» അനഘ വി. യു.
ID: MRK0009
Published on October 01, 2025
Time: 10:00 AM IST
മലയാളസാഹിത്യത്തിൽ ട്രാൻസ്ജെന്റർ ദൃശ്യതയെ അടയാളപ്പെടുത്തുന്ന കൃതികൾ വളരെകുറവാണ്. അതിൽ തന്നെ ട്രാൻസജെന്റർ വ്യക്തികൾ കർത്തൃത്വ പദവിയിലേക്ക് ഉയരുന്ന കൃതികൾ വിരളവും. മലയാളത്തിലെ ക്വീർ സാഹിത്യത്തിന് ബൃഹത്തായൊരു ചരിത്രം അവകാശപ്പെടാൻ ഇല്ലെങ്കിലും കഥാസാഹിത്യത്തിൽ മുപ്പതുകളോടെ തന്നെ പല നിലയ്ക്കുള്ള അനുരണനങ്ങൾ കാണാൻ കഴിഞ്ഞിരുന്നു. 1937ൽ തകഴിയുടെ ‘സാഹോദര്യം’ എന്ന കഥ ക്വീർ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു കൃതിയാണ്. ആദ്യകാലങ്ങളിൽ ഇത്തരം കൃതികൾക്ക് വലിയൊരു സ്വീകാര്യത ഒന്നും ലഭിച്ചിരുന്നില്ല. രണ്ട് പുരുഷന്മാർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ തകഴി വിശേഷിപ്പിച്ചത് ‘സാഹോദര്യം’ എന്നാണ്. ആ കാലത്ത് മറ്റൊരു പേരിട്ടും ആ ബന്ധത്തെ വിശദീകരിക്കുക സാധ്യമല്ല. അതിനു ശേഷം 1947കളോടു കൂടി ബഷീറിന്റെ ‘ശബ്ദങ്ങൾ’ പുറത്തുവരുന്നു. ട്രാൻസ്ജെന്ന്റർ ദൃശ്യത പ്രകടമാകുന്ന ആദ്യത്തെ കൃതിയാണ് ‘ശബ്ദങ്ങൾ’. ഇങ്ങനെ ചുരുക്കം ചില കൃതികൾ മാത്രമാണ് അക്കാലത്ത് എഴുതപ്പെട്ടിട്ടുള്ളത്. അവയ്ക്കൊക്കെയും അപരനോട്ടത്തിന്റെ ഭാഷയായിരുന്നു. ഓരോ കാലത്തും ഈ നോട്ടത്തിന് പല ഭാഷ്യങ്ങളായിരുന്നു. അതിനാൽ പല കാലങ്ങളിൽ രചിക്കപ്പെട്ട മൂന്ന് കൃതികളാണ് ഇവിടെ പഠനവിധേയമാക്കുന്നത്. എം.എം. മനോജിന്റെ ‘ഹിജഡ’, എച്ച്മുകുട്ടിയുടെ ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ എന്നീ നോവലുകളും പ്രമോദ് രാമന്റെ ‘ഛേദാംശ ജീവിതം’ എന്ന കഥയുമാണ് ഈ പഠനത്തിനാധാരം.
മൂന്ന് കാലത്തിൽ എഴുതപ്പെട്ട കൃതികൾ എപ്രകാരമാണ് സമുഹത്തോട് സംവദിക്കുന്നതെന്നും കേരളത്തിന്റെ പരിസരത്ത് നിന്ന് ട്രാൻസ്ജെന്ന്റർ ജീവിതങ്ങളെ ചിത്രീകരിക്കുന്ന രചനകളൊന്നും സൃഷ്ടിക്കപ്പെടാത്തതിന്റെ സാമൂഹ്യ സാഹചര്യവും വിശകലനം ചെയ്യുകയാണ് പ്രബന്ധ ലക്ഷ്യം.
താക്കോൽ വാക്കുകൾ
ക്വീർ, ട്രാൻസ്ജെൻന്റർ, ലിംഗപരമായ ദ്വന്ദ്വാത്മകത
ആമുഖം
ട്രാൻസ്ജെന്റർ സ്വത്വത്തെ ആവിഷ്കരിക്കുന്ന കൃതികൾ മലയാളത്തിൽ വിരളമാണ്. 1937-ൽ തകഴിയുടെ ‘സാഹോദര്യം’, നാലപ്പാട് നാരായണമേനോന്റെ ‘രതിസാമ്രാജ്യം’, 1947-ൽ ബഷീറിന്റെ ‘ശബ്ദങ്ങൾ’, 1947-ൽ തന്നെ മാധവികുട്ടിയുടെ ‘സ്ത്രീ’ എന്ന കഥ, 1954-ൽ പെരുന്ന തോമസ് എഴുതിയ ‘എന്റെ ചീത്ത കഥകൾ’ 1952-ൽ എൻ. പി.മുഹമ്മദിന്റെ ‘തിരമാല’, 1968-ൽ തകഴിയുടെ ‘പെണ്ണ്’ തുടങ്ങി ചുരുക്കം ചില കൃതികളാണ് മലയാളത്തിൽ അക്കാലത്ത് രചിക്കപ്പെട്ടത്.
1937-ൽ തകഴിയുടെ ‘സാഹോദര്യം’ ക്വീർ പശ്ചാത്തലമുള്ള ഒരു കഥയാണ് പറയുന്നത്. തകഴി അതിന് നൽകിയിരിക്കുന്ന പേര് സാഹോദര്യം എന്നാണ്. കഥ നടക്കുന്നത് ഒരു ജയിലിലാണ്. ജയിലിലെ ഒരേ സെല്ലിലെ തടവുകാരായ ഒരു ചെറുപ്പക്കാരനും വൃദ്ധനും പരസ്പരം വളരെയേറെ അടുത്തു കഴിയുമ്പോഴാണ് ആ ചെറുപ്പക്കാരൻ ജയിൽ മോചിതനാകുന്നത്. പുറത്തിറങ്ങിക്കഴിഞ്ഞിട്ടും ചെറുപ്പക്കാരന് വൃദ്ധനെ പിരിഞ്ഞിരിക്കാൻ സാധിക്കാതെ വരുന്നു. മറ്റൊരു കുറ്റകൃത്യം ചെയ്ത് അയാൾ പിന്നെയും ജയിലിൽ എത്തപ്പെടുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് അറിയുന്നത് പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലം വൃദ്ധൻ മരണമടഞ്ഞിരിക്കുന്നു എന്ന്. ഇതറിയുന്നതും ആ ചെറുപ്പക്കാരൻ വല്ലാതെ തളർന്നു. അഗാധമായ ഒരു സൗഹൃദമെന്നോ സാഹോദര്യമെന്നോ സ്നേഹമെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന ബന്ധം അവർക്കിടയിൽ നിലനിന്നിരുന്നു. പിരിയാൻ കഴിയാത്ത എന്തോ ഒന്ന്. രണ്ട് പുരുഷന്മാർ തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ തകഴി വിശേഷിപ്പിച്ചത് “സാഹോദര്യം” എന്നാണ്. അക്കാലത്ത് മറ്റൊരു പേരിട്ടും ആ ബന്ധത്തെ വിശദീകരിക്കുക സാധ്യമല്ല. മലയാളിയുടെ വികലമായ ലൈംഗിക ധാരണകളെയും കപടസദാചാര ബോധത്തെയും തിരുത്തിയ ആദ്യ ലൈംഗിക വിജ്ഞാന കൃതിയായിരുന്നു നാലപ്പാടിന്റെ ‘രതിസാമ്രാജ്യം’.
