ന വ്യവസ്ഥയുണ്ടെങ്കിലും അവ പലപ്പോഴും പാലിക്കപ്പെടു ന്നില്ല. എല്ലാവർക്കും ‘സ്വാതന്ത്ര്യത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം’ എന്ന സാഹചര്യം ഇപ്പോഴും സംജാതമായിട്ടില്ല എന്ന സത്യമാണ് പോസിഡോൺ എന്ന ചെറുകഥയിലൂടെ വെളിപ്പെടുന്നത്.
അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ശക്തീകരണവും ഉന്നമനവും ഉറപ്പുവരുത്തുകയും സമൂഹത്തിലെ വിവിധ ശ്രേണികൾ തമ്മിലുള്ള അന്തരം കുറയ്ക്കുകയും ചെയ്യുക എന്നതാണ് പ്രബന്ധത്തിലൂടെ ലക്ഷ്യമാക്കുന്നത്. സമാന ഇതിവൃത്തത്തിലൂടെ കടന്നുപോകുന്ന രണ്ട് സാഹിത്യ രൂപങ്ങളെ താരതമ്യം ചെയ്യുന്നതിന് താരതമ്യപഠന രീതിശാസ്ത്രവും ശ്രേണീകരണ രീതിശാസ്ത്രവും അവലംബിച്ചാണ് പ്രബന്ധം മുന്നോട്ടു പോകുന്നത്.
മകളുടെ സ്കൂളിലെ പിടിഎ യോഗം കഴിഞ്ഞ് വീട്ടിലേക്ക് പോകുവാൻ ബസ്സിൽ കയറിയ വസുധ ബസ്സിൽ ഇരുന്നുകൊണ്ട്, വീട്ടിലെത്തിയശേഷം തനിക്ക് ചെയ്തുതീർക്കാനുള്ള ജോലികളെ കുറിച്ച് ചിന്തിക്കുന്നു. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും ബസ്സിലേക്ക് കയറിയ ചെറുപ്പക്കാരനെ അവൾ കണ്ടുവെങ്കിലും ശ്രദ്ധിക്കുന്നില്ല. ശക്തമായ തലവേദനയുണ്ടെങ്കിലും വീട്ടിലെ ജോലികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഉറപ്പുള്ളതിനാൽ ഒരു ഡോളോ വിഴുങ്ങാം എന്ന് കരുതി ചിന്തകൾ തുടരുമ്പോഴാണ് പെട്ടെന്നുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ബസ്സിനെ എടുത്തെറിഞ്ഞത്. വസുധ ഇരുന്നിരുന്ന ഭാഗം ചെളിയിലേക്ക് പൂണ്ടുപോവുകയും അവളുടെ ശ്വാസകോശത്തിലേക്ക് ചെളി കയറി അവൾ ശ്വാസം എടുക്കാൻ കഷ്ടപ്പെടുകയും ചെയ്തു. വസുധ മുങ്ങിപ്പോകുന്നത് കണ്ടു രക്ഷിക്കാൻ ശ്രമിക്കുന്നത് തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും കയറിയ ചെറുപ്പക്കാരനാണ്. അയാൾ ഒരുപാട് ശ്രമിച്ചിട്ടും വസുധയെ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീവൻ നഷ്ടപ്പെട്ട വസുധയുടെ ആത്മാവും അവളെ രക്ഷിക്കാൻ കഴിയാതെ പോയതിൽ സങ്കടപ്പെടുന്ന ചെറുപ്പക്കാരനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
വസുധയുടെ ആത്മാവ് ചെറുപ്പക്കാരനോട് പേരെന്താണ് എന്നു ചോദിക്കുമ്പോൾ ആഖിൽ എന്നാണ് അവൻ പറഞ്ഞതെങ്കിലും അഖിൽ എന്നാണ് അവൾ അവനെ വിളിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്ന് ഉപജീവനത്തിനായി കേരളത്തിലേക്ക് എത്തിയ ആ ചെറുപ്പക്കാരൻ ഇൻന്റർലോക്ക് കട്ടകൾ നിർമ്മിക്കുന്ന കമ്പനിയിലാണ് ജോലിയെടുക്കുന്നത്. ഉത്തര ദക്ഷിണ സംസ്കാരങ്ങളുടെ സംയോജനമാണ് ആഖിലിനെ പോലെയുള്ള ചെറുപ്പക്കാരുടെ ആഗമനം കൊണ്ട് ഉണ്ടായിട്ടുള്ളത് എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ആഖിലിന്റെ ജോലിയായ ‘ഇന്റർലോക്ക്’. വസുധയുടെ ആത്മാവും ആഖിലും തമ്മിലുണ്ടായ സൗഹൃദം കൊണ്ട്, ജീവനോടെ അവശേഷിക്കുന്ന അവനെ മറ്റാരെങ്കിലും രക്ഷിക്കുന്നതുവരെ അവന് ധൈര്യം കൊടുത്ത്, പ്രതീക്ഷ നിലനിർത്താനും ആശ്വാസം പകരാനുമാണ് വസുധയുടെ ആത്മാവ് ശ്രമിക്കുന്നത്.
