മലയാളചലച്ചിത്രങ്ങളിലെ

ഗാനപുനരാവിഷ്കാരവൈവിധ്യങ്ങൾ

»  നീഷ്മ വി. പി.

ID: MRK0016

Published on January 01, 2026

Time: 10:00 AM IST

ചലച്ചിത്രഗാനം

പ്രബന്ധസംഗ്രഹം

സാഹിത്യസാഹിത്യേതര കലകളിലെല്ലാം എല്ലാ കാലത്തും പുനരാവിഷ്കാരങ്ങൾ ഉണ്ടായിട്ടുണ്ട്. പല സാഹിത്യമണ്ഡലങ്ങളും ഉത്ഭവിച്ചത് പോലും പുനരാവിഷ്കാരത്തിലൂടെയാണെന്ന് കാണാം. മലയാളത്തിലെ ആദ്യ കാവ്യമായി കരുതുന്ന ‘രാമചരിതം’ ഒരു പുനരാവിഷ്കാരമാണ്. ഇത്തരത്തിൽ ഭാഷയ്ക്കുള്ളിൽ നിന്നുകൊണ്ടും ഭാഷയ്ക്ക് പുറത്തുമായും ധാരാളം പുനരാവിഷ്കാര സാധ്യതകൾ സാഹിത്യവും കലകളും ഉപയോഗിക്കുന്നു. ചലച്ചിത്രത്തിൽ ഇവ റീമേയ്ക്കുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു ചലച്ചിത്രത്തിന്റെ കഥയെ/ഇതിവൃത്തത്തെ എടുത്ത് മറ്റൊരു ചലച്ചിത്രം നിർമ്മിക്കുന്നതാണ് റീമേയ്ക്കുകൾ/ പുനരാവിഷ്കാരചലച്ചിത്രങ്ങൾ എന്ന് പൊതുവിൽ പറയാറുണ്ടെങ്കിലും അതുമാത്രമല്ല ഈ ഗണത്തിൽ വരുന്നത്. ഒരു ചലച്ചിത്രത്തിലെ കഥാപാത്രമോ, ഗാനമോ, രംഗങ്ങളോ വേറെയൊരു ചലച്ചിത്രത്തിന്റെ ഭാഗമായാലും അത് റീമേയ്ക്കിന്റെ പരിധിക്കുള്ളിൽ തന്നെയാണ് വരുന്നത്.

ഒരു ചിത്രത്തിൽ ഉപയോഗിച്ച ഗാനം പിന്നീട് വരുന്ന ചിത്രങ്ങളിൽ ഉപയോഗിക്കുന്ന രീതിയെ ഗാനപുനരാവിഷ്കാരം എന്നു പറയാം. ഗാനപുനരാവിഷ്കാരത്തിന്റെ സാധ്യതകളെ നവതലമുറ ചലച്ചിത്രങ്ങൾ വലിയതോതിൽ ഉപയോഗിക്കുന്നതായി കാണാം. മലയാളത്തിലെ ഗാന പുനരാവിഷ്കാരത്തിന്റെ ചരിത്രത്തെ അടയാളപ്പെടുത്തിക്കൊണ്ട് സമകാലീന ചലച്ചിത്രലോകത്ത് അവ ചെലുത്തുന്ന സ്വാധീനത്തെ വിശകലനം ചെയ്യാനാണ് ഈ പ്രബന്ധത്തിലൂടെ ശ്രമിക്കുന്നത്.

 

താക്കോൽവാക്കുകൾ: ചലച്ചിത്രപുനരാവിഷ്കാരം, സ്വഭാഷാ അന്യഭാഷാപുനരാവിഷ്കാരങ്ങൾ, ഗാന പുനരാവിഷ്കാരം.

 

ആമുഖം

എല്ലാ കലകളിലും എല്ലാകാലത്തും പുനരാവിഷ്കാരങ്ങൾ ഉണ്ടാവാറുണ്ട്. പല സാഹിത്യ ജനുസ്സുകളുടെയും ഉത്ഭവപരിണാമം പുനരാവിഷ്കാരത്തിലൂടെയാണെന്ന് കാണാം. ഭാഷയ്ക്കത്തും പുറത്തും പുനരാവിഷ്കാരസാധ്യതകളുണ്ട്. ചലച്ചിത്രലോകത്ത് സംഭവിക്കുന്ന പുനരാവിഷ്കാരങ്ങളെ റീമേയ്ക്ക് (Remake) എന്ന പദംകൊണ്ടാണ് വിശേഷിപ്പിക്കാറുള്ളത്. പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ പ്രദർശനത്തിനെത്തിയ ചലച്ചിത്രത്തെ മറ്റൊരു ചലച്ചിത്രരൂപത്തിൽ പുനരവതരിപ്പിക്കുന്നതിനെയാണ് റീമേയ്ക്ക് എന്നു പറയുന്നത്. പൊതുവിൽ പുനരാവിഷ്കാര ചലച്ചിത്രങ്ങളെ അഥവാ ഫിലിം റീമേയ്ക്കുകളെ അന്യഭാഷാപുനരാവിഷ്കാരചലച്ചിത്രങ്ങൾ, സ്വഭാഷാപുനരാവിഷ്കാരചലച്ചിത്രങ്ങൾ എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. ഒരു ഭാഷയിൽ നിർമ്മിക്കപ്പെട്ട ചലച്ചിത്രം പുനരവതരിപ്പിക്കപ്പെടുന്നത് ഇതരഭാഷയിലാണെങ്കിൽ അവ ആദ്യ ഗണത്തിൽപ്പെടുന്നു. ഭാഷയ്ക്കകത്തു നിന്നുകൊണ്ടുതന്നെ ഈ പുനരാവിഷ്കാര സാധ്യതകളെ കണ്ടെത്തുമ്പോൾ അവയെ സ്വഭാഷാപുനരാവിഷ്കാര ചലച്ചിത്രങ്ങളായി പരിഗണിക്കാം. ഉദാ:’മണിച്ചിത്രത്താഴ്‘(മലയാളം) എന്ന ചിത്രത്തിന്റെ അന്യഭാഷാ പുനരാവിഷ്കാരമാണ് ചന്ദ്രമുഖി‘(തമിഴ്),’ഭൂൽ ഭുലയ്യ‘(ഹിന്ദി) എന്നിവ. ‘ഭാർഗ്ഗവീനിലയംഎന്ന ചലച്ചിത്രത്തിന്റെ സ്വഭാഷാ പുനരാവിഷ്കാരമാണ് നീലവെളിച്ചംഎന്ന ചലച്ചിത്രം.