മലയാളസാഹിത്യത്തിൽ ട്രാൻസ്ജെൻന്റർ ദൃശ്യത പ്രകടമാകുന്ന ആദ്യത്തെ കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ശബ്ദങ്ങൾ’ (1947). അലസമായ ജീവിതം നയിക്കുന്ന കേന്ദ്ര കഥാപാത്രം അയാളുടെ പ്രണയത്തെക്കുറിച്ചുള്ള കഥ പറയുന്ന സന്ദർഭത്തിലാണ് ട്രാൻസ്ജെൻന്റർ സ്വത്വമുള്ള കഥാപാത്രം കടന്നുവരുന്നത്. എട്ടാം അദ്ധ്യായത്തിന് ‘ആൺവേശ്യ’ എന്ന പേരാണ് ബഷീർ നൽകിയിരിക്കുന്നത്. പെൺ–ആൺ സ്വത്വങ്ങളെ മാത്രം കണ്ടു പരിചയമുള്ള അന്നത്തെ സാമൂഹിക അന്തരീക്ഷത്തിൽ ‘ആൺവേശ്യ’ എന്ന പദമാണ് ബഷീർ തെരഞ്ഞെടുത്തത്. ഹിജഡ കൂട്ടായ്മക്കുള്ളിലെ ഒരു പ്രതിനിധിയാണ് നോവലിൽ പ്രത്യക്ഷപ്പെടുന്ന ട്രാൻസ്ജെന്റർ സ്വത്വം. മുകളിൽ സൂചിപ്പിച്ച കൃതികൾ കൂടാതെ ‘നപുംസകങ്ങൾ’ (മാധവിക്കുട്ടി, 1983), ‘ഹിജഡ’ (മനോജ് എം. എം, 1986), ‘ഹിജഡ’ (നാരായണപിള്ള എം. പി, 1997), ‘ഹിജഡയുടെ കുട്ടി’ (ഇന്ദു മേനോൻ, 2007), ‘ബുധ സംക്രമണം’ (ദിലീപ് കുമാർ കെ, 2010), ‘ഛേദാംശ ജീവിതം’ (പ്രമോദ് രാമൻ, 2011), ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ (എച്ച്മുക്കുട്ടി, 2017) തുടങ്ങിയ ചുരുക്കം കൃതികൾ മാത്രമാണ് ക്വീർ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടവ. ഇവയിൽ നിന്നും തെരഞ്ഞെടുത്ത മൂന്ന് കൃതികളാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
അപര നോട്ടത്തിന്റെ ഭാഷകൾ
ഹിജഡ (1983)
എം. എം. മനോജിന്റെ 1983-ൽ പ്രസിദ്ധീകരിച്ച ഹിജഡ എന്ന നോവൽ, ഇന്ത്യൻ സാഹിത്യത്തിൽ ഹിജഡ സമുദായത്തിന്റെ ജീവിതത്തെ കേന്ദ്രീകരിക്കുന്ന ഒരു അപൂർവ്വ രചനയാണ്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തിൽ, ഹിജഡ കൂട്ടായ്മയുടെ സങ്കീർണ്ണമായ ജീവിതവും അവരുടെ ലൈംഗിക–ലിംഗപരമായ വൈവിധ്യങ്ങളും, സാമൂഹിക–സാംസ്കാരിക സന്ദർഭങ്ങളും വിശദമായി അവത രിപ്പിക്കുന്ന ഈ നോവൽ, സമൂഹത്തിന്റെ അരികുവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ജീവിതത്തി ലേക്ക് വെളിച്ചം വീശുന്നു. എന്നാൽ, ഈ നോവലിന്റെ പ്രമേയവും അവതരണവും വിമർശനാത്മകമായി പരിശോധിക്കുമ്പോൾ, അതിന്റെ ശക്തിയും പരിമിതികളും വ്യക്തമാകുന്നു.
ഹിജഡ എന്ന നോവൽ, സഹറൻപൂരിലെ ഒരു ഗ്രാമത്തിൽ നിന്ന് മുംബൈയിലെ ഹിജഡ സമുദായത്തിലേക്ക് എത്തിച്ചേരുന്ന നരേഷ് യാദവ് എന്ന യുവാവിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് വികസിക്കുന്നത്. ലിംഗഛേദന ശസ്ത്രക്രിയയിലൂടെ രാധികയായി മാറുന്ന നരേഷിന്റെ ജീവിതം, ഹിജഡ സമുദായത്തിന്റെ ആന്തരിക ഘടന, ആചാരങ്ങൾ, വിശ്വാസങ്ങൾ, ഉപജീവന മാർഗങ്ങൾ എന്നിവയെ വെളിപ്പെടുത്തുന്നു. മുംബൈ എന്ന മഹാനഗരം, വൈവിധ്യത്തിന്റെയും അവസരങ്ങളുടെയും കേന്ദ്രമായി രിക്കെ, ഹിജഡ സമുദായത്തിന്റെ അരികുവൽക്കരിക്കപ്പെട്ട ജീവിതത്തിന്റെ യാഥാർത്ഥ്യവും അവർ അനുഭവിക്കുന്ന ദുരിതവും നോവലിൽ ഒപ്പിയെടുക്കുന്നു. നോവലിന്റെ മുഖ്യ പ്രമേയം, ലൈംഗിക–ലിംഗപരമായ വൈവിധ്യമുള്ള വ്യക്തികളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളാണ്. ഹിജഡ സമുദായത്തിന്റെ ഗുരു–ചേലാ സമ്പ്രദായം, ഭിക്ഷാടനം, ശിശുജനനത്തിനും വിവാഹത്തിനും അനുഗ്രഹം നൽകുന്ന ആചാരങ്ങൾ, ലൈംഗിക തൊഴിലിലൂടെ ഉപജീവനം നടത്തുന്നവർ എന്നിവയെല്ലാം നോവലിൽ വിശദമായി ചിത്രീകരിക്കുന്നു. ഇതോടൊപ്പം, ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, ബൈസെക്ഷ്വൽ തുടങ്ങിയ ലൈംഗിക–ലിംഗപരമായ സ്വത്വങ്ങൾ അനുഭവിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെ, നോവൽ സമൂഹത്തിന്റെ ലിംഗപരമായ ദ്വന്ദ്വാത്മകതയ്ക (Binary Gender Norms) വെല്ലുവിളിക്കുന്നു.
നോവലിലെ കേന്ദ്ര കഥാപാത്രമായ രാധിക (നരേഷ് യാദവ്) ഒരു ട്രാൻസ്വുമണാണ്. അവരുടെ ഗ്രാമീണ ജീവിതത്തിൽ നിന്ന് മുംബൈയിലെ ഹിജഡ കൂട്ടായ്മയിലേക്കുള്ള യാത്ര, ലിംഗസ്വത്വത്തിന്റെ പരിവർത്തനത്തിന്റെ ഒരു പ്രതീകാത്മക യാത്രയാണ്. എന്നാൽ, രാധികയുടെ ജീവിതം ഒരു വ്യക്തിഗത കഥ മാത്രമല്ല; ഹിജഡ സമുദായത്തിന്റെ സാമൂഹിക–സാംസ്കാരിക ജീവിതത്തിന്റെ പ്രതിനിധാനമാണ്. നോവലിലെ മറ്റ് കഥാപാത്രങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ കിരൺ, ട്രാൻസ്ജെൻഡർ സ്വത്വം പേറുന്ന രേഷ്മ, ഇന്റർസെക്സ് ഐഡന്റിറ്റിയുള്ള രുഗ്മിണി എന്നിവർ, ലൈംഗിക–ലിംഗപരമായ വൈവിധ്യത്തിന്റെ വിവിധ മുഖങ്ങൾ അവതരിപ്പിക്കുന്നു. കിരണിന്റെ കഥ ഏറ്റവും ദുഖകരമാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക ശേഷം, അവർ അനുഭവിക്കുന്ന ആന്തരിക സംഘർഷവും, പുരുഷ–സ്ത്രീ ലിംഗസ്വത്വങ്ങൾ തമ്മിലുള്ള സംഘർഷവും, ആത്മഹത്യയിൽ കലാശിക്കുന്നു. ഇത്, ലിംഗപരമായ പരിവർത്തനത്തിന്റെ മനോവൈകാരിക സാമൂഹിക സമ്മർദ്ദങ്ങൾ (Psychological Pressures) വെളിപ്പെടുത്തുന്ന ഒന്നാണ്. 1980കളുടെ സാമൂഹിക സന്ദർഭത്തിൽ, ഈ വിഷയം ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയ ഒരു കാലഘട്ടത്തിൽ, ഈ നോവൽ ധീരമായ ഒരു സംഭാവനയാണ്. ലൈംഗിക–ലിംഗപരമായ വൈവിധ്യത്തിന്റെ അവതരണം ട്രാൻസ്വുമൺ, ഇന്റർസെക്സ്, ബൈസെക്ഷ്വൽ തുടങ്ങിയ കഥാപാത്രങ്ങളെ ഒപ്പിയെടുക്കുന്നതിലൂടെ, നോവൽ ലിംഗ ദ്വന്ദ്വാത്മകതയെ (Binary Gender Norms) വെല്ലുവിളിക്കുന്നു. ഗുരു–ചേലാ സമ്പ്രദായം, ഭിക്ഷാടനം, അനുഗ്രഹം നൽകുന്ന ആചാരങ്ങൾ എന്നിവയെ വിശദമായി ചിത്രീകരിക്കുന്നത്, ഹിജഡ സമുദായ ത്തിന്റെ സാംസ്കാരിക ഘടന മനസിലാകാൻ സഹായിക്കുന്നു.
ഛേദാംശജീവിതം (2011)
പ്രമോദ് രാമന്റെ ഛേദാംശ ജീവിതം (2011) എന്ന ചെറുകഥ മലയാള സാഹിത്യത്തിൽ ട്രാൻസ്ജെൻഡർ സ്വത്വത്തിന്റെ സങ്കീർണ്ണതകളെ ചിത്രീകരിക്കുന്ന ഒരു പ്രധാന കൃതിയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ മഞ്ജിത് മേനോന്റെ മഞ്ജുവായുള്ള പരിവർത്തനത്തെ കേന്ദ്രീകരിച്ച്, ഈ കഥ ലിംഗസ്വത്വം, ലൈംഗികത, പ്രണയം, ശരീരം എന്നിവയെ സാമൂഹിക–സാംസ്കാരിക നിർമിതിക ളായി പരിശോധിക്കുന്നു. ഈ കൃതിയെ ക്വീർ സിദ്ധാന്തം (Queer Theory), ട്രാൻസ്ജെൻ ഡർ പഠനങ്ങൾ (Transgender Studies), ഫെമിനിസ്റ്റ് സിദ്ധാന്തം എന്നിവയുടെ വെളിച്ചത്തിൽ വിമർശനാത്മകമായി വിലയിരുത്താം.
