മലയാളചലച്ചിത്രങ്ങളിലെ കോടതിഭാഷാപദങ്ങൾ

ഒരു വിശകലനം

»  സുകന്യ ബി.

ID: MRK0018

Published on January 01, 2026

Time: 10:00 AM IST

കോടതിഭാഷാപദങ്ങൾ

പ്രബന്ധസംഗ്രഹം

മാറുന്ന കാലഘട്ടത്തിനനുസൃതമായി പുതിയ വിഷയങ്ങളും സാങ്കേതികതകളും പ്രേക്ഷകനു മുന്നിൽ അവതരിപ്പിക്കുന്ന ജനപ്രിയകലയാണ് സിനിമ. സമൂഹത്തിനു നേർക്കുപിടിച്ച കണ്ണാടി എന്നപോലെ പല പ്രശ്നങ്ങൾക്കും മുന്നിൽ ചോദ്യങ്ങള്‍ ഉയർത്താനും പരിഹാരങ്ങൾ നിർദ്ദേശിക്കാനും സിനിമകൾ ശ്രമിക്കാറുണ്ട്. സമൂഹത്തിലെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം നിർദ്ദേശിക്കുന്ന സ്ഥാപനങ്ങളാണ് കോടതികൾ. കോടതിയിലെ വ്യവഹാരങ്ങളെ സിനിമകളിൽ ആവിഷ്കരിക്കുന്നത് പുതുമയുള്ള സമീപനമല്ല. എന്നാൽ, മാറിവരുന്ന സാമൂഹികസാഹചര്യങ്ങൾക്കനുസൃതമായി കോടതിവ്യവഹാരങ്ങളെ ചിത്രീകരിക്കുന്നതിൽ ഇടക്കാലത്തു പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾപോലും പ്രത്യേകതാല്പര്യം പുലർത്തുന്നുണ്ട്. വിവിധ കാലങ്ങളിലായി മലയാളത്തിലെ കോടതിചലച്ചിത്രങ്ങളും മറ്റു ചിത്രങ്ങളും അനേകം കോടതിഭാഷാപദങ്ങൾ നമുക്കു പരിചയപ്പെടുത്തിയിട്ടുണ്ട്. കോടതികളിലും നിയമമേഖലയിലും മാത്രം പ്രയോഗിക്കപ്പെട്ടിരുന്ന പദങ്ങൾ സാധാരണക്കാരനു തിരിച്ചറിയാവുന്നവിധത്തിലാക്കിയത് ചലച്ചിത്രങ്ങൾതന്നെയാണ്. നീതിന്യായവ്യവസ്ഥയിൽ നിലനിൽക്കുന്ന ഇത്തരം പദങ്ങളും അവയുടെ സാമൂഹികമാനവും മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പഠനം.

 

താക്കോൽവാക്കുകൾ: കോടതിവ്യവഹാരം, കോടതിഭാഷ, അധികാരം

 