വസുധയെക്കുറിച്ചുള്ള ആഖിലിന്റെ ചോദ്യങ്ങൾക്ക് അവൾ തന്റെ വീട്ടിൽ ഓരോ ദിവസവും താൻ ചെയ്യാറുള്ള ജോലികളെക്കുറിച്ച് അവനോട് വിശദീകരിക്കുന്നു. വീടിന്റെ ഉള്ളിൽ വിരിച്ചിട്ടുള്ള വെളുത്ത ടൈലുകൾ തുടച്ചു വൃത്തിയാക്കുവാനും വെളുത്ത ഫാനുകൾ കൂടുതൽ മനോഹരമാക്കുവാനും വെള്ള കർട്ടനുകൾ അലക്കാനും വീട്ടിൽ അല്പം പോലും പൊടികയറാതെ എല്ലാ വീട്ടുപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുവാനും വസുധ ഒരുപാട് ശ്രദ്ധിച്ചിരുന്നു. വീട് ഏറ്റവും മനോഹരമായി കണ്ടില്ലെങ്കിൽ തന്റെ ഭർത്താവ് കോപം പ്രകടിപ്പിക്കാറുണ്ടെന്ന് വസുധ ഓർമ്മിക്കുന്നു. വസുധ മരിച്ചുപോയി എന്നതിനേക്കാൾ ആഖിലിനെ സങ്കടപ്പെടുത്തിയത് ജീവിച്ചിരുന്നപ്പോൾ അവൾ സ്വസ്ഥത അനുഭവിച്ചിട്ടില്ല എന്ന സത്യമാണ്. ജീവൻ നഷ്ടപ്പെട്ട് മണിക്കൂറുകൾ പിന്നിടുകയും കണ്ടെടുക്കപ്പെട്ടാൽ ആചാരപ്രകാരം സംസ്കരിക്കുകയും ചെയ്യുന്നതുവരെ ജീവിതത്തിൽ സന്തോഷിച്ച, സ്വന്തം കഴിവുകളിൽ അഭിമാനിച്ച നിമിഷങ്ങളെക്കുറിച്ച് സംസാരിക്കാൻ ആഖിൽ വസുധയോട് ആവശ്യപ്പെടുന്നുണ്ട്. പതിനേഴു വർഷത്തെ വിവാഹ ജീവിതത്തിനിടയിൽ താൻ സ്വന്തം ഇഷ്ടങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നുവോ എന്ന് വസുധ ഓർത്തു നോക്കുന്നു. ഓർമ്മകൾ പിന്നോട്ട് പായുമ്പോൾ നീല പാവാടയും വെള്ള ഷർട്ടും ധരിച്ച് മുടി ഇരുവശത്തും മെടഞ്ഞിട്ട മുപ്പത്തൊന്നാം റോൾ നമ്പർകാരിയായ ഒരു പെൺകുട്ടിയെ അവൾക്ക് കാണാൻ കഴിയുന്നു. ആ പെൺകുട്ടി താൻ തന്നെയായിരുന്നോ എന്ന് അതിശയത്തോടെ വസുധ ചിന്തിക്കുന്നു. ‘വയലിൻ പെട്ടി പൂട്ടി തോളിൽ കൂടെ നടുപ്പുറത്തേക്ക് ഞാത്തിഇട്ടുകൊണ്ട്’ ഒരുപാട് വേദികളിലേക്ക് കയറിപ്പോകാറുള്ള വസുധ എന്ന പെൺകുട്ടിയിൽ നിന്ന് ശൗചാലയത്തിൽ ഇരിക്കുമ്പോൾ പോലും വീട്ടിൽ ചെയ്തുതീർക്കാൻ ബാക്കിയുള്ള ജോലികളെക്കുറിച്ച് ആകുലയാകുന്ന വീട്ടമ്മയിലേക്കുള്ള ദൂരം എത്ര കൂടുതലാണെന്നോർത്ത് അവൾ ആശ്ചര്യപ്പെടുന്നു.