ഛേദാംശ ജീവിതം ലിംഗസ്വത്വത്തിന്റെ ദ്രവത്വത്തെ (Fluidity) പ്രകടമാക്കുന്നു. മഞ്ജിത് മേനോന്റെ മഞ്ജുവായുള്ള പരിവർത്തനം, ലിംഗം ഒരു സ്ഥിരമായ ജൈവിക യാഥാർത്ഥ്യമല്ല, മറിച്ച് ശരീര–മനസ്സ്–സാമൂഹിക ബന്ധങ്ങളുടെ സങ്കീർണ്ണമായ ഇടപെടലാണെന്ന് സൂചിപ്പിക്കുന്നു. കഥയുടെ അവസാന ഭാഗത്ത്, മഞ്ജു നേഹയോട് “നിനക്കെന്റെ ആണാകാമോ?” (പ്രമോദ് രാമൻ, 2011:46) എന്ന് ചോദിക്കുന്നത്, ലിംഗസ്വത്വം ഒരു “കായകവചം” പോലെ മാറ്റിധരിക്കാവുന്നതാണെന്ന ബോധത്തെ പ്രതിനിധീകരിക്കുന്നു. ഈ ചോദ്യം, ബട്ലറുടെ ലിംഗ പ്രകടന (Gender Performativity) സങ്കൽപ്പത്തിന് അനുസൃതമായി, ലിംഗനിർമിതിയെ ഒരു തുറന്ന പ്രക്രിയയായി ചിത്രീകരിക്കുന്നു. മഞ്ജുവിന്റെ നേഹയോടുള്ള പ്രണയം, ഹെറ്ററോനോർമേറ്റിവിറ്റി (Heteronormativity) എന്ന ആശയത്തെ തകർക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം, മഞ്ജു ഒരു പെൺസ്വത്വമായി ചന്ദ്രകാന്തിന്റെ കാമുകിയാകാൻ ശ്രമിക്കുന്നുവെങ്കിലും, നേഹയോടുള്ള പ്രണയം അവളുടെ ലൈംഗികതയെ ഒരു ദ്വന്ദ്വാത്മക ചട്ടക്കൂട്ടിനപ്പുറം സ്ഥാപിക്കുന്നു. ഇത്, ക്വീർ സിദ്ധാന്തത്തിന്റെ അടിസ്ഥാന തത്വമായ, ലൈംഗികതയുടെ വൈവിധ്യവും നിർവചനങ്ങൾക്കതീതവുമായ സ്വഭാവത്തെ ഊട്ടിയുറപ്പിക്കുന്നു. മഞ്ജിതിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ ചന്ദ്രകാന്തിന്റെ “ആവശ്യപ്രകാരം” നടക്കുന്നു എന്ന വസ്തുത, ലിംഗസ്വത്വം വ്യക്തിഗത ആഗ്രഹങ്ങൾ മാത്രമല്ല, സാമൂഹിക–വൈകാരിക ബന്ധങ്ങളാൽ രൂപപ്പെടുന്ന തുമാണെന്ന് വ്യക്തമാക്കുന്നു. എന്നാൽ, മഞ്ജുവിന്റെ നേഹയോടുള്ള പ്രണയം, ഈ സാമൂഹിക നിർമിതിയെ വെല്ലുവിളിക്കുകയും വ്യക്തിഗത സ്വയംനിർണ്ണയത്തിന്റെ (Self-Determination) പ്രാധാന്യം ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
ട്രാൻസ്ജെൻഡർ പഠനങ്ങൾ, ട്രാൻസ് വ്യക്തികളുടെ ജീവിതാനുഭവങ്ങളെ, അവരുടെ ശരീരം, സ്വത്വം, സാമൂഹിക സ്ഥാനം എന്നിവയുമായി ബന്ധപ്പെടുത്തി പരിശോധിക്കുന്നു. സൂസൻ സ്ട്രൈക്കർ (Transgender History, 2008) വാദിക്കുന്നതുപോലെ, ട്രാൻസ്ജെൻഡർ സ്വത്വം, സിസ്ജെൻഡർ (Cisgender) നോർമുകളെ തകർക്കുന്നതിലൂടെ ലിംഗസ്വത്വത്തിന്റെ സാമൂഹിക–രാഷ്ട്രീയ അനന്തസാധ്യ തകളെ തുറന്നുകാട്ടുന്നു. ഛേദാംശജീവിതം ലിംഗമാറ്റ ശസ്ത്രക്രിയയുടെ പ്രക്രിയകളെ – കൗൺസിലിംഗ്, മാനസിക പരിവർത്തനം, ശാരീരിക മാറ്റങ്ങൾ – വിശദമായി അവതരിപ്പിക്കുന്നു. “വിദഗ്ദ്ധ ഡോക്ടർമാരുടെ കൗൺസിലിങ് കാലയളവിൽ ഉടനീളം ഞാൻ ആ ഉത്തരം ആവർത്തിച്ചു” എന്ന വാചകം, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള മെഡിക്കൽ–സൈക്കോളജിക്കൽ പ്രക്രിയകളുടെ സങ്കീർണ്ണതയെ പ്രതിനിധീകരിക്കുന്നു. ഇത്, ട്രാൻസ് വ്യക്തികളുടെ ശരീരപരമായ പരിവർത്തനത്തിന് മുമ്പുള്ള മാനസിക യാത്രയെ ശ്രദ്ധേയമാക്കുന്നു.
വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ (2017)
എച്ച്മുകുട്ടിയുടെ “വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ” എന്ന നോവൽ മലയാള സാഹിത്യത്തിൽ ലൈംഗിക വൈവിധ്യവും ലിംഗ സ്വത്വവും കേന്ദ്രീകരിച്ച് ശ്രദ്ധേയമായ ഒരു രചനയാണ്. ഈ നോവൽ ലൈംഗികത, ലിംഗബോധം, സാമൂഹിക അംഗീകാരം, വ്യക്തിത്വം എന്നിവയെ ചുറ്റിപ്പറ്റി സങ്കീർണവും സെൻസിറ്റീവുമായ ചോദ്യങ്ങൾ ഉയർത്തുന്നു. ദില്ലിയുടെ പശ്ചാത്തലത്തിൽ, വ്യത്യസ്ത ലിംഗ–ലൈംഗിക സ്വത്വങ്ങളുള്ള കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ, സമൂഹത്തിന്റെ പരമ്പരാഗത ധാരണകളെ ചോദ്യം ചെയ്യുകയും മനുഷ്യ ബന്ധങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നു.
നോവലിന്റെ ആദ്യ അധ്യായം “അവനവൾ അല്ലെങ്കിൽ അവളവൻ” എന്ന തലക്കെട്ടിൽ ആരംഭിക്കുന്നു. ഈ തലക്കെട്ട് തന്നെ ലിംഗത്തിന്റെ ദ്വന്ദ്വ ധാരണകളെ തകർക്കുന്നതിന്റെ സൂചനയാണ്. ശാന്തി, പൂജ എന്നിവരുടെ ജീവിതത്തിലൂടെ നോവൽ ലെസ്ബിയൻ, ബൈസെക്ഷ്വൽ, ട്രാൻസ്ജെന്റർ സ്വത്വങ്ങളെ പരിചയപ്പെടുത്തുന്നു. ഈ കഥാപാത്രങ്ങൾ, സമൂഹത്തിന്റെ മുഖ്യധാരാ ലിംഗ–ലൈംഗിക മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നവരാണ്. ശാന്തിയുടെ കണ്ണിലൂടെ, വായനക്കാർക്ക് ഈ വൈവിധ്യമാർന്ന ജീവിതങ്ങളുടെ സന്തോഷങ്ങൾ, വേദനകൾ, പോരാട്ടങ്ങൾ എന്നിവയിലേക്ക് ഒരു ജാലകം തുറക്കപ്പെടുന്നു.