ആമുഖം

അറിവുനേടുക എന്നത് മനുഷ്യസഹജമായ വാസനയാണ്. പുതിയ കാര്യങ്ങൾ അറിയാനും കണ്ടെത്തുവാനും മനുഷ്യന്‍ പലവിധത്തിലാണ് താല്പര്യം പ്രകടിപ്പിക്കുന്നത്. സാമൂഹികസ്വാധീനം നിലനിൽക്കുന്നതിനാൽ മനുഷ്യനിലെ സംസ്കാരവും വീക്ഷണവും മാറ്റങ്ങൾക്കു വിധേയമായേക്കാം. കാലഘട്ടങ്ങളെയും വ്യത്യസ്തജനവിഭാഗങ്ങളെയും അതിജീവിച്ച് കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒന്നാണ് ശരിതെറ്റുകളുടെ ആപേക്ഷികത. പൊതുസമൂഹത്തിനെ സംബന്ധിച്ച് ഭിന്നതകൾ കൂടാതെ ഈ ശരിതെറ്റുകളെ ഉൾക്കൊള്ളുന്നതിന് തയ്യാറാക്കപ്പെട്ട ഒരു നിയമവ്യവസ്ഥ ആവശ്യമാണ്. അതായത് നീതിനിർവഹണം ഏറ്റെടുത്തിരിക്കുന്ന ഒരു സാമൂഹികസ്ഥാപനമാണ് ഈ വ്യവസ്ഥയെ കോട്ടംതട്ടാതെ മുന്നോട്ടുകൊണ്ടുപോകുന്നത്. അത്തരം സർക്കാർസംവിധാനമാണ് നമ്മുടെ കോടതികൾ. പ്രശ്നങ്ങളുടെ തരം അനുസരിച്ച് വ്യത്യസ്തകോടതികളാണ് ഓരോ കേസും കൈകാര്യം ചെയ്യുന്നത്. കൊളോണിയൽ വ്യവസ്ഥിതിയുടെ അവശിഷ്ടങ്ങളായി ഒട്ടേറെകാര്യങ്ങൾ ഇന്നും നിലനിൽക്കുന്നു. അക്കൂട്ടത്തിൽ ഒന്നാണ് നമ്മുടെ നീതിന്യായസംവിധാനം. കാലങ്ങൾ പിന്നിട്ടുവെങ്കിലും അധികാരത്തിന്റെ തിരുശേഷിപ്പുകളിൽ പലതും മാറ്റമില്ലാതെ തുടരുകയാണ്. സാധാരണക്കാരനു മനസ്സിലാകുന്നവിധം കോടതിവ്യവഹാരത്തിൽ മാതൃഭാഷയുടെ പൂർണ്ണമായ ഉപയോഗം കൊണ്ടുവരാൻ ഇന്നും സാധിച്ചിട്ടില്ല എന്നത് ഒരു ഉദാഹരണം മാത്രം. നിയമനടപടികളിൽ ഉൾപ്പെടുന്ന പലപദങ്ങളും മലയാളിക്കു സുപരിചിതമായത് കോടതിചലച്ചിത്രങ്ങളിലൂടെയാണ്. കോടതി പശ്ചാത്തലമായി പ്രേക്ഷകർക്കു മുന്നിലെത്തിയ അനവധി ചലച്ചിത്രങ്ങൾ മലയാളത്തിലുണ്ട്. അവയിൽ കാണുന്ന കോടതിവ്യവഹാരങ്ങൾ യഥാർത്ഥസാഹചര്യത്തിൽ നിന്നും വളരെയധികം വ്യത്യസ്തമാണ്. എന്നാൽ, നിരക്ഷരനുപോലും പല നിയമങ്ങളെക്കുറിച്ചും ബോധ്യമുണ്ടാകാൻ കാരണം കോടതിചലച്ചിത്രങ്ങളിലെ നാടകീയരംഗങ്ങൾ തന്നെയാണ്. അപ്രകാരം സിനിമകളിലൂടെ മലയാളി മനസ്സിലാക്കിയ ഏതാനും കോടതിഭാഷാപദങ്ങളിലൂടെ കടന്നുചെല്ലാം.