വസുധ എന്നാൽ ഭൂമി. കഥാപാത്രത്തിന് വസുധ എന്നു പേര് നൽകിയതിൽ നിന്ന് സ്ത്രീയെക്കുറിച്ചുള്ള ‘ക്ഷമയാ ധരിത്രി’ എന്ന് ഗുണവിശേഷത്തെ എടുത്തു പറയാറുള്ള പരമ്പരാഗത സ്ത്രീ സങ്കല്പത്തെ വായനക്കാർക്ക് കണ്ടെത്താം. ജന്മനാടിനെയും വീട്ടുകാരെയും ഇഷ്ടങ്ങളെയും മറന്ന് പുതിയൊരു വീട്ടിലെത്തി അവിടെ വേരൂന്നി പടരാൻ ശ്രമിക്കുന്ന ഓരോ പെൺജീവിതവും അർഹമായ പരിഗണന ലഭിക്കാതെ വാടി വീഴുമ്പോഴും അതിന് ഉത്തരവാദികളായവരെ കുറ്റപ്പെടുത്തുന്നില്ല; തന്റെ പരാജയത്തിന് താൻ മാത്രമാണ് കാരണക്കാരി എന്ന് പ്രഖ്യാപിക്കാറാണു പതിവ്. സ്വന്തം സങ്കടങ്ങളെക്കുറിച്ച് അവർ ഓർക്കാറില്ല. തന്റെ ജീവിതം അവസാനിച്ചു എന്നതിനേക്കാൾ വസുധയെ വേദനിപ്പിക്കുന്നത് തന്റെ വിയോഗം ഭർത്താവിനെയും മക്കളെയും സങ്കടപ്പെടുത്തുമെന്നതാണ്. സ്വന്തമെന്ന് താൻ വിശ്വസിച്ചിരുന്നതൊന്നും യഥാർത്ഥത്തിൽ സ്വന്തമേയല്ല എന്ന തിരിച്ചറിവ് വസുധയ്ക്ക് ലഭിക്കുന്നത് മരണശേഷമാണ്. താൻ എന്തായിരുന്നുവോ അതേ രീതിയിൽ തുടരാൻ, തന്നെ പിന്തുണയ്ക്കുന്നവരാണ് ‘സ്വന്തം’ എന്നു തിരിച്ചറിയാൻ ഭൂരിഭാഗം സ്തീകളും ഏറെ വൈകാറുണ്ട്.
വളരെ മനോഹരമായി, വൃത്തിയായി, ഒരു നുള്ള് പൊടിപോലും കയറാതെ വീട് സൂക്ഷിച്ച വസുധ മരിക്കുന്നത് ശ്വാസകോശത്തിൽ ചെളി നിറഞ്ഞതുകൊണ്ടാണ്. അവളുടെ മരണം വലിയൊരു യാഥാർത്ഥ്യത്തിലേക്ക് വായനക്കാരെ നയിക്കുന്നുണ്ട്. ഭർത്താവിനും മക്കൾക്കും ഭർതൃകുടുംബത്തിനും വേണ്ടി എത്ര കഷ്ടപ്പെട്ടാലും വീട്ടമ്മയ്ക്ക് ലഭിക്കാനുള്ളത് കുറ്റപ്പെടുത്തലാണ്. പാൽ തിളച്ചു തൂവാതെ സൂക്ഷിക്കുന്ന, കറിയിൽ ചേരുവകൾ കിറുകൃത്യമായി ചേർക്കുന്ന, വീട്ടിൽ അഴുക്കുപുരളാതെ നോക്കുന്ന, കുടുംബാംഗങ്ങളുടെ വസ്ത്രങ്ങളിൽ ഒട്ടും ചുളിവ് വീഴാതെ പരിപാലിക്കുന്ന ഒട്ടനവധി സ്ത്രീകൾ കുറ്റങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടുകൊണ്ട് വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കഴിയുന്നുണ്ട്.