 

ചലച്ചിത്രപുനരാവിഷ്കാരസാധ്യതകൾ

ഒരു ചലച്ചിത്രം ഉപയോഗിച്ച പ്രമേയത്തെ അവലംബിച്ച് മറ്റൊരു ചലച്ചിത്രം നിർമ്മിക്കുന്നതിനെയാണ് പൊതുവിൽ റീമേയ്ക്കുകളായി പരിഗണിക്കാറുള്ളത്. എന്നാൽ റീമേയ്ക്കുകളെ അത്തരമൊരു ഇടുങ്ങിയ ചട്ടക്കൂടിനുള്ളിൽ ഒതുക്കി പറയാൻ കഴിയില്ല. ഒരു ചലച്ചിത്രം ഉപയോഗിച്ച കഥാപാത്രങ്ങളെ, സംഭാഷണങ്ങളെ, രംഗങ്ങളെ, ഗാനങ്ങളെ, തലക്കെട്ടുകളെ എന്നിങ്ങനെ ഒരു ചലച്ചിത്രത്തിലേക്ക് വിരൽചൂണ്ടുന്ന ഏതൊരു ഘടകമായാലും അത് മറ്റൊരു ചലച്ചിത്രം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവ റീമേയ്ക്കിന്റെ പരിധിയിൽ വരുന്നതാണ്. ‘പഞ്ചാബിഹൗസ്എന്ന ചിത്രത്തിലെ രമണൻഎന്ന കഥാപാത്രം റോൾ മോഡൽസ്എന്ന ചിത്രത്തിൽ പ്രതൃക്ഷപ്പെടുന്നത് കഥാപാത്രപുനരാവിഷ്കാരത്തിന് ഉദാഹരണമാണ്. പ്രേക്ഷകർ കൈയടിച്ച പല മാസ് രംഗങ്ങളും പിൽക്കാലത്ത് കോമഡി രംഗങ്ങളായി വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. ഒരു വിജയചലച്ചിത്രത്തിന്റെ ശീർഷകത്തോട് സാമ്യമുള്ള ശീർഷകത്തോടെ ധാരാളം ചലച്ചിത്രങ്ങൾ പിൽക്കാലത്ത് രംഗത്തെത്തുന്നത് നാം കാണാറുണ്ട്. കഥാപാത്ര പുനാവിഷ്കാരം, രംഗപുനരാവിഷ്കാരം, സംഭാഷണ പുനരാവിഷ്കാരം, ഗാനപുനരാവിഷ്കാരം, എന്നിങ്ങനെ റിമേയ്ക്ക് സാധ്യതകളെ പലതായി വർഗ്ഗീകരിക്കാവുന്നതാണ്. മലയാളചലച്ചിത്രശാഖ ഉപയോഗിച്ചിട്ടുള്ള ഗാനപുനരാവിഷ്കാരങ്ങളെക്കുറിച്ചുള്ള അന്വേഷണമാണീ പ്രബന്ധത്തിലൂടെ ഉദ്ദേശിക്കുന്നത്. ഒപ്പം സമകാലീന മലയാളചലച്ചിത്രങ്ങൾ ഗാനപുനരാവിഷ്കാര സാധ്യതകളെ ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കുന്നത് എന്നതിനെ ക്കുറിച്ചുളള ആലോചനകളും പങ്കുവെക്കുന്നു. അന്യഭാഷകളിലായി പുറത്തിറങ്ങിയിട്ടുള്ള ചലച്ചിത്ര ഗാനങ്ങളെ മലയാളചലച്ചിത്രങ്ങളിൽ പലതവണ പുനരാവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയിൽ തന്നെ ചലച്ചിത്രഗാനങ്ങൾ, ആൽബങ്ങളിലെ ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഭക്തിഗാനങ്ങൾ, നാടൻപാട്ടുകൾ എന്നിങ്ങനെ വിവിധ ഗാനശാഖകളിൽ നിന്നും പാട്ടുകൾ ചലച്ചിത്രങ്ങളിലൂടെ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ സിംഹഭാഗം ഗാനങ്ങളും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും അവ ആ ചലച്ചിത്രങ്ങൾക്കുള്ള പ്രചാരം വർദ്ധിപ്പിക്കുകയും സാമ്പത്തികവിജയം നേടികൊടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം പുനരവതരിപ്പിക്കപ്പെട്ട ചില ഗാനങ്ങൾ വലിയതോതിലുള്ള വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. പഴയഗാനത്തെ പുനരാവിഷ്കരിച്ചു വികൃതമാക്കി എന്ന തരത്തിലുള്ള കുറ്റപ്പെടുത്തലുകളാണ് അവ നേരിട്ടത്. അതിനാൽ ഗാനപുനരാവിഷ്ക്കാരങ്ങൾ ഒരു കൂട്ടം പ്രേക്ഷകരെ ആനന്ദിപ്പിച്ചപ്പോൾ മറ്റൊരു കൂട്ടത്തെ ചൊടിപ്പിക്കുകയാണ് ചെയ്തത്. പുനരാവിഷ്കരിച്ചിട്ടുള്ള മലയാളചലച്ചിത്രഗാനങ്ങളിലേക്കാണ് പ്രബന്ധം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