നോവലിന്റെ കേന്ദ്ര കഥാപാത്രമായ ശാന്തി ദില്ലിയിലെ എസ് ആന്റ് എസ് എന്ന ആർക്കിടെക്ട് ഫേമിൽ ജോലിക്കായി എത്തുന്നു. ഈ ജോലിസ്ഥലം, വ്യത്യസ്ത ലിംഗ–ലൈംഗിക സ്വത്വങ്ങളുള്ളവർക്ക് ഒരു കൂടിച്ചേരൽ കേന്ദ്രമായി മാറുന്നു. ഇവിടെ, ഗരു, സീമാ, മോനാ, മുന്നി തുടങ്ങിയ ട്രാൻസ്ജെന്റർ കഥാപാത്രങ്ങളെ ശാന്തി കണ്ടുമുട്ടുന്നു. എഴുത്തുകാരി ‘ഛക്ക’ എന്ന പദം ഉപയോഗിച്ചാണ് ഈ കഥാപാത്രങ്ങളെ അഭിസംബോധന ചെയ്യുന്നത്. ‘ഛക്ക’ എന്ന വാക്ക്, ഹിന്ദി–ഉർദു പശ്ചാത്തലത്തിൽ ട്രാൻസ്ജെന്റർ സമുദായത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണ്, എന്നാൽ ഇത് പലപ്പോഴും അവഹേളനാത്മകമായി കണക്കാക്കപ്പെടാറുണ്ട്. എന്നിരുന്നാലും, നോവലിൽ ഈ പദം ഉപയോഗിക്കു ന്നത്, സ്വത്വത്തിന്റെ സ്വീകാര്യതയെയും സമുദായത്തിന്റെ ആന്തരിക ഗതിവിഗതികളെയും അടയാളപ്പെടുത്താൻ വേണ്ടിയാണ്.
നോവൽ, ലൈംഗികതയും ലിംഗബോധവും സംബന്ധിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിശകലനം ചെയ്യുന്നു. ശാന്തിയും പൂജയും തമ്മിലുള്ള ബന്ധം, ലെസ്ബിയൻ/ബൈസെക്ഷ്വൽ ജീവിതത്തിന്റെ സൂക്ഷ്മതകളെ വെളിപ്പെടുത്തുന്നു. അവരുടെ ബന്ധം, വ്യക്തിപരമായ സ്വാതന്ത്ര്യത്തി ന്റെയും സാമൂഹിക അടിച്ചമർത്തലിന്റെയും ഇടയിലുള്ള സംഘർഷങ്ങളെ പ്രതിനിധീകരിക്കുന്നു. ട്രാൻസ്ജെന്റർ കഥാപാത്രങ്ങളായ ഗരു, സീമാ, മോന, മുന്നി എന്നിവരുടെ ജീവിതം, ലിംഗ സ്വത്വത്തിന്റെ സങ്കീർണതകളെ കൂടുതൽ ആഴത്തിൽ പരിശോധിക്കുന്നു. ഈ കഥാപാത്രങ്ങൾ, സമൂഹത്തിന്റെ അംഗീകാരത്തിനായുള്ള പോരാട്ടത്തിലും, സ്വന്തം സ്വത്വത്തിന്റെ അന്തസ്സിനായുള്ള യാത്രയിലുമാണ്.
ദില്ലിയുടെ നഗരപശ്ചാത്തലം, വൈവിധ്യമാർന്ന സ്വത്വങ്ങൾ ഒത്തുചേരുന്ന ഒരു സ്ഥലമായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ, ഈ വൈവിധ്യം എല്ലായ്പ്പോഴും സ്വീകാര്യതയോടെ അംഗീകരിക്ക പ്പെടുന്നില്ല. ട്രാൻസ്ജെന്റർ, ലെസ്ബിയൻ, ബൈസെക്ഷ്വൽ വ്യക്തികൾ നേരിടുന്ന വിവേചനവും, അവരുടെ സ്വന്തം ഐഡന്റിറ്റി മനസ്സിലാക്കാനുള്ള ആന്തരിക സംഘർഷവും, നോവൽ വ്യക്തമായി ചിത്രീകരിക്കുന്നു. എഴുത്തുകാരി, ഇന്ത്യൻ സമൂഹത്തിന്റെ പരമ്പരാഗത ലിംഗ–ലൈംഗിക മാനദണ്ഡ ങ്ങളെ വെല്ലുവിളിക്കുകയും, വ്യത്യസ്ത സ്വത്വങ്ങൾക്ക് അംഗീകാരം ആവശ്യപ്പെടുകയും ചെയ്യുന്നു.
നോവലിന്റെ ഭാഷ, സെൻസിറ്റീവും എന്നാൽ ശക്തവുമാണ്. ‘ഛക്ക’ പോലുള്ള പദങ്ങളുടെ ഉപയോഗം, സമുദായത്തിന്റെ ആന്തരിക ഭാഷയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നു. ശാന്തിയുടെ കാഴ്ചപ്പാടിലൂടെ, വായനക്കാർക്ക് ഈ വ്യത്യസ്ത ലോകത്തിലേക്ക് പ്രവേശനം ലഭിക്കുന്നു. എഴുത്തുകാരി, കഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളെ വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്നു, അവരുടെ വേദന, സന്തോഷം, പ്രതീക്ഷ എന്നിവ വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു.
“വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ” മലയാള സാഹിത്യത്തിൽ ലൈംഗിക വൈവിധ്യത്തെ കേന്ദ്രീകരിച്ച് എഴുതപ്പെട്ട അപൂർവ രചനകളിൽ ഒന്നാണ്. ഇന്ത്യൻ സാഹിത്യത്തിൽ, പ്രത്യേകിച്ച് മലയാളത്തിൽ, ട്രാൻസ്ജെന്റർ, ലെസ്ബിയൻ, ബൈസെക്ഷ്വൽ ജീവിതങ്ങൾക്ക് ഇത്രയും സെൻസിറ്റീവും ആഴത്തിലുള്ളതുമായ പ്രതിനിധാനം അപൂർവമാണ്. ഈ നോവൽ, മുഖ്യധാരാ സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെടാത്ത ശബ്ദങ്ങൾക്ക് ഇടം നൽകുന്നു, അവരുടെ കഥകൾ പറയാൻ ഒരു വേദി ഒരുക്കുന്നു.
ശാന്തിയുടെയും പൂജയുടെയും കണ്ണിലൂടെയാണ് ട്രാൻസ്ജെന്റർ സ്വത്വമുള്ള കഥാപാത്രങ്ങളെ വായനക്കാരൻ കാണുന്നത്. ആകയാൽ തന്നെ സമൂഹത്തിന്റെ പൊതുബോധം നൽകുന്ന കണ്ണട ശാന്തിയും ധരിച്ചിരിക്കുന്നു. നോവലിൽ ട്രാൻസ്ജെന്റർ സ്വത്വം പേറുന്ന ഗരുവിനെ വിവരിക്കുന്ന രീതി ശ്രദ്ധേയമാണ്: “ആറടി ഉയരത്തിൽ വലിയൊരു കുടവയറും വിരിഞ്ഞ മാറിടവും ബലിഷ്ഠമായ കരങ്ങളും നരച്ച താടി മീശയുമുള്ള ഒരു ശരീരത്തിൽ സാരിയും മുല്ലപ്പൂവും കുപ്പിവളകളുമെല്ലാം എങ്ങനെ പൊരുത്തപ്പെടുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല” (എച്ച്മുകുട്ടി, 2017:24). ഈ വിവരണം, ഗരുവിന്റെ ശരീരവും ലിംഗപ്രകടനവും തമ്മിലുള്ള വൈരുദ്ധ്യം (Perceived Incongruity) ശാന്തിയുടെ കണ്ണിലൂടെ അവതരിപ്പിക്കുന്നു. ഗരുവിന്റെ ശരീരം – പരമ്പരാഗതമായ “പുരുഷ” ലക്ഷണങ്ങളായ ആറടി ഉയരം, ബലിഷ്ഠമായ കരങ്ങൾ, നരച്ച താടി – പെൺലിംഗ പ്രകടനവുമായി (സാരി, മുല്ലപ്പൂ, കുപ്പിവളകൾ) സംവദിക്കുമ്പോൾ, ശാന്തിക്ക് അത് “വല്ലാത്ത ഒരു കാഴ്ച” ആയി തോന്നുന്നു. ശാന്തിയുടെ കണ്ണിലൂടെ ഗരുവിനെ “വല്ലാത്ത കാഴ്ച” എന്ന് വിശേഷിപ്പിക്കുന്നത്, ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹം എങ്ങനെ ‘Other’ ആയി കാണുന്നു എന്നതിന്റെ പ്രതിഫലനമാണ്. ഗരുവിന്റെ ലിംഗപ്രകടനം, സമൂഹത്തിന്റെ സാമൂഹിക മാനദണ്ഡങ്ങളെ (Normative Expectations)-നെ വെല്ലുവിളിക്കുന്നതിനാൽ, അത് ശാന്തിക്ക് “പൊരുത്തപ്പെടാത്ത” ഒരു അനുഭവമായി മാറുന്നു. ഈ കൗതുകം, ട്രാൻസ്ജെൻഡർ വ്യക്തികളെ അസാധാരണമായി (Exoticize) ചിത്രീകരിക്കുന്നതിന്റെ ഒരു സൂചനയാണ്, എന്നാൽ അതേസമയം, അവരുടെ മനുഷ്യത്വത്തെ പൂർണമായി അംഗീകരിക്കാൻ ശാന്തി തയ്യാറല്ലെന്നും വ്യക്തമാകുന്നു. സീമയും ഗരുവും ദൂരെ നിൽക്കുന്ന വ്യക്തി സ്വത്വങ്ങളായാണ് വായനക്കാരന് അനുഭവപ്പെടുന്നത്. ശാന്തിയിൽ അവരെ കാണുമ്പോൾ ഉണ്ടാകുന്ന കൗതുകങ്ങൾ എല്ലാംതന്നെ സമൂഹത്തിന്റെ കൗതുകങ്ങൾ കൂടിയാണ്. എന്നാൽ ശാന്തിയിൽ നിന്ന് കുറച്ചു കൂടി പക്വത നിറഞ്ഞതും തിരിച്ചറിവുള്ളതുമായ സമീപനമാണ് പൂജ പുലർത്തുന്നത്. ഗരുവിനെയോ സീമയേയോ കെട്ടിപ്പിടിക്കുന്നതിനോ അവർക്കൊപ്പം സമയം ചിലവിടുന്നതിനോ പൂജയ്ക്ക് യാതൊരു വിധ മടിയും ഉണ്ടായിരുന്നില്ല.