ആഖിലിന്റെ വേവലാതി തന്റെ ആധാർ കാർഡ് നഷ്ടപ്പെട്ടതിനെക്കുറിച്ചാണ്. ആഖിൽ അയ്യൂബ് എന്ന തനിക്ക് ആധാർ കാർഡില്ലാതെ ജന്മരാജ്യത്ത് ജീവിക്കാൻ സാധ്യമാകില്ല എന്ന ഭയം അവനെ അലട്ടുന്നു. ഇതിലും ഭേദം മരണമാണ് എന്നവൻ ചിന്തിക്കുന്നു “ആധാർ നമ്പർ പോലും അറിയാത്ത ഞാൻ രക്ഷപ്പെട്ടിട്ട് എന്തിനാണ്” എന്നയാൾ ചോദിക്കുന്നുണ്ട്. ആഖിൽ അയ്യൂബിന്റെ ചോദ്യം സമകാലിക ഭാരതീയ സമൂഹത്തിൽ പ്രസക്തമാണ്. ആധാർ കളഞ്ഞു പോയാൽ മറ്റു വഴികളില്ലേ എന്നു വസുധ ചോദിക്കുമ്പോൾ “ആ വഴികൾ മുള്ള് പാകിയതാവും, പൊളിഞ്ഞ ചില്ലു പാകിയതാവും” എന്ന് ആദിൽ പറയുന്നു. പിറന്നുവീണ നാട്ടിൽ, പിച്ചവെച്ച മണ്ണിൽ അന്യനായിത്തീർന്നേക്കാം എന്ന ഭയം ആഖിലിനെ അലട്ടുന്നുണ്ട്.
ആഖിൽ എന്ന പദത്തിനർത്ഥം ജ്ഞാനി എന്നാണ്. തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന പരാജയം മറ്റു പെൺകുട്ടികൾക്കും ഉണ്ടാകാൻ ഇടവരരുതെന്ന തീവ്രമായ ആഗ്രഹം വസുധയ്ക്കുണ്ട്. അതുകൊണ്ടുതന്നെയാണ് വീടിന്റെ അകത്തളങ്ങളിലെ അശാന്തിയിൽ നിന്ന് അവരെ മോചിപ്പിച്ച്, അവർക്കിഷ്ടപ്പെട്ട മേഖലയിലേക്ക് എത്തിച്ചേരാൻ അവരെ സഹായിക്കണമെന്ന് അവൾ ആഖിലിനോട് ആവശ്യപ്പെടുന്നത്. വിവാഹമാണ് പെൺകുട്ടിയുടെ ഏറ്റവും വലിയ ജീവിത ലക്ഷ്യമെന്നും വിവാഹിതയല്ലാത്ത സ്ത്രീ സമൂഹത്തിന് അനഭിമതയാണ് എന്നുമുള്ള പാരമ്പര്യ സങ്കല്പത്തെ തൂത്തെറിയുവാനും സ്വത്വത്തെ ഹനിക്കുന്ന, ആപൽക്കരമായ ബന്ധങ്ങളിൽ നിന്ന് മോചനം നേടി, പൊതു സമൂഹത്തിൽ സ്വപ്രയത്നത്താൽ തന്റേതായ ഒരിടം കണ്ടെത്തണമെന്നുള്ള ശക്തമായ ആഹ്വാനമാണ് കഥയിലൂടെ വെളിപ്പെടുന്നത്.
കഴിവുകൾ അംഗീകരിക്കപ്പെടാതെ, അടിച്ചമർത്തപ്പെടുമ്പോൾ പ്രകൃതി ദുരന്തത്തേക്കാൾ വലിയ ദുരന്തമാണ് യഥാർത്ഥത്തിൽ പെൺ മനസ്സിൽ ഉണ്ടാകുന്നതെന്നും അത്തരം സന്ദർഭങ്ങളിൽ അവളെ ശക്തീകരിക്കാനും പ്രതികരണ ശേഷി വളർത്താനും ആരെങ്കിലുമുണ്ടെങ്കിൽ അവൾക്ക് അതിജീവനം സാധ്യമാകുമെന്ന സന്ദേശം കഥയിലൂടെ ലഭിക്കുന്നു. തന്റെ ഉള്ളിലെ കഴിവുകളെ ഊതിക്കാച്ചി തിളക്കം കൂട്ടാൻ കഴിയുന്ന സ്ത്രീകൾക്ക് ജീവിതത്തിൽ മുന്നേറാം എന്ന് പോസിഡോൺ എന്ന ചെറുകഥ ഓർമ്മപ്പെടുത്തുന്നു. പ്രകൃതി ദുരന്തങ്ങൾ സൃഷ്ടിക്കുന്ന പോസിഡോൺ ദേവനെപ്പോലും തന്റെ സംഗീതത്തിന്റെ മാസ്മരികത കൊണ്ടു നിയന്ത്രിക്കാൻ കഴിവുള്ള കലാകാരന്മാരെപ്പോലെയാകട്ടെ വരും തലമുറയിലെ പെൺകുട്ടികൾ എന്ന പ്രതീക്ഷ കഥ മുന്നോട്ടു വെയ്ക്കുന്നു.