കോടതിവ്യവഹാരം

നിയമപരമായ വിധേയത്വത്തിലൂടെ നീതി നടപ്പിലാക്കുന്നതിനുള്ള ഔദ്യോഗികനടപടികളുടെ സമുച്ചയമാണ് കോടതിവ്യവഹാരം. കോടതിയിൽ കൈകാര്യം ചെയ്യുന്ന ഭാഷ, രേഖകൾ, പ്രക്രിയകൾ എന്നിവയെല്ലാം കോടതിവ്യവഹാരത്തിലാണ് ഉൾപ്പെടുന്നത്. ഭരണഘടനയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് നീതിനടപ്പിലാക്കാൻ രൂപവൽക്കരിച്ചിട്ടുള്ള നിയമപരമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിനുള്ള പ്രക്രിയയാണ് കോടതിവ്യവഹാരം. ഒരു കേസ് ഫയൽ ചെയ്യുന്നതു മുതൽ അതിന്റെ വിധി വരെയുള്ള ഓരോ ഘട്ടങ്ങളും ഇവിടെ പരിഗണനീയമാണ്. ഇന്നും ആംഗലേയപദങ്ങളാണ് ഇവയിലെല്ലാം സ്ഥാനംപിടിച്ചിരിക്കുന്നത്. അവയുടെ അർത്ഥവും വ്യാപ്തിയും സാധാരണക്കാരന് ഉൾക്കൊള്ളാൻ പ്രയാസമാണ്. എന്നാൽ, ചലച്ചിത്രങ്ങളിൽ ഇവ ആവിഷ്കൃതമായപ്പോൾ നിയമപരമായ വസ്തുതകൾ എല്ലാവരിലേക്കും എത്തിച്ചേരാൻ തുടങ്ങി. കോടതിഭാഷാപദങ്ങളിൽ പലതും കേട്ടുതുടങ്ങിയതുപോലും ചലച്ചിത്രങ്ങളിലൂടെയാണെന്നു പറയേണ്ടിവരും. അറിവ് ആർജ്ജിക്കുക എന്നതുപോലെ പ്രധാനപ്പെട്ടതാണ് നേടിയ അറിവിന്റെ പ്രയോഗവും. വ്യക്തിജീവിതത്തിൽ നിയമങ്ങളുടെ അടിസ്ഥാന ആശയങ്ങൾ പ്രയോജനപ്പെടുത്തുന്നതിലും ചലച്ചിത്രങ്ങൾ സഹായംചെയ്തിട്ടുണ്ട് .


കോടതിഭാഷ

കോടതിയിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷയെ കോടതിഭാഷ എന്നു വിശേഷിപ്പിക്കാം. അനേകം പരിശ്രമങ്ങളുടെ ഫലമായാണ് നമ്മുടെ ഔദ്യോഗികഭാഷയായി മാതൃഭാഷ (മലയാളം) മാറിയത്. അതിനൊപ്പം കോടതിഭാഷയും മലയാളമാക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ അതിനുള്ള നീക്കങ്ങൾ വിഫലമായിരിക്കുന്നു. മലയാളം ഉപയോഗിക്കാമെങ്കിലും മേൽക്കോയ്മ ഇന്നും ഇംഗ്ലീഷിനു തന്നെയാണ്. അധികാരവർഗ്ഗത്തിന്റെ ആധിപത്യം ഭാഷയിലും പ്രകടമാണെന്നതിന്റെ സൂചനയാണ് ഓരോ പദങ്ങളിൽപോലും കാണുന്ന ആംഗലേയസ്വാധീനം. ഒരു അഭിഭാഷകന്റെ കേസ് ഡയറി, വക്കാലത്ത് നാരായണൻകുട്ടി, ക്രൈംഫയൽ, ഹരികൃഷ്ണൻസ്, ഇവിടം സ്വർഗ്ഗമാണ്, ദൃശ്യം, മഹാവീര്യർ, നേര്, വാശി എന്നിങ്ങനെ നിരവധി ചലച്ചിത്രങ്ങളിൽ നിയമപരമായ വസ്തുതകളും കോടതിഭാഷാപദങ്ങളുടെ ഉപയോഗവും കാണാം. കോടതിചലച്ചിത്രങ്ങളിൽ മാത്രമല്ല മറ്റുള്ള ചിത്രങ്ങളിലും കോടതിഭാഷാപദങ്ങൾ പ്രയോഗിക്കപ്പെടുന്നുണ്ട്.