വീട് ഉപേക്ഷിച്ച് ഇറങ്ങേണ്ടി വരുന്ന ട്രാൻസ്ജെന്റർ വ്യക്തികൾ അനുഭവിക്കുന്ന ചൂഷണങ്ങളെ നോവൽ സൂക്ഷ്മമായി അവതരിപ്പിക്കുന്നു. വീട് ഉപേക്ഷിച്ച് ഇറങ്ങിയ സീമ പലതരത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പറ്റിയ അപാകതകളെ തുടർന്ന് രക്തം വാർന്നു കിടക്കുന്ന മാംസപിണ്ഡമായി നോവൽ സീമയെ അവതരിപ്പിക്കുന്നു.
“സീമയെപ്പോലുള്ളവരെ ചതിക്കുന്ന ഒരുപാട് ഡോക്ടർമാരുണ്ട്. ശസ്ത്രകിയയ്ക്ക് ശേഷം അല്ലെങ്കിൽ അതിനു മുൻപ് പ്രതിഫലമെന്ന രീതിയിൽ ലൈംഗികമായി ഉപയോഗിക്കുന്നവരുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ട് ലിംഗഛേദം നടത്തി പണം പിടുങ്ങുന്ന വ്യാജ വൈദ്യന്മാരുണ്ട്. എന്നും നോവൽ പറഞ്ഞു വയ്ക്കുന്നു” (എച്ച്മുകുട്ടി, 2017:26). ഞങ്ങൾ ആർക്കും വേണ്ടാത്തവരല്ലേ, പെറ്റമ്മയ്ക്കും അച്ഛനും വേണ്ടാത്തവർ. ജനിച്ച നാടിനു വേണ്ടാത്തവർ ഞങ്ങളെ എല്ലാരും ചതിക്കും. ചേമ്പർ ലയൻ പലായനത്തിൽ ട്രാൻസ്ജെന്റർ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത് ഇവിടെ ഓർക്കാം. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ ആട്ടിയോടിക്കപ്പെടുന്ന ജനതയാണ് കൂടുതൽ ചൂഷണങ്ങൾക്ക് ഇരയാകുന്നതെന്ന് അദ്ദേഹം ‘Migrancy, Culture, Identity’ എന്ന പുസ്തകത്തിൽ സ്ഥാപിക്കുന്നു. രണ്ടുതരത്തിലുള്ള പലായനമാണ് സാധാരണയായി ട്രാൻസ്ജെന്റർ വ്യക്തികളിൽ കണ്ടു വരുന്നത്. ഒന്ന് സമൂഹത്തിൽ നിന്ന് മറ്റൊരു സമൂഹത്തിലേയ്ക്ക് മാറ്റപ്പെടുന്നു. മറ്റൊന്ന് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ അപരലിംഗ സ്വത്വത്തിന്റെ ഭാഗമാകുന്നു. ഇത്തരത്തിൽ സമൂഹത്തിൽ നിന്ന് സമൂഹത്തിലേയ്ക്കും ശരീരത്തിൽ നിന്ന് ശരീരത്തിലേയ്ക്കും പലായനം ചെയ്യപ്പെടുമ്പോഴുണ്ടാകുന്ന മാനസികവും ശാരീരികവുമായ സംഘർഷം സങ്കീർണ്ണമാണ്. ഈ ഘട്ടത്തിൽ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് ഇരയാകാനും സാധ്യതയുണ്ട് (Chambers Iain, 1994:25). ട്രാൻസ്ജെന്റർ സ്വത്വം പേറുന്ന മറ്റൊരു കഥാപാത്രമാണ് മോന. വീട്ടിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട് ഹിജഡ കൂട്ടായ്മയ്ക്കുള്ളിൽ വന്നു ചേരുകയും അവിടെ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാകുകയും ചെയ്തു മോന. ചേലവൃത്തിയിൽ ഗുരു സ്ഥാനം വഹിക്കുന്ന ആളെയാണ് ഹിജഡക്കൂട്ടായ്മകൾ ഗുരു എന്ന് വിളിക്കുന്നത്. നൃത്തം ചെയ്തും ലൈംഗിക തൊഴിലിലൂടെയും ഭിക്ഷാടനത്തിലൂടെയും കിട്ടുന്ന പണം കവർന്നെടുക്കുന്ന ഗുരുക്കന്മാരെയും നോവൽ ചർച്ച ചെയ്യുന്നു.
സ്വപ്നയും ട്രാൻസ്ജെന്റർ സ്വത്വം പേറുന്ന കഥാപാത്രമാണ്. ചെറുപ്പകാലത്ത് സമ്പാദിച്ച പണമെല്ലാം ഗുരു കൈക്കലാക്കി മദ്ധ്യവയസ്സിലെത്തി നിൽക്കുന്ന സ്വപ്നയുടെ ഏക ഉപജീവന മാർഗം ഭിക്ഷാടനമാണ്. എന്നാൽ അതിനും കഴിയാത്ത അനാരോഗ്യമാണ് സ്വപ്നയെ പ്രതിസന്ധിയിലാ ക്കുന്നത്. ജീവീതം മുന്നോട്ടു കൊണ്ടുപോകുവാൻ ഒരു മാർഗ്ഗവും ഇല്ലാതായിരിക്കുന്ന അവസ്ഥയിൽ പകച്ചു നിൽക്കുകയാണ് സ്വപ്ന.
ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായി മാറിയതിനാൽ സീമയിൽ അതേൽപ്പിച്ച മാനസിക ആഘാതം വളരെ വലുതായിരുന്നു. ശരീരത്തിന്റെ മുറിവ് ഉണങ്ങിയെങ്കിലും മനസ്സിന്റെ മുറിവ് ഉണങ്ങാതെ സമനില തെറ്റിയ അവസ്ഥയിൽ സീമ ചെന്നെത്തി. ഒടുവിൽ ആത്മഹത്യയ്ക്ക് കീഴടങ്ങി. പോലീസിനോ നിയമവ്യവസ്ഥയ്ക്കോ ആർക്കും തന്നെ സീമയുടെ മരണത്തെക്കുറിച്ച് അറിയണമെന്നു ണ്ടായിരുന്നില്ല. ഗരുവിലും പൂജയിലും സ്വപനയിലും മോനയിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു വേദനയായി സീമയുടെ മരണം. നോവലിലെ മറ്റൊരു കഥാപാത്രമാണ് വൈജയന്തി. വിവാഹത്തിലൂ ടെയാണ് അവൾ ചൂഷണത്തിന് ഇരയാകുന്നത്. നൃത്തം ചെയ്തും ഭിക്ഷാടനം നടത്തിയും ലൈംഗിക തൊഴിൽ ചെയ്തും തന്റെ ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കേണ്ട അവസ്ഥയാണ് വൈജയന്തിക്കുള്ളത്.
‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ എന്ന നോവൽ ട്രാൻസ്ജെന്റർ വ്യക്തികളുടെ ജീവിതാനുഭവങ്ങളെ ഡൽഹിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ഒരു സാഹിത്യകൃതിയാണ്. ഈ നോവൽ, ട്രാൻസ്ജെന്റർ സമൂഹത്തിന്റെ ജീവിതം, അവർ നേരിടുന്ന ചൂഷണങ്ങൾ, സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ, അവരോടുള്ള സഹതാപവും ഭയവും എന്നിവയെ വിശദമായി അവതരിപ്പിക്കുന്നു. പ്രധാന കഥാപാത്രമായ ശാന്തിയുടെ കാഴ്ചപ്പാടിലൂടെയാണ് വായനക്കാർ ഈ ജീവിതങ്ങളെ സമീപിക്കുന്നത്. ശാന്തി, സമൂഹത്തിന്റെ ചോദ്യങ്ങളുടെയും കൗതുകങ്ങളുടെയും പ്രതിനിധിയായി നിൽക്കുന്നു, അതേസമയം, പൂജ എന്ന സാമൂഹിക പ്രവർത്തകയിലൂടെ ശാന്തി ട്രാൻസ്ജെന്റർ സ്വത്വങ്ങളെ മനസ്സിലാക്കുന്നു.