ഭിന്നമായ സംസ്കാരം പുലർത്തുന്ന ജനങ്ങൾക്കിടയിൽ ജോലി ചെയ്തു ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴും അനതിവിദൂരഭാവിയിൽ ആഖിൽ അയ്യൂബിനെ പോലെയുള്ളവർ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ച് ചെറുകഥയിൽ സൂചനയുണ്ട്. നാനാത്വത്തിൽ ഏകത്വമാണ് ഭാരതത്തിന്റെ പ്രത്യേകത എന്ന് അഭിമാനത്തോടെ പറയുമ്പോഴും നാനാത്വത്തെ അംഗീകരിക്കാനുള്ള വിശാലമനസ്കത നഷ്ടപ്പെട്ടു പോകുന്നുവെന്നതു സങ്കടകരമാണ്. അരികുവൽക്കരിക്ക പ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും മാന്യമായ ജീവിതസാഹചര്യവും സാമൂഹ്യ പദവിയും ഉറപ്പുവരുത്താനും ഓരോവ്യക്തിയും ബാധ്യസ്ഥനാണ് എന്ന് ഓർമ്മപ്പെടുത്തുവാൻ പോസിഡോൺ എന്ന ചെറുകഥക്കു കഴിയുന്നു.
‘ദി പോസിഡോൺ അഡ്വഞ്ചർ’ എന്ന പേരിൽ 1969ൽ പോൾ ഗല്ലിക്കോ രചിച്ച നോവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കപ്പെട്ട ഒന്നാം ചലച്ചിത്ര ആവിഷ്കാരം 1972ൽ അതേ പേരിൽ പുറത്തിറങ്ങി. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ (Atlantic Ocean) സഞ്ചരിക്കുന്ന ആഡംബര കപ്പൽ കൂറ്റൻ തിരമാലകളിൽ ആടിയുലഞ്ഞ് കടലിനടിത്തട്ടിലേക്കു മുങ്ങാനൊരുങ്ങുമ്പോൾ അതിലെ ഭൂരിഭാഗം യാത്രക്കാരെയും രക്ഷിക്കാൻ മനക്കരുത്ത് പ്രകടിപ്പിച്ച സഞ്ചാരിയാണ് റവറന്റ് ഫ്രാങ്ക് സ്കോട്ട്. കപ്പലിലെ യാത്രക്കാർ പുതുവത്സരത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു. വളരെ ആഹ്ലാദകരമായ സന്ദർഭത്തിലാണ് അപ്രതീക്ഷിതമായി സമുദ്രത്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ഫലമായി തിരമാലകൾ ഭയാനകമാംവിധത്തിൽ ഉയർന്ന് കപ്പലിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്തിയത്. കപ്പൽ മുങ്ങാൻ തുടങ്ങുകയാണെന്ന് തിരിച്ചറിയുന്ന യാത്രക്കാർ പരിഭ്രാന്തരാകുകയും രക്ഷാമാർഗം തേടുകയും ചെയ്യുന്നു. റവറന്റ് ഫ്രാങ്ക് സ്കോട്ട് യാത്രക്കാരിൽ പ്രതീക്ഷയുണർത്തുകയും രക്ഷപ്പെടാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു. തന്നെ പിന്തുടരാൻ അദ്ദേഹം യാത്രക്കാരോട് നിർദ്ദേശിക്കുന്നു. റവറന്റ് സ്കോട്ടിനെ പിന്തുടരുന്നതിനിടയിൽ ഇരുമ്പു പാനൽ തകർന്നും, വെള്ളത്തിലേക്കു വീണും പലരും മരണത്തിന്റെ പിടിയിലമർന്നു. റവറന്റ് സ്കോട്ട് അവശേഷിക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിനായി കപ്പലിന്റെ അടിത്തട്ടിലേക്ക് നയിക്കുന്ന വാതിലിന് തടസ്സമായി നിന്ന വാൽവിൽ തൂങ്ങിക്കിടന്ന് അതിനെ എതിർ ദിശയിലേക്ക് തിരിച്ച് വാതിൽ തുറന്ന് മറ്റുള്ളവർക്ക് രക്ഷപ്പെടാനുള്ള മാർഗമൊരുക്കുന്നു. പെട്ടെന്നുണ്ടായ ഉഗ്രസ്ഫോടനത്തിൽ തീ ആളിപ്പടരുകയും അദ്ദേഹം തീയിൽപ്പെട്ടു മരിക്കുകയും ചെയ്യുന്നു.