ഹർജി : മിക്ക സിനിമകളിലും നമ്മൾ കേൾക്കാറുള്ള പദമാണ് ഹർജി. അപേക്ഷ എന്നതാണ് ഈ അറബിവാക്കിന്റെ സാമാന്യമായ അർത്ഥം. നിയമത്തിന്റെ സഹായം ആവശ്യമായിവരുമ്പോൾ കോടതിയിൽ സമർപ്പിക്കുന്ന ഔദ്യോഗിക അപേക്ഷയാണിത്.


വക്കാലത്ത് : 2001ൽ പുറത്തിറങ്ങിയ ‘വക്കാലത്ത് നാരായണൻകുട്ടി’ എന്ന സിനിമയിലൂടെയാണ് ഈ പദം ശരിക്കും നമുക്ക് സുപരിചിതമായിത്തീർന്നത്. കേസ് ഫയൽ ചെയ്ത വ്യക്തിയും വക്കീലും തമ്മിലുള്ള നിയമപരമായബന്ധം നിലകൊള്ളുന്നത് വക്കാലത്തിലൂടെയാണ്. പ്രാതിനിധീത്വം എന്നർത്ഥം വരുന്ന അറബിപദമാണിത്. ഒരു കേസ് നടത്താൻ വക്കീലിനെ ചുമതലപ്പെടുത്തുന്നതിനായി ഹർജിക്കാരൻ സമർപ്പിക്കുന്ന രേഖയാണ് വക്കാലത്ത്.


വാദം : കോടതിരംഗങ്ങൾ ആവിഷ്കരിച്ചിട്ടുള്ള ഏതൊരു ചിത്രത്തിലും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വാദം. ഉജ്ജ്വലവും നാടകീയവുമായ കഥാമുഹൂർത്തങ്ങൾ അരങ്ങേറുന്നത് കോടതിവാദങ്ങളിലാണ്. ‘നരസിംഹം’ പോലുള്ള സിനിമകളിൽ കാണുന്ന വാദപ്രതിവാദങ്ങൾ പ്രേക്ഷകനിൽ ആവേശമുണർത്തുന്നത് പതിവാണ്. എന്നാൽ, ഇത്തരം രംഗങ്ങൾ യഥാർത്ഥ കോടതിമുറികളിൽ കാണാനാകില്ല എന്നതാണ് സത്യം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും (പാവാട, പുണ്യാളൻ അഗർബത്തീസ്, ജെ.എസ്.കെ.) വക്കീലന്മാർ തമ്മിലുള്ള വാഗ്വാദങ്ങളും വെല്ലുവിളികളും പരിഹാസശരങ്ങളുമൊന്നും യഥാർത്ഥകോടതികളിൽ കാണാനാകില്ല. സിനിമയ്ക്ക് വേണ്ടി തയ്യാറാക്കുന്ന ഇത്തരം രംഗങ്ങളിൽ തങ്ങൾക്കനുകൂലമായ പലകാര്യങ്ങളും പ്രേക്ഷകൻ ആഗ്രഹിക്കും. അതേസമയം തെറ്റായ ധാരണകൾ സൃഷ്ടിക്കുന്ന ചില സാഹചര്യങ്ങളും ഇവയിൽ ഉണ്ടാകാം.


ബെഞ്ച് : കോടതിയിൽ ഒരു കേസ് കൈകാര്യം ചെയ്യുമ്പോൾ അത് വീക്ഷിക്കുന്നതിനുള്ള ജഡ്ജിമാരുടെ സംഘത്തെയാണ് ബെഞ്ച് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സിംഗിൾ ബെഞ്ച്, ഡിവിഷൻ ബെഞ്ച് എന്നിങ്ങനെ ജഡ്ജിമാരുടെ എണ്ണമനുസരിച്ചു ബെഞ്ചുകൾ വ്യത്യാസപ്പെടുന്നു. കേസിന്റെ ഗൗരവമനുസരിച്ചാണ് ഇത് നിശ്ചയിക്കുന്നത്. പഴയകാല കോടതി കുറ്റാന്വേഷണചലച്ചിത്രങ്ങളിൽ സുപരിചിതമായ ഈ പദം നേര്, വാശി പോലുള്ള നവസിനിമകളിലും കേള്‍ക്കാനാവും.