മലയാള ചലച്ചിത്രഗാനശാഖയുടെ പരിണാമം

മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഭാഗമാണ് ചലച്ചിത്രഗാനങ്ങൾ. ആദ്യത്തെ ശബ്ദചിത്രമായ ബാലനിലൂടെയാണ് മലയാള സിനിമയിൽ ആദ്യമായി പാട്ടുകൾ ഉദയം കൊള്ളുന്നത്. 1938 ജനുവരി 19 ന് റിലീസ് ചെയ്ത ചിത്രത്തിൽ ആകെ 23 പാട്ടുകൾ ഉണ്ടായിരുന്നു. കെ കെ അരൂർ, ഇബ്രാഹിം എന്നിവർ ചേർന്നാണ് സംഗീതം നൽകിയത്. പിന്നണിഗാനരീതി ഇല്ലാത്തതിനാൽ ക്യാമറയ്ക്ക് മുന്നിൽ നിന്ന് അഭിനയിക്കുന്ന നടീനടന്മാർ തന്നെയായിരുന്നു പാട്ടുകൾ പാടിയിരുന്നത്. എം കെ കമലം പാടിയ ജാതകദോഷത്താലെ…” എന്ന് തുടങ്ങുന്ന പാട്ട് അക്കാലത്ത് വലിയ ഹിറ്റായിരുന്നു. സിനിമ തുടങ്ങുന്നത് തന്നെ വിശ്വരൂപൻ അമൃതേശ്വരൻഎന്ന പ്രാർത്ഥനാ ഗാനത്തോടെയാണ്. മലയാളത്തിലെ പിന്നണിഗാനാലാപന(playback singing)രീതിക്ക് തുടക്കം കുറിക്കുന്നത് 1948ലെ നിർമ്മലഎന്ന ചലച്ചിത്രത്തിലൂടെയാണ്. ഗായകർ പാടി റെക്കോർഡ് ചെയ്ത് പാട്ട് അഭിനേതാക്കൾ തങ്ങൾ ആലപിക്കുന്നത് പോലെ ചുണ്ടനക്കി അഭിനയിക്കുന്ന രീതി ആദ്യമായി പരീക്ഷിക്കപ്പെടുന്നത് ഈ ചിത്രത്തിലൂടെയാണ്. ‘നിർമ്മല’യ്ക്ക് ശേഷം മലയാളചലച്ചിത്രലോകം ചലച്ചിത്രഗാനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നി. മികച്ച ശബ്ദവും സംഗീതതാൽപര്യവുമള്ളവർ സിനിമാലോകത്തേക്ക് കടന്നുവന്നു. ആദ്യകാലത്ത് തമിഴ്, ഹിന്ദി സിനിമകളിലെ ഈണങ്ങളെ അനുകരിച്ചായിരുന്നു മലയാളം പാട്ടുകൾ നിർമ്മിച്ചിരുന്നത്. പിന്നീട് മലയാളിത്തമുള്ള ഗാനങ്ങൾ പിറവിയെടുക്കുന്നത് 1954 ൽ ‘നീലക്കുയിൽ’ എന്ന ചിത്രത്തിലൂടെയാണ്. മലയാളസിനിമയുടെ സംഗീതശൈലി മാറ്റിയെഴുതിയ പി ഭാസ്കരൻ രാഘവൻ മാസ്റ്റർ കൂട്ടുകെട്ടിന്റെ തുടക്കം നീലക്കുയിലിലൂടെയായിരുന്നു. ചിത്രത്തിലെ ഗാനങ്ങൾ വള്ളംകളിപ്പാട്ട്, കൊയ്ത്തുപ്പാട്ട് എന്നിവയുടെ ഈണങ്ങളോട് ചേർന്നുനിൽക്കുന്നവയായിരുന്നു. 1950 മുതൽ 1970 വരെയുള്ള കാലയളവിനെ മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവർണ്ണകാലഘട്ടംഎന്ന് വിളിക്കാം. മലയാളസിനിമ അതിന്റെ പരമ്പരാഗതമായ ശൈലി രൂപപ്പെടുത്തിയതും എക്കാലത്തെയും മികച്ച ഗാനരചയിതാക്കളും സംഗീതജ്ഞരും പിറവിയെടുത്തതും ഈ കാലത്താണ്. സിനിമാപാട്ടുകൾ വെറും വരികളല്ല, മറിച്ച് ഉന്നത നിലവാരമുള്ള കവിതകളാണെന്ന് തെളിയിക്കപ്പെട്ട കാലമാണിത്. ‘വയലാർദേവരാജൻകൂട്ടുകെട്ടിൽ നൂറുകണക്കിന് അനശ്വര ഗാനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ലളിതവും മനോഹരവുമായ വരികളിലൂടെ വയലാർ, പി.ഭാസ്ക്കരൻ, .എൻ.വി കുറുപ്പ് തുടങ്ങിയവർ പ്രകൃതിയെയും ഓർമ്മകളെയും പ്രണയത്തെയും വിരഹത്തെയും തങ്ങളുടെ പാട്ടുകളിലൂടെ വരച്ചിട്ട് ഗാനശാഖയെ സമ്പന്നമാക്കി. മലയാളത്തിന് സ്വന്തമായൊരു ഈണം നൽകി സംഗീതസംവിധായകർ സജീവമായതും ഈ കാലത്താണ്. ശാസ്ത്രീയസംഗീതത്തെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചുകൊണ്ട് ദേവരാജൻ മാസ്റ്ററും ഹിന്ദുസ്ഥാനി സംഗീതശൈലികളും മാപ്പിളപ്പാട്ടിന്റെ ഈണങ്ങളും കോർത്തിണക്കി ബാബുരാജന്‍ മാഷും നാടൻപാട്ടുകളുടെ താളം സിനിമയിലേക്ക് ആവാഹിച്ചുകൊണ്ട് കെ.രാഘവൻ മാഷും കർണ്ണാടകസംഗീതത്തിൽ അധിഷ്ഠിതമായ ഭക്തിസാന്ദ്രമായ ഗാനങ്ങൾക്ക് ജന്മംനൽകി ദക്ഷിണാമൂർത്തിയും സംഗീത ഇതിഹാസങ്ങൾ സൃഷ്ടിച്ചതും ഈ കാലത്ത് തന്നെ.