ക്രിസ്തീയവിശ്വാസപ്രകാരം പുരോഹിതർ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരാണ്. ലൗകിക ജീവിതം നയിക്കുന്നവരെ ആത്മീയ പ്രഭാവത്തിലൂടെ ദൈവത്തിലേക്കടുപ്പിക്കുന്നവരാണവർ. ഭൗതിക ലോകത്തിൽ സ്വന്തം നിയോഗം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നതിനോടൊപ്പം അനശ്വര ലോകത്തെക്കുറിച്ചുള്ള ദർശനവും അവർ ഉൾക്കൊള്ളുന്നു. ക്രിസ്തുവിന്റെ കുരിശുമരണം മാനവരാശിയുടെ രക്ഷയ്ക്കു വേണ്ടിയായിരുന്നു. പൗരോഹിത്യ ജീവിതം തിരഞ്ഞെടുക്കുന്നവർ സ്വജീവിതത്തിലൂടെ മനുഷ്യനന്മയ്ക്കും സേവനത്തിനും ലോകശാന്തിക്കും വേണ്ടി പ്രവർത്തിക്കുമെന്ന വ്രതം സ്വീകരിച്ചവരാണ്. അതുകൊണ്ടുതന്നെയാണ് റവറന്റ് സ്കോട്ട് തന്റെ ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനു പ്രാധാന്യം നൽകിയത്. സ്വാർത്ഥചിന്ത വെടിഞ്ഞു ലോകനന്മയ്ക്കായി പ്രവർത്തിക്കുകയെന്ന ക്രിസ്തു ദർശനമാണ് ആ പുരോഹിതനിലൂടെ പ്രേക്ഷകർ തിരിച്ചറിയുന്നത്.
മനുഷ്യൻ അവനവനിലേക്കു മാത്രം ചുരുങ്ങുകയും സ്വകാര്യതയിൽ അഭിരമിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. ലോകത്ത് സംഭവിക്കുന്ന പല കാര്യങ്ങളും തന്നെ ബാധിക്കുന്നവയല്ലെന്ന മട്ടിൽ ജീവിക്കാനാണ് ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്നത്. സഹജീവികളുടെ ദുഃഖങ്ങൾ മനസ്സിലാക്കാനും അവരെ ചേർത്തുപിടിക്കാനും തയ്യാറുള്ളവർ വിരളമാണ്. മനുഷ്യ ജീവിതം നശ്വരമാണെന്നും നാം ഇഹലോകത്തു ചെയ്യുന്ന സത്കർമ്മങ്ങളാണു മരണ ശേഷം നമ്മെ രേഖപ്പെടുത്താനുള്ള അടയാളങ്ങൾ എന്നുമുള്ള സത്യം ഉൾക്കൊണ്ട മനുഷ്യർ പരോപകാരം ചെയ്യാൻ സന്നദ്ധരാകുന്നു. ആപത്ഘട്ടത്തിൽ മുൻപരിചയമില്ലാത്ത ആളുകളെപ്പോലും പരിഗണിക്കുകയും മറ്റൊന്നും തിരികെ പ്രതീക്ഷിക്കാതെ സഹായിക്കുകയും ചെയ്യുകയെന്നത് ഉന്നതമായ മാനുഷിക മൂല്യമാണ്.