വാറണ്ട് : മലയാളിക്ക് സുപരിചിതമായ കോടതിഭാഷാപദമാണ് വാറണ്ട്. കോടതിയോ അധികാരമുള്ള ഉദ്യോഗസ്ഥനോ നൽകുന്ന ഉത്തരവിനെയാണ് വാറണ്ട് (അറസ്റ്റ് വാറണ്ട്/ സെർച്ച് വാറണ്ട്) എന്ന ആംഗലേയപദം കൊണ്ട് അർത്ഥമാക്കുന്നത്. അറസ്റ്റ് രംഗങ്ങളിലും തിരച്ചിൽ രംഗങ്ങളിലും സ്ഥിരം കേൾക്കാറുള്ള പദമാണിത്. “വാറണ്ടുണ്ടോ?” എന്ന ഒറ്റ ചോദ്യത്തിൽ എതിരാളിയായി വരുന്ന ഉദ്യോഗസ്ഥന്റെ മുട്ടുമടക്കുന്ന നായകന്മാർ മലയാളസിനിമകളിൽ വിരളമല്ല.


ഹേബിയസ് കോർപ്പസ് : നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ കോടതിയിൽ ഹാജരാക്കുന്നതിനുള്ള ഒരു റിട്ടാണ് ഇത്. ഈ ലാറ്റിൻ പദം മമ്മൂട്ടി ചിത്രമായ ‘അടിക്കുറിപ്പി’ലൂടെ വ്യക്തമായി മനസ്സിലാക്കിയപ്പോൾ അതിന്റെ ശരിക്കുള്ള വിശദീകരണം മലയാളി തിരിച്ചറിഞ്ഞത് ദൃശ്യത്തിലെ ജോർജുകുട്ടിയുടെ (മോഹൻലാൽ) വാക്കുകളിലൂടെയായിരുന്നു.


അമിക്കസ് ക്യൂറി : കോടതിയിലെ ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള സ്ഥാനപ്പേരുകളും അവരുടെ പദവിയും അറിയാൻ സിനിമകൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. ജഡ്‌ജി (വിധികർത്താവ്), മജിസ്‌ട്രേറ്റ് (ശിക്ഷാധികാരി), പബ്ലിക് പ്രോസിക്യൂട്ടർ (സർക്കാർ വക്കീൽ), ഡിഫെൻസ് ലോയർ (പ്രതിഭാഗം വക്കീൽ) തുടങ്ങിയ വാക്കുകൾ കേട്ടു പഴകുന്നതിലും കാര്യങ്ങൾ തിരിച്ചറിയുന്നതിലും സിനിമയാണ് കാരണമായിട്ടുള്ളത്. ‘കോടതിയുടെ സുഹൃത്ത്’ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന ‘അമിക്കസ് ക്യൂറി’ എന്ന വാക്ക് ഒരു കേസിൽ നേരിട്ട് പങ്കാളിയാകാതെ കോടതിക്ക് നിഷ്പക്ഷമായ അഭിപ്രായങ്ങൾ നൽകുന്നതിനായി നിയമിക്കുന്ന വക്കീലിനെ സൂചിപ്പിക്കുന്നു. ‘ഇവിടം സ്വർഗ്ഗമാണ്’ എന്ന സിനിമയിലെ പ്രബലൻ വക്കീൽ (ശ്രീനിവാസൻ) ഈ പദവിയിൽ തിളങ്ങിയപ്പോഴാണ് ഇത്തരം രീതികൾ ഉണ്ടെന്നു സാധാരണജനങ്ങൾ തിരിച്ചറിയുന്നത്.