1961-കാൽപ്പാടുകൾഎന്ന സിനിമയിലൂടെ കെ.ജെ.യേശുദാസ് എന്ന ഗാനഗന്ധവ്വൻ പിന്നണിഗാനലോകതെത്തിയതോടെ മലയാളസിനിമാസംഗീതം പുതിയൊരു തലത്തിലേക്ക് മാറുകയായിരുന്നു. പി. ലീല, എസ്. ജാനകി, പി. ജയചന്ദ്രൻ, കെ.പി. ഉദയഭാനു തുടങ്ങി അനേകം ഗായകരും ഈ കാലഘട്ടത്തിന്റെ തന്നെ സന്തതികളാണ്. എൺപതുകളിലെയും തെണ്ണൂറുകളിലെയും മലയാള ചലച്ചിത്രഗാനശാഖയെ മെലഡികളുടെ കാലംഎന്ന് വിളിക്കാം. വരികൾക്ക് നൽകിയിരുന്ന പ്രാധാന്യത്തിനൊപ്പം തന്നെ പശ്ചാത്തലസംഗീതത്തിനും (Backgroud music) ഓർക്കസ്ട്രേഷനും വലിയ പ്രാധാന്യം ലഭിച്ചു തുടങ്ങിയത് ഈ കാലയളവിലാണ്.

 

സംഗീതത്തിൽ മിനിമലിസംകൊണ്ടുവന്ന വ്യക്തിയാണ് ജോൺസൺ മാസ്റ്റർ. ചുരുങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വൈകാരികമായ മെലഡികൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യമായി പശ്ചാത്തലസംഗീതത്തിന് ദേശീയ അവാർഡ് മലയാളത്തിലേക്ക് എത്തിച്ചതും അദ്ദേഹമാണ്. ശാസ്ത്രീയസംഗീതത്തെ സാധാരണക്കാർക്ക് ആസ്വദിക്കാൻ പാകത്തിൽ സിനിമാഗാനങ്ങളിൽ രവീന്ദൻമാസ്റ്റർ ലയിപ്പിച്ചു. ‘ഹിസ് ഹൈനസ് അബ്ദുള്ള‘, ‘ഭരതംതുടങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. ‘നഖക്ഷതങ്ങൾ’, ‘സർഗ്ഗം’, ‘സദയം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ഉത്തരേന്ത്യൻ സംഗീതത്തിന്റെ രുചി മലയാളികൾക്ക് മുന്നിലെത്തിച്ചു ബോംബെ രവി. എസ് ജാനകിക്കും പി സുശീലയ്ക്കും ശേഷം മലയാളത്തിന് ലഭിച്ച ഗായികപ്രതിഭയാണ് കെ.എസ്. ചിത്ര. എൺപതുകളുടെ പകുതിയോടെയാണ് ചിത്രയുടെ വരവ്. മലയാള സിനിമയിൽ സ്ത്രീ ശബ്ദങ്ങൾക്ക് ചിത്ര പുതിയഭാവം നൽകി. ചിത്രയേശുദാസ് കൂട്ടുകെട്ടിലെ ഗാനങ്ങൾ മലയാളസിനിമയുടെ ആസ്തിയായി മാറി. ശ്യാം, ജെറി അമൽദേവ് തുടങ്ങിയവർ മലയാള സംഗീതത്തിലേക്ക് പാശ്ചാത്യശൈലികളെ കൂട്ടിയോജിപ്പിച്ചു. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾഎന്ന ചിത്രത്തിലൂടെ ജെറി അമൽദേവ് വെസ്റ്റേൺ ഹാർമണിയും നൊസ്റ്റാൾജിക് ഈണങ്ങളും മലയാളികൾക്ക് പരിചയപ്പെടുത്തി. ശ്യാം തന്റെ ഗാനങ്ങളിലൂടെ സ്പാനിഷ്, വെസ്റ്റേൺ സംഗീത ശൈലികൾ ജനപ്രിയമാക്കി. പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, ഗിരീഷ്  പുത്തഞ്ചേരി തുടങ്ങിയവർ ഭാഷാപരമായി ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ വരികളൊരുക്കി ഈ കാലം സമ്പന്നമാക്കി.