ഡൽഹിയിൽ, സ്വന്തം നാടുകളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ട ഹിജഡ സമൂഹത്തിന്റെ ജീവിതമാണ് നോവൽ ചർച്ചചെയ്യുന്നത്.ട്രാൻസ്ജെന്റർ വ്യക്തികൾ നേരിടുന്ന ചൂഷണങ്ങളും, അവരുടെ ജീവിത പോരാട്ടങ്ങളും കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടുപോകുന്നത്. കേരളത്തിലെ ട്രാൻസ്ജെന്റർ ജീവിതങ്ങളല്ല, മറിച്ച് ഡൽഹിയിലെ ഹിജഡ കൂട്ടായ്മയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്, ഇത് കേരളീയ വായനക്കാർക്ക് ഒരു വ്യത്യസ്ത ദൃഷ്ടികോണം നൽകുന്നു.
ശാന്തി എന്ന കഥാപാത്രം വായനക്കാരന്റെ പ്രതിനിധിയാണ്. അവളുടെ കണ്ണിലൂടെ, ട്രാൻസ്ജെന്റർ ജീവിതങ്ങളെ സമൂഹം എങ്ങനെ വീക്ഷിക്കുന്നു എന്നും, അവർ അനുഭവിക്കുന്ന വെല്ലുവിളികൾ എന്തൊക്കെയാണെന്നും വായനക്കാർ മനസ്സിലാക്കുന്നു. ശാന്തി, സമൂഹത്തിന്റെ പൊതുബോധത്തെ പ്രതിഫലിപ്പിക്കുന്നു. അവൾ ആദ്യം ട്രാൻസ്ജെന്റർ വ്യക്തികളെ ഭയത്തോടെയാണ് നോക്കിക്കാണുന്നത്, എന്നാൽ പതുക്കെ അവരോട് സഹാനുഭൂതി തോന്നുന്നു. ശാന്തിയുടെ ഈ മനോഭാവം, സമൂഹത്തിന്റെ സഹതാപവും അനുകമ്പയും പ്രതിനിധീകരിക്കുന്നു, എന്നാൽ അത് യഥാർത്ഥ ഉൾക്കൊള്ളലിന്റെ അഭാവത്തെയും സൂചിപ്പിക്കുന്നു. കുടുംബം, തൊഴിൽ, വിദ്യാഭ്യാസം, വിവാഹം, പ്രണയം തുടങ്ങിയ മേഖലകളിൽ ട്രാൻസ്ജെന്റർ വ്യക്തികൾ നേരിടുന്ന വിവേചനങ്ങളും വെല്ലുവിളികളും നോവൽ ചർച്ചചെയ്യുന്നു. നോവലിസ്റ്റ്, സമൂഹത്തിന്റെ പരമ്പരാഗത ബോധക്രമത്തെ, അതായത് ട്രാൻസ്ജെന്റർ വ്യക്തികളെ വേറിട്ട് കാണുന്നതും, അവരോട് സഹതാപത്തോടെ മാത്രം സമീപിക്കുന്നതുമായ മനോഭാവത്തെ, ശാന്തിയിലൂടെ ചിത്രീകരിക്കുന്നു. എന്നാൽ, പൂജയിലൂടെ, ഈ ബോധത്തിനപ്പുറം, ട്രാൻസ്ജെന്റർ വ്യക്തികളെ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയും നോവൽ സൂചിപ്പിക്കുന്നു.
കഥ ആരംഭിക്കുന്നത് ട്രാൻസ്ജെന്റർ വ്യക്തികളെ ഭയത്തോടെയും അകലത്തോടെയും നോക്കിക്കാണുന്ന ഒരു ദൃഷ്ടികോണത്തിൽ നിന്നാണ്. എന്നാൽ, ശാന്തിയുടെ യാത്രയിലൂടെ, വായനക്കാരന്റെ മനസ്സിൽ സഹാനുഭൂതിയും ധാരണയും ഉണർത്തുന്ന രീതിയിൽ കഥ പുരോഗമിക്കുന്നു. നോവൽ, ട്രാൻസ്ജെന്റർ വ്യക്തികളുടെ വാക്കുകളിലൂടെ, അവരുടെ ജീവിതപോരാട്ടങ്ങളെ അടയാളപ്പെടു ത്താനും, സമൂഹത്തിന്റെ മനോഭാവത്തെ വിമർശനാത്മകമായി വിലയിരുത്താനും ശ്രമിക്കുന്നു.
‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’, ട്രാൻസ്ജെന്റർ വ്യക്തികളുടെ ജീവിതത്തെ സഹാനുഭൂതിയോടെ അവതരിപ്പിക്കുന്ന ഒരു നോവലാണ്. ശാന്തിയും പൂജയും വഴി, സമൂഹത്തിന്റെ വ്യത്യസ്ത കാഴ്ചപ്പാടുകളെ നോവൽ അവതരിപ്പിക്കുന്നു. ഭയത്തിൽ തുടങ്ങി സഹാനുഭൂതിയിൽ അവസാനിക്കുന്ന ഈ കൃതി, ട്രാൻസ്ജെന്റർ വ്യക്തികളുടെ അനുഭവങ്ങളെ മനുഷ്യത്വപരമായ വീക്ഷണത്തിൽ അവതരിപ്പിക്കുകയും, സമൂഹത്തിന്റെ ബോധക്രമത്തെ വിമർശനാത്മകമായി പരിശോ ധിക്കുകയും ചെയ്യുന്നു.
ഉപസംഹാരം
ഓരോ കാലവും വ്യത്യസ്ത ഇടങ്ങളും ട്രാൻസ്ജെന്റർ ആളുകളെ എങ്ങനെ അയാളപ്പെടുത്തുന്നു എന്ന് മനസ്സിലാക്കാനാണ് ഈ പ്രബന്ധം ശ്രമിക്കുന്നത്. ജൂഡിത് ബട്ലർ (Judith Butler) വികസിപ്പിച്ച ലിംഗസ്വത്വത്തിന്റെ നിർമിതി (Performativity Of Gender) എന്ന ആശയം ഇവിടെ പ്രസക്തമാണ്. ലിംഗം ഒരു ജൈവിക നിർണയമല്ല, മറിച്ച് സാമൂഹിക–സാംസ്കാരിക പ്രക്രിയകളിലൂടെ രൂപപ്പെടുന്നതാണ്. ഈ കൃതികളിൽ ഹിജഡ/ട്രാൻസ്ജെന്റർ വ്യക്തികളുടെ ലിംഗസ്വത്വം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ട്രാൻസ്ജെന്റർ സമൂഹത്തിന്റെ സാമൂഹിക–സാംസ്കാരിക പശ്ചാത്തലം, പ്രത്യേകിച്ച് മലയാളി സ്വത്വം, ഈ കൃതികളിൽ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നത് ഈ പ്രബന്ധത്തിൽ പരിശോധിക്കുന്നു. മലയാളി ട്രാൻസ്ജെന്റർ കഥാപാത്രം ‘ഛേദാംശ ജീവിത’ത്തിൽ മാത്രം പ്രത്യക്ഷപ്പെടുന്നത് ഒരു പ്രാദേശിക സ്വത്വത്തിന്റെ രാഷ്ട്രീയത്തെ സൂചിപ്പിക്കുന്നു.
സമൂഹത്തിന്റെ ചരിത്രപരമായ പാർശ്വവൽക്കരണവും (Marginalization) അവരുടെ സാംസ്കാരിക പ്രാതിനിധ്യവും ഈ കൃതികളിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കാണാം. ഇന്ത്യൻ സന്ദർഭത്തിൽ ഹിജഡകൾക്ക് ഒരു വ്യതിരിക്തമായ സാംസ്കാരിക–ആചാരപരമായ സ്ഥാനമുണ്ടെങ്കിലും, അവർ പലപ്പോഴും സാമൂഹികമായി താഴ്ത്തപ്പെടുന്നു.
സ്ത്രീ, പുരുഷൻ, ട്രാൻസ്ജെന്റർ എന്നീ ലിംഗവിഭാഗങ്ങളുടെ അനുഭവങ്ങൾ തമ്മിലുള്ള വ്യത്യാസവും സമൂഹത്തിന്റെ ലിംഗാധിഷ്ഠിത അധികാരഘടനയും (Gender-Based Power Structures) ഈ കൃതികളിൽ ചർച്ച ചെയ്യപ്പെടുന്നു.
1986ലെ എം.എം. മനോജിന്റെ ‘ഹിജഡ’ മുംബൈയിലെ ഹിജഡ കൂട്ടായ്മയെ ചിത്രീകരിക്കുന്നു. ഉത്തരേന്ത്യൻ പശ്ചാത്തലത്തിൽ ഹിജഡകൾ പ്രധാന കഥാപാത്രങ്ങളായി ഈ കഥയിൽ കടന്നു വരുന്നു. എന്നാൽ, ഈ കൃതി മലയാളി സ്വത്വത്തെ പ്രതിനിധീകരിക്കുന്നില്ല, മറിച്ച് ഒരു പാൻ–ഇന്ത്യൻ ഹിജഡ സമൂഹത്തിന്റെ അനുഭവങ്ങളെ കേന്ദ്രീകരിക്കുന്നു. ഇത് പോസ്റ്റ്കൊളോണിയൽ വീക്ഷണ ത്തിൽ ഹിജഡകളുടെ സാമൂഹിക പാർശ്വവൽക്കരണത്തെ വെളിപ്പെടുത്തുന്നു.
‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ എന്ന നോവൽ ഹിജഡ ജീവിതത്തെ അവതരിപ്പിക്കുന്നു, സ്ത്രീ, പുരുഷൻ, ട്രാൻസ്ജെന്റർ എന്നീ അവസ്ഥകളെ വ്യത്യസ്ത അനുഭവങ്ങളിലൂടെ ചർച്ചചെയ്യുന്നു. ഈ നോവൽ സ്ത്രീ, പുരുഷൻ, ട്രാൻസ്ജെന്റർ എന്നിവരുടെ വ്യത്യസ്ത അനുഭവങ്ങളെ ചിത്രീകരിക്കുന്നു. എന്നാൽ, മലയാളി സ്വത്വം ഇതിലും അപ്രത്യക്ഷമാണ്. ഈ കൃതി ഫെമിനിസ്റ്റ് വീക്ഷണത്തിൽ ലിംഗപരമായ അനുഭവങ്ങളുടെ വൈവിധ്യത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും, പ്രാദേശിക സ്വത്വത്തിന്റെ അഭാവം ഒരു പരിമിതിയാണ്.
‘ഛേദാംശ ജീവിതം’ എന്ന രചന ചെന്നൈ പശ്ചാത്തലത്തിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരു വ്യക്തിയുടെ കഥ പറയുന്നു. ഹിജഡ എന്ന പ്രയോഗം ഒഴിവാക്കി, ക്വീർ വൈവിധ്യങ്ങളെ കുറിച്ച് ബോധവത്തായ ഒരു സമീപനം സ്വീകരിക്കുന്നു. ഈ കൃതി ഒരു മലയാളി ട്രാൻസ്സെക്ഷ്വൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ മലയാള സാഹിത്യത്തിൽ ഒരു നാഴികക്കല്ലാണ്. ചെന്നൈയെ പശ്ചാത്തലമാക്കി, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഒരു വ്യക്തിയുടെ ആത്മനിശ്ചയാധികാരം (Self-Determination) ഈ കഥ ഊന്നിപ്പറയുന്നു. ക്വീർ സിദ്ധാന്തത്തിന്റെ വെളിച്ചത്തിൽ, ഈ കൃതി ലിംഗസ്വത്വത്തിന്റെ ദ്രവത്വം (Fluidity) അംഗീകരിക്കു കയും, സമൂഹത്തിന്റെ ദ്വന്ദ്വലിംഗാധിഷ്ഠിത (Binary Gender) ചട്ടക്കൂടിനെ വെല്ലുവിളിക്കു കയും ചെയ്യുന്നു. ഹിജഡ എന്ന പദം ഒഴിവാക്കി ‘ക്വീർ വൈവിധ്യം’ എന്ന ആശയത്തെ അവതരിപ്പിക്കുന്നതിലൂടെ, എഴുത്തുകാരൻ ഒരു ഉൾകൊള്ളൽ (Inclusive) സമീപനം സ്വീകരിക്കുന്നു.
പഠനത്തിനു സ്വീകരിച്ചിട്ടുള്ള മൂന്ന് രചനകളും വ്യത്യസ്ത കാലഘട്ടങ്ങളിൽ (1986, 2011, 2017) എഴുതപ്പെട്ടവയാണ്, ഇത് ട്രാൻസ്ജെന്റർ ചിത്രീകരണത്തിന്റെ സാമൂഹിക–സാംസ്കാരിക പരിണാ മത്തെ സൂചിപ്പിക്കുന്നു. ഹിജഡ ഉത്തരേന്ത്യൻ പശ്ചാത്തലത്തിലും ഛേദാംശ ജീവിതം തെന്നിന്ത്യൻ (ചെന്നൈ) പശ്ചാത്തലത്തിലും ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ പൊതുവായും ഹിജഡ ജീവിതങ്ങളെ ചർച്ചചെയ്യുന്നു. ഇത് ഭൗതികവും സാംസ്കാരികവുമായ വൈവിധ്യത്തെ എടുത്തു കാണിക്കുന്നതിന് ഉദാഹരണമാണ്. ഹിജഡ, ശബ്ദങ്ങൾ (വൈക്കം മുഹമ്മദ് ബഷീർ), നപുംസകം (മാധവിക്കുട്ടി), ഹിജഡയുടെ കുട്ടി (എം.പി. നാരായണപ്പിള്ള) എന്നിവയിൽ ഹിജഡ കൂട്ടായ്മയിലെ ലിംഗസ്വത്വം കേന്ദ്രീകരിക്കുന്നു. ഇവ പരമ്പരാഗതമായി ‘ഹിജഡ’ എന്ന പദം ഉപയോഗിക്കുന്നു. ഛേദാംശ ജീവിതം ‘ഹിജഡ’ എന്ന പദം ഒഴിവാക്കി, ക്വീർ വൈവിധ്യങ്ങളെ കുറിച്ച് ആധുനികവും സംവേദനാത്മകവുമായ ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ലിംഗമാറ്റ ശസ്ത്രക്രിയയിലും വ്യക്തിയുടെ സ്വന്തം ലൈംഗിക/ലിംഗ തീരുമാനങ്ങളിലും ഊന്നുന്നു. ഛേദാംശ ജീവിതം ഹിജഡ എന്ന പരമ്പരാഗത ലേബലിനപ്പുറം ട്രാൻസ്ജെന്റർ/ക്വീർ ഐഡന്റിറ്റികളെ കൂടുതൽ ഉൾക്കൊള്ളുന്നതും ആധുനികവുമായ ഭാഷയിൽ അവരുടെ ജീവിതത്തെ അവതരിപ്പിച്ചിരിക്കുന്നതുമായ നോവലാണ്. ഇത് ലിംഗസ്വത്വത്തെക്കുറിച്ചുള്ള സമകാലിക ചർച്ചകളുമായി യോജിക്കുന്നു. മറ്റ് രചനകൾ ‘ഹിജഡ’ എന്ന പദത്തിന്റെ സാമൂഹിക–സാംസ്കാരിക ഭാഗധേയത്തിൽ കേന്ദ്രീകരിക്കുന്നവയാണ്. ഇത് ഇന്ത്യൻ സന്ദർഭത്തിൽ ചരിത്രപരമായി ഒരു പ്രത്യേക സമുദായത്തെ സൂചിപ്പിക്കുന്ന തരത്തിലാണ് നിലനില്ക്കുന്നത്.
ഛേദാംശ ജീവിതം മലയാളി സ്വത്വം പേറുന്ന ഒരു ട്രാൻസ്സെക്ഷ്വൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇത് മറ്റ് രചനകളിൽ (ഉദാ: വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ, ഹിജഡ) കാണാത്ത ഒരു വ്യത്യസ്തതയാണ്. മലയാള സാഹിത്യത്തിൽ മലയാളി ട്രാൻസ്ജെന്റർ കഥാപാത്രങ്ങൾ അപൂർവമാണെന്ന് ഈ രചനകളിലൂടെ മനസ്സിലാക്കാനാവുന്നു. ഛേദാംശ ജീവിതം മലയാളി ട്രാൻസ്ജെന്റർ അനുഭവത്തെ പ്രാദേശികവൽക്കരിക്കുന്നതിലൂടെ മലയാള സാഹിത്യത്തിൽ ഒരു സവിശേഷ സംഭാവനയാണെന്ന കാര്യത്തില് സംശയമില്ല.
ഛേദാംശ ജീവിതത്തിൽ മാത്രം മലയാളി ട്രാൻസ്സെക്ഷ്വൽ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത് മലയാള സാഹിത്യത്തിലെ ട്രാൻസ്ജെന്റർ പ്രാതിനിധ്യത്തിന്റെ പരിമിതിയെയും വെളിപ്പെടുത്തുന്നു. ഇത് സ്വത്വരാഷ്ട്രീയത്തിന്റെ വീക്ഷണത്തിൽ, മലയാളി സമൂഹത്തിന്റെ സാംസ്കാരിക–സാമൂഹിക ചട്ടക്കൂടിനുള്ളിൽ ട്രാൻസ്ജെന്റർ വ്യക്തികൾക്ക് അംഗീകാരം ലഭിക്കാത്തതിന്റെ പ്രതിഫലനമാണ്. മലയാളി സ്വത്വത്തിന്റെ അഭാവം മറ്റു കൃതികളിൽ കാണുന്നത് ഹിജഡ സമൂഹത്തെ ഒരു ‘പുറം’ (exotic) സമൂഹമായി ചിത്രീകരിക്കാനുള്ള പ്രവണതയെ സൂചിപ്പിക്കാം. ‘ഛേദാംശ ജീവിതം’ ഇതിനെ വെല്ലുവിളിക്കുകയും, ഒരു മലയാളി ട്രാൻസ്സെക്ഷ്വൽ വ്യക്തിയെ കേന്ദ്രീകരിച്ച് പ്രാദേശിക സ്വത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുകയും ചെയ്യുന്നു. മറ്റ് രചനകൾ (ഉദാ: ഹിജഡ, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ) കൂടുതലും പൊതുവായ ഹിജഡ/ട്രാൻസ്ജെന്റർ അനുഭവങ്ങളെയാണ് ചിത്രീകരിക്കുന്നത്. മലയാളി സ്വത്വത്തെ പ്രത്യേകമായി അവ ഊന്നുന്നില്ല.