കപ്പലിന്റെ കടലിനടിയിലേക്കുള്ള പതനം സമ്പത്തും ആഡംബരവും ഒരുക്കുന്ന കെണിയിലേക്കു വീഴുന്ന മനുഷ്യരുടെ അവസ്ഥയെ സൂചിപ്പിക്കുന്നു. ജീവിതത്തിലേക്കുള്ള മടങ്ങിവരവ് വലിയൊരു തിരിച്ചറിവു നൽകുന്നു. മനുഷ്യരുടെ സാമ്പത്തിക സ്ഥിതിയും സാമൂഹ്യ പദവിയും വ്യത്യസ്തമാണെങ്കിലും ജീവനുവേണ്ടി പോരാടുമ്പോൾ എല്ലാ മനുഷ്യരുടെയും ചേതോവികാരം ഒന്നു തന്നെയാണെന്നു ചലച്ചിത്രം ഓർമ്മപ്പെടുത്തുന്നു. ആകസ്മികമായ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ പതറിപ്പോകുന്ന മനുഷ്യർക്ക് കരുത്തുപകരാൻ ആരെങ്കിലും ഉണ്ടാകുമ്പോൾ വർധിത വീര്യത്തോടെ പോരാടാനും പ്രതിസന്ധികളെ മറികടക്കാനും അവരെ പ്രാപ്തരാക്കുന്നു.
ഉപസംഹാരം
ചലച്ചിത്രത്തിലും കഥയിലും ഉപയോഗിക്കപ്പെട്ട ശക്തമായ സിംബൽ ആണ് ആർത്തലച്ചു വരുന്ന വെള്ളം. ജലം ജീവന്റെ ഉറവിടം എന്നതു പോലെ തന്നെ സർവനാശത്തിന്റെ പ്രതീകവുമാകുന്നു. ഭൂമിയുടെ നാലിൽ മൂന്നു ഭാഗവും ജലമാണ്. മനുഷ്യശരീരത്തിലും നിറഞ്ഞുനിൽക്കുന്നത് ജലാംശം തന്നെ. ജലത്തിന്റെ സാന്നിധ്യം സാന്ത്വനവും ആശ്വാസവും പകരുന്നതാണ്. ചില സന്ദർഭങ്ങളിൽ സഞ്ചാര പാതയിലുള്ള എല്ലാത്തിനെയും വിഴുങ്ങിക്കൊണ്ടു പായുന്ന ജലപ്രവാഹം മനുഷ്യനെ ഭയപ്പെടുത്തുന്നു. ജീവനുകളെ രക്ഷിക്കാൻ നിയുക്തരായവർ അതിന്റെ സംഹാര ഭാവം കണ്ടു ഭയപ്പെടാതെ അതിനെ മനക്കരുത്തുകൊണ്ട് അതിജീവിക്കുവാൻ തയ്യാറാവുന്നു. ജീവിതത്തിലേക്കു തിരികെ നടന്നുകയറുന്നവർ പരസ്പര സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്ന സത്യം തിരിച്ചറിയുന്നു. ക്ഷണികമായ മനുഷ്യ ജീവിതത്തിൽ ജാതി മത വർഗ വർണ ലിംഗഭേദങ്ങൾക്ക് അമിതപ്രാധാന്യം നൽകേണ്ടതില്ലെന്നും സമത്വമാണ് വലിയ മൂല്യമെന്നുമുള്ള ചിന്ത പകരുന്നതിൽ ചെറുകഥയും ചലച്ചിത്രവും വിജയിച്ചിട്ടുണ്ട്.
ഗ്രന്ഥസൂചി
അധ്യാപക ലോകം, കെ.എസ്.ടി.എ. സ്റ്റേറ്റ് കമ്മിറ്റി, തിരുവനന്തപുരം, ഒക്ടോബർ 2024.
യു .എൻ .മനുഷ്യാവകാശ പ്രഖ്യാപന രേഖ, യു . എൻ ജനറൽ അസംബ്ലി, ന്യൂയോർക്ക്, 1948.
ഇന്ത്യൻ ഭരണഘടന – മൗലികാവകാശങ്ങൾ, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി, 26 നവംബർ 1949.
ദൃശ്യസൂചിക
Ronald Neame, The Poseidon Adventure, (America /English/1972/117”), Kent Productions, Ltd.
ശ്രീജ പി.
ഗവേഷക, വിമല കോളേജ് (ഓട്ടോണമസ്), തൃശ്ശൂർ
email: nairsreeja379@gmail.com
Mob: 83040 39568
Copyright © 2026 | WordPress Theme by MH Themes