രണ്ടായിരമാണ്ടോടെ സംഗീതത്തിൽ സാങ്കേതികവിദ്യയിലുണ്ടായ വളർച്ച വഴി ഡിജിറ്റൽ റെക്കോർഡിംഗ്, ശബ്ദസംയോജനത്തിലെ പരീക്ഷണങ്ങൾ, പുതിയ വാദ്യോപകരണങ്ങളുടെ ഉപയോഗം എന്നിവയിലൂടെ ഗാനങ്ങളുടെ ശബ്ദഘടനയിൽ പുതുഭാവങ്ങൾ ഉടലെടുത്തു. വിദ്യാസാഗർ, എം. ജയചന്ദ്രൻ, ദീപക് ദേവ്, അൽഫോൺസ് ജോസഫ്, എന്നിവർ സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ നടത്തി. ‘ഫോർ ദി പീപ്പിൾഎന്ന ചിത്രത്തിലൂടെ ജാസി ഗിഫ്റ്റ് കൊണ്ടുവന്ന പാശ്ചാത്യ സംഗീതശൈലി വലിയ തരംഗമാണ് അക്കാലത്ത് സൃഷ്ടിച്ചത്. മലയാളത്തിൽ ന്യൂജനറേഷൻ സിനിമയുടെ തരംഗം ആരംഭിക്കുന്നതായി കണക്കാക്കുന്നത് 2010നു ശേഷമാണ്. സിനിമയുടെ പ്രമേയം, സാങ്കേതികവിദ്യ, ആഖ്യാനരീതി എന്നിവയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഇക്കാലത്തുണ്ടായി. ഇത്തരം മാറ്റങ്ങളെ ചലച്ചിത്രഗാനശാഖയും ഉൾക്കൊണ്ടു. ദൈർഘ്യം കുറഞ്ഞ ഗാനങ്ങൾ, പലതരം സംഗീതശൈലികളെ കോർത്തിണക്കിക്കൊണ്ടുള്ള ഗാനങ്ങൾ, കുറഞ്ഞ വാദ്യോപകരണങ്ങളുടെ പിൻബലത്തോടെയുള്ള ഗാനങ്ങൾ, റാപ്പ് ഗാനങ്ങൾ, റീമേക്ക് ഗാനങ്ങൾ എന്നിവയെല്ലാം സംഗീതജ്ഞർ വലിയ തോതിലുള്ള ഉപയോഗിച്ചത് ഈ കാലത്താണ്.

 

ഗാനപുനരാവിഷ്കാരം

ഒരു ചലച്ചിത്രത്തിലുപയോഗിച്ച ഗാനം മറ്റൊരു ചലച്ചിത്രനുവേണ്ടി പുനരുപയോഗിക്കുന്നതിനെ ഗാനപുനരാവിഷ്ക്കാരം എന്നു പറയാം. നവതലമുറ ചലച്ചിത്രങ്ങളുടെ ഉദയത്തിനുശേഷമാണ് മലയാളത്തിൽ ഈ പുനരാവിഷ്കാരസാധ്യതയെ കൂടുതലായി ഉപയോഗിച്ചിട്ടുള്ളതെന്ന് പറഞ്ഞുവല്ലോ. പക്ഷേ അതിനുമുമ്പും ഈ ഗണത്തിൽപെട്ട ഗാനങ്ങൾ മലയാളചലച്ചിത്രത്തിലുണ്ടായിട്ടുണ്ട്. 1995-ൽ പുറത്തിറങ്ങിയ ആദ്യത്തെ കൺമണിഎന്ന ചലച്ചിത്രം അതിൽ പ്രധാനപ്പെട്ടതാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിട്ടുള്ളത് എസ് പി വെങ്കിടേഷാണ്. 1970 ൽ പുറത്തിറങ്ങിയ മിണ്ടാപ്പെണ്ണ്എന്ന ചലച്ചിത്രത്തിനുവേണ്ടി എം.എസ്. ബാബുരാജ്ശ്രീകുമാരൻ തമ്പി കൂട്ടുകെട്ടിൽ, യേശുദാസിന്റെയും ജാനകിയുടെയും മനോഹരമായ ശബ്ദത്തിൽ പിറന്ന അകലെ അകലെ നീലാകാശം….’ എന്ന ഗാനം പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ചിരുന്നു. ഗാനത്തിനു ലഭിച്ച ഈ ജനപ്രീതിയാവാം ആദ്യത്തെ കൺമണിഎന്ന ചലച്ചിത്രത്തിലേക്ക് രാജസേനൻ ഈ ഗാനത്തെ പുനരാവിഷ്ക്കരിച്ചുപയോഗിക്കാൻ തീരുമാനിച്ചത്. ജയറാം, സുധാറാണി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ നാട്ടിലെ സ്റ്റേജ് ഗാനമേളയിൽ ആലപിക്കുന്നതായിട്ടാണ് ചിത്രത്തിൽ ഈ ഗാനത്തെ അവതരിപ്പിക്കുന്നത്. കേട്ടുശീലിച്ച ഒരു ഗാനത്തെതന്നെ രംഗത്തവതരിപ്പിച്ചപ്പോൾ തങ്ങളൊരു ഗാനമേള ആസ്വദിക്കുകയാണെന്ന പ്രതീതി പ്രേക്ഷകർക്ക് ലഭിച്ചു. പഴയ ഗാനത്തെ പ്രേക്ഷകർക്കു മുന്നിൽ പുതിയ രൂപത്തിൽ ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്ന് പറയാതെ പറയുകയുമാണ് ഇത്തരമൊരു രംഗത്തിലൂടെ സംവിധായകൻ. ഇത് പിന്നീടുണ്ടാവാൻ സാധ്യതയുള്ള പല വിമർശനങ്ങളെയും ഒരു പരിധിവരെ കുറയ്ക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു പുനരുപയോഗമായിരുന്നു. 1975 ൽ പുറത്തിറങ്ങിയ പിക്നിക്എന്ന ചലച്ചിത്രത്തിലെ കസ്തൂരി മണക്കുന്നല്ലോ കാറ്റേ…’ എന്ന ഗാനം 2011 ൽ നായിക എന്ന ചിത്രത്തിനുവേണ്ടി പുനരാവിഷ്കരിച്ചു. പണ്ടത്തെ ഗാനത്തെ ഓർമ്മിക്കുന്നതരം വിഷ്വൽസായിരുന്നു ഈ ഗാനരംഗത്ത് സംവിധായകൻ ജയരാജ് ഉപയോഗിച്ചത്. ‘പിക്നിക്സിനിമയിൽ പ്രേം നസീർലക്ഷ്മി എന്നിവർ ചേർന്ന് അഭിനയിച്ച ഗാനത്തെ അനുസ്മരിക്കുന്ന വിധത്തിലാണ് നായികയിൽ ജയറാമും പത്മപ്രിയയും ചേർന്ന് ഗാനരംഗം പുനരവതരിപ്പിച്ചത്. യേശുദാസാണ് ഇരു ചലച്ചിത്രങ്ങളിലും പിന്നണി പാടിയത്. സമീപകാലത്തെ ചലച്ചിത്രങ്ങളിൽ ഗാനങ്ങൾ പുനരാവിഷ്കരിക്കുമ്പോൾ അതിലെ പിന്നണിഗായകർ മാറാറുണ്ട്. എന്നാൽ അകലെ അകലെ നീലാകാശം‘ , ‘കസ്തൂരി മണക്കുന്നല്ലോ കാറ്റേഎന്നീ ഗാനങ്ങളുടെ ആദ്യഗാനത്തിനും പുനരാവിഷ്ക്കാരഗാനത്തിനും പിന്നണി പാടിയത് ഒരേ ആളുകൾ തന്നെയാണ്. പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗാനങ്ങൾ പുതിയ ശബ്ദത്തിൽ അവരുടെ മുന്നിലേക്കെത്തുമ്പോൾ അതവർക്ക് ഉൾക്കൊള്ളാൻ സാധിക്കുമോ എന്ന തോന്നൽ അണിയറ പ്രവർത്തകരെ അലട്ടിയതിനാലാവാം അത്തരമൊരു പരീക്ഷണത്തിനവർ മുതിരാതിരുന്നത്.