വ്യത്യസ്ത ഭൂമിശാസ്ത്രപരമായ പശ്ചാത്തലങ്ങൾ (മുംബൈ, ചെന്നൈ) ട്രാൻസ്ജെന്റർ/ഹിജഡ അനുഭവങ്ങളുടെ പ്രാദേശിക വ്യതിയാനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഛേദാംശ ജീവിതം തെന്നിന്ത്യൻ സന്ദർഭത്തിൽ ട്രാൻസ്ജെന്റർ ജീവിതത്തെ അവതരിപ്പിക്കുന്നു, ഇത് ഉത്തരേന്ത്യൻ–കേന്ദ്രീകൃത ഹിജഡ ചിത്രീകരണങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഹിജഡ മുതലായ രചനകൾ ഹിജഡ കൂട്ടായ്മയുടെ ലിംഗസ്വത്വത്തെ പരമ്പരാഗത സാമൂഹിക ചട്ടക്കൂടിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഛേദാംശ ജീവിതം ലിംഗസ്വത്വത്തെ വ്യക്തിയുടെ സ്വന്തം തിരഞ്ഞെടുപ്പിന്റെയും ലൈംഗികതയുടെയും ഭാഗമായി ചിത്രീകരിക്കുന്നു. ക്വീർ സിദ്ധാന്തത്തിന്റെ സ്വാധീനം പ്രസ്തുത നോവലില് പ്രകടമാണ്. മറ്റു രചനകൾ പരമ്പരാഗത ‘ഹിജഡ’ വ്യക്തിത്വത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള് ഛേദാംശ ജീവിതം ആധുനിക ലിംഗസ്വത്വസങ്കല്പങ്ങളുമായി (Self-Determination, Queer Inclusivity) കൂടുതൽ ചേര്ന്നുനില്ക്കുകയും ചെയ്യുന്നു. ഇത് സാമൂഹികമായി അരികുവത്കരിക്കപ്പെട്ട സമുദായത്തിന്റെ ചിത്രീകരണമാണ്. ക്വീർ വൈവിധ്യങ്ങളെ ബോധപൂർവം ഉൾക്കൊള്ളുന്നു എന്നതിനാല് ഛേദാംശ ജീവിതത്തെ ഒരു എഴുത്തുകാരന്റെ രചനാമികവിന്റെ മികച്ച ഉദാഹരണമായി വിലയിരുത്താം.
‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ സ്ത്രീ, പുരുഷൻ, ട്രാൻസ്ജെന്റർ അനുഭവങ്ങളെ വ്യത്യസ്ത പരിസരങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ മലയാളി സാന്നിധ്യം നോവലില് താരതമ്യേന കുറവാണെന്നു കാണാം. മലയാളസാഹിത്യത്തിലെ ട്രാൻസ്ജെന്റർ/ഹിജഡ ചിത്രീകരണ ത്തിന്റെ വികാസത്തെ കാലക്രമേണയും പശ്ചാത്തലങ്ങളാലും വ്യക്തമായി തിരിച്ചറിയാന് പഠനാര്ത്ഥം സ്വീകരിച്ചിരിക്കുന്നനോവലുകളില് നിന്നു സാധിക്കുന്നു. 1986-ലെ ‘ഹിജഡ’ മുതൽ 2017-ലെ ‘വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ’ വരെ എത്തി നില്ക്കുമ്പോല് മലയാള സാഹിത്യത്തിൽ ട്രാൻസ്ജെന്റർ പ്രാതിനിധ്യം വികസിച്ചിട്ടുണ്ട്. 1980-കളിൽ ഹിജഡ സമൂഹത്തെ ഒരു ‘വിദൂര’ സാംസ്കാരിക വിഭാഗമായിട്ടാണ് ചിത്രീകരിച്ചിരുന്നതെങ്കിൽ, ‘ഛേദാംശ ജീവിത’ത്തിലെ ട്രാൻസ്സെക്ഷ്വൽ വ്യക്തികളുടെ വ്യക്തിഗത ആത്മനിർണയത്തിന് ഊന്നൽ നൽകുന്ന നിലയിലേക്ക് അത് വളര്ന്നിട്ടുണ്ട്. ഗ്ലോബൽ ക്വീർ പ്രസ്ഥാനങ്ങളുടെ സ്വാധീനവും, ഇന്ത്യയിൽ ട്രാൻസ്ജെന്റർ അവകാശങ്ങൾക്കായുള്ള നിയമപരമായ അംഗീകാരവും (Section 377-ന്റെ ഭാഗിക റദ്ദാക്കൽ, 2018) അതില് ശക്തമായ സ്വാധീനശക്തികളായി വര്ത്തിച്ചിട്ടുണ്ട്.
ഗ്രന്ഥസൂചി
എച്ച്മുക്കുട്ടി, വേറിട്ടു മാത്രം കത്തിയമരുന്ന ചില ശരീരങ്ങൾ, ലോഗോസ് ബുക്സ്, പാലക്കാട്, 2017.
ഗീത പി, പ്രണയം ലൈംഗികത അധികാരം, കറന്റ് ബുക്സ്, തൃശൂർ, 2006.
പ്രമോദ് രാമൻ, രതിമാതാവിന്റെ പുത്രൻ, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011.
മനോജ്, എം. എം, ഹിജഡ, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം, 1986.
നൗഫൽ എൻ, (എഡി.), ലിംഗഭാരതത്തിന്റെ രാഷ്ട്രീയം, പ്രവദാ ബുക്സ്, കൊല്ലം, 2018.
രശ്മി.ജി, അനിൽകുമാർ കെ.എസ് ട്രാൻസ്ജെന്റർ ചരിത്രം സംസ്കാരം പ്രതിനിധാനം ചിന്താ പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2016.
ഷാജി ജോസഫ് (എഡി.), മൂന്നാം ലിംഗം ലിംഗനീതിയ്ക്കായുള്ള നിലവിളികൾ, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം, 2015.
സുരേന്ദ്രൻ പി., ഹിജഡകളുടെ പൊരുൾ, ഡി.സി. ബുക്സ്, കോട്ടയം, 2008.
സുരേന്ദ്രൻ പി., ദേവദാസികളും ഹിജഡകളും, ഡി.സി ബുക്സ്, കോട്ടയം, 2010.
Butler Judith, Gender Trouble and Subversion of Identity, Routledge, New York, 1990.
Chambers Iain, Migrancy Culture Identity, Routledge, New York, 1994.
Christine L Williams., Kirsten Dellinger (ed.), Sexuality and Gender, Black Well Publishing, Oxford, 2002.
Susan Stryker, Transgender History, seal press, New York, 2008.
ആനുകാലികങ്ങൾ
പി.അഭിജിത്ത്/വിൻസെന്റ് പീറ്റർ, മൂന്നാം വർഗത്തിന്റെ നേർക്കാഴ്ചകൾ, പച്ചക്കുതിര, ജനുവരി, ലക്കം 6, പുസ്തകം 10, 2015.
മുരളീധരൻ തറയിൽ, ലിംഗ സ്വത്വത്തിന്റെ ദ്വന്ദ്വഭാവനകൾ, 2014.
രേഷ്മ രാധാകൃഷ്ണൻ, കേരളവും ക്വീർ രാഷ്ട്രീയ പ്രസ്ഥാനവും, സംഘടിത, വോളിയം 12, ലക്കം 2, 2016.
ഗവേഷണ പ്രബന്ധങ്ങൾ
അശ്വനി എ.പി, കേരളത്തിലെ ട്രാൻസ് ജെന്ററുകളുടെ സ്വത്വ നിർമ്മിതി ചരിത്രവും വർത്തമാനവും, എം.ഫിൽ പ്രബന്ധം, മലയാള വിഭാഗം, ശ്രീ ശങ്കരാചാര്യ സർവകലാശാല കാലടി, 2017.
ധന്യ, മലയാളത്തിലെ സ്വവർഗ്ഗ സ്ത്രീരതിയാഖ്യാനങ്ങൾ, എം.ഫിൽ പ്രബന്ധം, മലയാളവി ഭാഗം, ശ്രീ ശങ്കരാചാര്യ സർവകലാശാല, കാലടി, 2015.
അനഘ വി. യു.
ഗവേഷക,
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല,
കാലടി
email: anakhavijayamohan106@gmail.com
Mob: 7034199620
Copyright © 2026 | WordPress Theme by MH Themes