ഇങ്ങനെ നോക്കിയാൽ പല ഭാഷകളിൽനിന്നും കോടതി സ്വീകരിച്ചിട്ടുള്ള എത്രയോ വാക്കുകളാണ് മലയാളചലച്ചിത്രങ്ങൾ നമുക്ക് പരിചയപ്പെടുത്തിയിട്ടുള്ളതെന്നു ബോധ്യമാകും. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ കാരണത്താൽ മനസ്സിലാക്കാൻ സാധിക്കാത്ത നിരവധി കാര്യങ്ങളാണ് സിനിമയിലൂടെ വ്യക്തമാക്കപ്പെടുന്നത്. എന്നാൽ, രംഗപ്പൊലിമയ്‌ക്കു വേണ്ടി ദൃശ്യവൽക്കരിക്കുന്ന കോടതിരംഗങ്ങളെ കണ്ണടച്ചു വിശ്വസിക്കാൻ കഴിയില്ല എന്നത് ഒരു യാഥാർഥ്യമാണ്. ചുരുക്കത്തിൽ, നീതിന്യായവ്യവസ്ഥയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനപദങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നു എന്നതിൽ സിനിമകൾ വിജയിച്ചിട്ടുണ്ട് എന്നു പറയാം.


സമൂഹവും അധികാരവും

മനുഷ്യജീവിതത്തിൽ ഏതൊരു പ്രവർത്തനങ്ങളിലും ഭൗതികമായി സ്വാധീനം ചെലുത്തുന്ന ഉപാധിയാണ് ഭാഷ. അധികാരത്തിന്റെ പ്രതിഫലനം ഭാഷയിലും കാണാൻ സാധിക്കും. വിദ്യാഭ്യാസം, സമ്പത്ത്, ജാതി, മതം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഭാഷ വ്യത്യാസപ്പെടുമ്പോൾ ചൂഷകരും ചൂഷിതരുമായ ഒരു വിഭാഗം ഉദയം ചെയ്യുന്നു. ഭരണത്തിലും നിയമനടത്തിപ്പിലും ഈ അന്തരം കാണുന്നുണ്ട്. അധികാരം കയ്യാളുന്നവരുടെ ഭാഷയും നിലപാടുകളും സ്വാഭാവികമായും മുന്നിൽ നിൽക്കുന്നു. അരികുവൽക്കരിക്കപ്പെടുന്ന പാവപ്പെട്ടവന് അവിടെ സ്ഥാനമില്ല. ഭാഷയുടെ കാര്യത്തിൽ ഇത് വ്യക്തമാണ്. അധികാരിയുടെ താല്പര്യമനുസരിച്ചു കാര്യങ്ങൾ നടപ്പിലാക്കുന്നതിന് ഭാഷ ഒരുകാലത്തു മറയായിരുന്നെങ്കിൽ ഇന്നും ചില സാഹചര്യങ്ങളിലെങ്കിലും അതേ അവസ്ഥ തുടരുന്നുണ്ട്. കോടതികൾ സമൂഹത്തിന്റെ നീതിപാലനവേദി ആണെങ്കിലും ഇന്നും സുപ്രധാനനടപടികളെല്ലാം ഇംഗ്ലീഷിൽ തന്നെയാണ് നടക്കുന്നത്. മാത്രമല്ല, പല ഭാഷകളിൽ നിന്നായി കടംകൊണ്ട വ്യവഹാരപദങ്ങളെ മലയാളീകരിക്കാൻ സാധിച്ചിട്ടുമില്ല. ഇതിനു പുറകിൽ പല സങ്കീർണതകളും ഉണ്ട് എന്നതും ചിന്തിക്കേണ്ടതാണ്. കോടതിഭാഷാപദങ്ങൾ സാമൂഹികതയിൽ നിന്നും നിർണയിക്കപ്പെടുന്നതാകണം. നീതിനിർവഹണത്തിൽ കോടതികൾ സ്വീകരിക്കുന്ന വ്യവഹാരരീതികൾ അധികാരത്തിന്റെ അടയാളപ്പെടുത്തലാണ് എന്ന് മനസ്സിലാക്കാം.