 

1980-ൽ പുറത്തിറങ്ങിയ അങ്ങാടിഎന്ന ചലച്ചിത്രത്തിൽ ജയൻ സീമ ജോഡികൾ അവിസ്മരണീയമാക്കിയ കണ്ണും കണ്ണും തമ്മിൽ തമ്മിൽ എന്ന് തുടങ്ങുന്ന ഗാനം വെനീസിലെ വ്യാപാരിഎന്ന ചിത്രത്തിനുവേണ്ടി ബിജിപാൽ പുനരാവിഷ്കരിക്കുകയുണ്ടായി. ആദ്യഗാനത്തിൽ പിന്നണിപാടിയത് യേശുദാസും ജാനകിയും ചേർന്നായിരുന്നു. എന്നാൽ പുതിയ ചിത്രത്തിൽ പിന്നണി പാടിയത് രാജലക്ഷ്മിദേവി, സുധീപ് കുമാർ എന്നിവർ ചേർന്നാണ്. ദിവാസ്വപ്നമായിട്ടാണ് ഇരു ചിത്രങ്ങളും ഈ ഗാനരംഗത്തെ അവതരിപ്പിക്കുന്നത്. ആദ്യഗാനത്തിലെ പശ്ചാത്തലം, നായികാനായകന്മാർ ഉപയോഗിക്കുന്ന വസ്ത്രം, അഭിനയശൈലി എന്നിവയോട് സാമ്യത തോന്നുന്നതരത്തിലുള്ള ആവിഷ്കാരം തന്നെയാണ് പുതിയ ചിത്രത്തിലും.

നിലവിലുള്ള ഒരു സംഗീത സൃഷ്ടിയെ (Original Song) ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തി പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നതിനെയാണ് റീമിക്സ് (Remix) എന്ന് പറയുന്നത്. ഒരു പാട്ടിന്റെ അടിസ്ഥാന ശൈലിനിലനിർത്തിക്കൊണ്ടുതന്നെ അതിലെ താളം (Beats), ശബ്ദം (Sound effects), വേഗത (Tempo) എന്നിവയിൽ മാറ്റം വരുത്തുന്ന പ്രക്രിയയാണിത്. ഗാനപുനരാവിഷ്കാരത്തിന് മറ്റൊരു മാനം കൊണ്ടുവന്നത് ഒരു മധുരക്കിനാവിന്‍ ലഹരിയിലെങ്ങോ.. ‘ എന്ന ഗാനത്തിന്റെ പുനരവതരണത്തിലൂടെയാണ്. റീമിക്സ്  ഗാനങ്ങൾക്ക് പ്രചാരം വർദ്ധിക്കുന്നതും ഈ ഗാനത്തോടെയാണെന്ന് കരുതാം. ബിച്ചു തിരുമലയുടെ വരികൾക്ക് ശ്യാം സംഗീതം നൽകി യേശുദാസിന്റെ ശബ്ദത്തിൽ 1984-കാണാമറയത്ത്എന്ന ചലച്ചിത്രത്തിലൂടെയാണ് ആദ്യമായി മലയാളി ഈ ഗാനം കേൾക്കുന്നത്. റഹ്മാൻ,ശോഭന എന്നിവർ ആടിത്തിമിർത്ത ഗാനം പിന്നീട് പൃഥ്വിരാജിന്റെയും സംഘത്തിന്റെയും നൃത്തച്ചുവടുകളോടെ തേജാഭായ് ആൻഡ് ഫാമിലിഎന്ന ചിതത്തിലൂടെ വീണ്ടും  വെള്ളിത്തിരയിലെത്തി. പ്രശംസകളോടൊപ്പം ധാരാളം വിമർശനങ്ങളും ഈ ഗാനപുനരാവിഷ്കാരം നേരിട്ടു. റീമിക്സ് രൂപത്തിൽ ഗാനം പരിവർത്തനം ചെയ്തപ്പോൾ പഴയ ഗാനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടുപോയിയെന്നും ഗാനത്തെ വികൃതരൂപത്തിലാക്കിയെന്നുമെല്ലാം മലയാളക്കരയിൽ വിമർശനങ്ങൾ ഉയർന്നു. എങ്കിലും പഴയ പലപാട്ടുകളും പിന്നീട് റീമിക്സ് രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത് ഈ ഗാനത്തിന്റെ പുനരവതരണശ്രമത്തിനുശേഷമാണ് എന്നത് ശ്രദ്ധേയമാണ്. അവയിൽ കൂടുതലും ചടുലതാളത്തിലുള്ള ഗാനങ്ങളായിരുന്നു. ‘കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന…’ (നെല്ല്), ‘ചെട്ടിക്കുളങ്ങര ഭരണി നാളിൽ…’ (സിന്ധു), ‘മഴ തുള്ളി തുള്ളി തുള്ളി നൃത്തമാടി വരുംവാനിൽ..’ (സരിത) എന്നീഗാനങ്ങൾ ബഡാദോസ്ത്‘, ‘ഛോട്ടാ മുംബൈ‘, ‘സ്റ്റെൽഎന്നീ ചിത്രങ്ങളിൽ റീമിക്സ് രൂപത്തിലെത്തി. ‘രാക്കുയിലിൻ രാഗസദസ്സിൽ‘ (1986) എന്ന ചിത്രത്തിലെ പൂമുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന…’ എന്നു തുടങ്ങുന്ന ഗാനം റീമിക്സ് രൂപത്തിൽ ‘ഇവർ വിവാഹിതരായാൽ’ എന്ന ചിത്രത്തിലൂടെയും റോസി‘ (1965) എന്ന ചിത്രത്തിലെ അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം എന്ന ഗാനം ലൗഡ് സ്പീക്കർഎന്ന ചിത്രത്തിലൂടെയും വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. യേശുദാസിന്റെ ശബ്ദത്തിൽ കേട്ട ഈ പാട്ടുകൾ പുനരാവിഷ്കരിച്ചപ്പോൾ മകൻ വിജയ് യേശുദാസിന്റെ ശബ്ദത്തിലാണ് മലയാളി കേട്ടത്.

 

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായ്….’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം തട്ടത്തിൻ മറയത്ത്എന്ന ചിത്രത്തിൽ പുനരാവിഷ്കരിക്കപ്പെട്ടു. അതുവരെ വല്യമ്മച്ചിയും കൊച്ചുമകളും തമ്മിലുള്ള വാത്സല്യത്തെയും സ്നേഹത്തെയും കുറിച്ചു പാടിയ ഗാനത്തിന് ഒരു പ്രണയഗാനസ്വഭാവം കൈവരുന്നത് ഈ പുനരവതരണത്തോടെയാണ്. പിന്നീട് മുഴുവൻ പാട്ടുകൾക്കൊപ്പം മലയാളികൾ നെഞ്ചിലേറ്റിയ ഗാനങ്ങളുടെ ചെറിയഭാഗങ്ങൾ റീമേയ്ക്ക് ചെയ്യുന്ന സ്വഭാവം മലയാളചലച്ചിത്രങ്ങൾ ശീലിക്കുന്നതായികാണാം. ‘സ്വപനങ്ങൾ സ്വപനങ്ങളെ നിങ്ങൾ‘(ഗ്യാങ്ങ്‌സ്റ്റര്‍), ‘ഉണ്ണികളെ ഒരു കഥ പറയാം‘ (ജേക്കബിന്റെ സ്വർഗ്ഗരാജ്യം), ‘മിഴിയോരം നനഞ്ഞൊഴുകും‘ (ആദി), ‘കിളിയെ കിളിയെ’ (ലോക) എന്നിവ ഉദാഹരണങ്ങളാണ്. ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്ന ഗാനങ്ങളിലെ ചില വരികള്‍ മാത്രമാണ് പുതിയ ചലച്ചിത്രം ഉപയോഗിക്കുക. കഥാസന്ദർഭത്തിന് ചേരുന്ന വരികളെ മാത്രം ശ്രദ്ധാപൂർവ്വം കണ്ടെത്തി, അവയ്ക്ക് ആദ്യഗാനത്തിൽ നിന്നും വ്യത്യസ്തമായതും പുതിയകഥയ്ക്ക് യോജിച്ചതുമായ ഭാവം പകരുന്ന ഈണം നൽകി പ്രേക്ഷര്‍ക്ക് മുന്നിലെത്തുന്നു.