ഉപസംഹാരം

  • സമൂഹത്തിലെ നീതിപാലനത്തിനുവേണ്ടി സംവിധാനം ചെയ്തിട്ടുള്ള സ്ഥാപനങ്ങളാണു കോടതികൾ. ഇവിടെ വ്യവഹാരത്തിനുപയോഗിക്കുന്ന മലയാളമല്ലാത്ത പദങ്ങൾ മലയാളിക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചത് സിനിമകളിലൂടെയാണ്.


  • അധികാരവും സമൂഹവും തമ്മിലുള്ള ബന്ധം പ്രതിഫലിപ്പിക്കാൻ സിനിമകൾക്ക് സാധിക്കുന്നു.


  • നിയമനടപടികളെക്കുറിച്ചു മാത്രമല്ല കോടതിഭാഷാപദങ്ങളുടെ അർഥം പോലും മനസ്സിലാക്കാൻ സിനിമകളാണ് സഹായിക്കുന്നത്.


  • സമൂഹത്തിന്റെ പ്രതിബിംബമായി വിശേഷിപ്പിക്കാവുന്ന ചലച്ചിത്രങ്ങൾ, ഭാഷയിലൂടെ അധികാരത്തെ അടയാളപ്പെടുത്തുന്ന നീതിന്യായസംവിധാനത്തിന്റെ കാഠിന്യത്തെ മൃദുലമാക്കിമാറ്റി.


  • സിനിമകൾ പലപ്പോഴും പുതിയ അറിവുകൾ നൽകാറുണ്ട്. അവയിൽ എല്ലാം ശരിയാകണമെന്നില്ല. നാടകീയത മുൻനിർത്തി പലതും ഭാവനാത്മകമായി ദൃശ്യവൽക്കരിക്കുന്നതുമാകാം. അതിനാൽ ത്യാജ്യഗ്രാഹ്യബോധ്യത്തോടെ വേണം ഓരോ വസ്തുതകളെയും സമീപിക്കാൻ. എന്നാൽ, കോടതിഭാഷാപദങ്ങളുടെ കാര്യത്തിൽ വ്യക്തമായ ധാരണ നൽകാൻ മലയാളചലച്ചിത്രങ്ങൾ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ഉറപ്പിച്ചുപറയാൻ സാധിക്കും.


  • ശരിയായതും ഉപകാരപ്രദവുമായ അറിവുകൾ പ്രദാനംചെയ്യുന്ന ചലച്ചിത്രങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്.


ഗ്രന്ഥസൂചി

  1. ഉഷാനമ്പൂതിരിപ്പാട് ഡോ., സാമൂഹികഭാഷാവിജ്ഞാനം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 1994.

  2. ഗിരീഷ് പി. എം., മലയാളം സ്വത്വവും വിനിമയവും, വള്ളത്തോൾ വിദ്യാപീഠം, മലപ്പുറം, 2013.

  3. ശിവകുമാർ ആർ. ഡോ., നിയമനിഘണ്ടു, ചിന്ത പബ്ലിഷേഴ്സ്, കോഴിക്കോട്, 2000.

  4. സ്മിത കെ. നായർ ഡോ., കോടതിമലയാളം, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, മലപ്പുറം, 2019.

About the researcher:

സുകന്യ ബി.

ഗവേഷക

മലയാളവിഭാഗം

ഗവ. കോളേജ്

നെടുമങ്ങാട്, തിരുവനന്തപുരം


Email: abcsukanya20@gmail.com

Mob: 9633447321

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Subscription Form

Fill out the form below and pay subscription fee to subscribe our journal's printed edition for one year. (You need to pay Rs. 1200 for One Year Subscription. You will get 4 Issues in one year with Paperback Printing and Perfect Binding features)