 

മലയാളത്തിൽ കവർസോങ്ങുകൾക്ക് വലിയ പ്രചാരം നേടുന്നത് 2010നു ശേഷമാണ്. പുതിയ ചലച്ചിത്രങ്ങളിലൂടെ പഴയഗാനങ്ങൾ പുതിയശബ്ദത്തിലും താളത്തിലുമെല്ലാം പ്രേക്ഷകർ കേൾക്കുകയും അവയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തതിന്റെ ധൈര്യത്തിലാവണം സംഗീതപ്രേമികൾ കവർസോങ്ങ്1 സംഗീതശൈലിയെ തെരഞ്ഞെടുക്കാൻ തുടങ്ങിയത്. ഗാനപുനരാവിഷ്കാരങ്ങളിൽ ഏറ്റവും ജനപ്രിയമായ ഒന്നാണ് കവർ സോങ്ങുകൾ. കവർ സോങ്ങുകൾ ഒറിജിനൽ ഗാനത്തെ അതേപടി അനുകരിക്കുകയല്ല ചെയ്യുന്നത്. ഓരോ ഗായകരും തന്റേതായ ആലാപന ശൈലിയും ഭാവങ്ങളും നൽകി ആ ഗാനത്തെ പുതിയൊരു അനുഭവമാക്കി മാറ്റുന്നു. പലപ്പോഴും വലിയ ഓർക്കസ്ട്രകൾക്ക് പകരം ഒരു ഗിറ്റാറോ പിയാനോയോ മാത്രം ഉപയോഗിച്ച് ലളിതമായ രീതിയിലാണ് ഇവ അവതരിപ്പിക്കാറുണ്ട്. യുട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പുതിയ ഗായകർ തങ്ങളുടെ കഴിവ് തെളിയിക്കാനായി കവർ സോങ്ങുകൾ ഉപയോഗിക്കുന്നു. പരിചിതമായ പാട്ടുകളിലൂടെ വേഗത്തിൽ ശ്രദ്ധിക്കപ്പെടാനും ഇവ സഹായിക്കുന്നു. പഴയ കാലത്തെ മികച്ച ഗാനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുന്നതിൽ കവർ സോങ്ങുകൾക്ക് വലിയ പങ്കുണ്ട്. ഒരു ക്ലാസിക്കൽ പാട്ടിനെ റോക്ക് ശൈലിയിലോ, ഫാസ്റ്റ് നമ്പറിനെ മെലഡി ശൈലിയിലോ മാറ്റി പരീക്ഷിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളിലൂടെ കവർസോങ്ങുകൾക്ക് വലിയ പ്രചാരവും പ്രോത്സാഹനവും ഇക്കാലത്ത് ലഭിക്കുന്നുണ്ട്.

 

പഴയ ചലച്ചിത്രഗാനങ്ങളെ പുതിയ ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ശൈലിയെ റെട്രോഗാനങ്ങൾ എന്നാണ് വിളിക്കുന്നത്. അടുത്തകാലത്തായി പുറത്തിറങ്ങിയ കളങ്കാവൽഎന്ന ചലച്ചിത്രത്തിൽ റെട്രോമ്യൂസിക്2 ശൈലിയെ ഓർമ്മിപ്പിക്കുന്നതരം ഗാനങ്ങളാണ് ചിട്ടപെടുത്തിയിട്ടുള്ളത്. സാധാരണയായി 1960-കൾ മുതൽ 80-കളുടെ അവസാനം വരെയുള്ള കാലഘട്ടത്തിലെ സംഗീതത്തെയാണ് റെട്രോഎന്ന് വിളിക്കുന്നത്. മലയാളസംഗീത ചരിത്രത്തിലെ സുവർണ്ണ കാലഘട്ടംഎന്നാണ് റെട്രോകാലം അറിയപ്പെടുന്നത്. ഇന്നത്തെ ഗാനപുനരാവിഷ്കാരങ്ങളിൽ 90 ശതമാനവും ഈ കാലഘട്ടത്തിലെ പാട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്നത്തെ ഡിജിറ്റൽ സംഗീതത്തിന് വിപരീതമായി തബല, ഹാർമോണിയം, വയലിൻ, ഫ്ലൂട്ട് തുടങ്ങിയ തത്സമയ വാദ്യോപകരണങ്ങളുടെ (Live Instruments) മനോഹരമായ ഉപയോഗം ഈ പാട്ടുകളിൽ കാണാം. വെറും താളത്തിനപ്പുറം, ആഴമേറിയ അർത്ഥമുള്ള വരികളായിരുന്നു റെട്രോഗാനങ്ങളുടെ കരുത്ത്. വയലാർ, പി. ഭാസ്കരൻ, ഒ എന്‍ വി തുടങ്ങിയവരുടെ വരികൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. മ്യൂസിക് ബാൻഡുകളും കവർ വേർഷൻ ചെയ്യുന്നവരും ചലച്ചിത്രങ്ങളില്‍ ഗാനപുനരാവിഷ്കാരം നടത്തുന്നവരും റെട്രോഗാനങ്ങളെയാണ് പ്രധാനമായും അവയ്ക്കായി തിരഞ്ഞെടുക്കുന്നത്.

 

2020നു ശേഷമുള്ള മലയാള ചലച്ചിത്രങ്ങളെ പരിശോധിക്കുമ്പോൾ ഗാനപുനരാവിഷ്കാരത്തിന്റെ വലിയ സ്വാധീനം കാണാൻ കഴിയും. ഒരേ ഗാനം തന്നെ വ്യത്യസ്ത ചിത്രങ്ങളിൽ പുനരാവിഷ്കരിച്ചതായി കാണാം. ‘ദേവദൂതർ പാടി‘ (കാതോട് കാതോരം) എന്ന ഗാനം ന്നാ താൻ കേസ് കൊട്എന്ന ചിത്രത്തിലും രേഖാചിത്രം’ എന്ന ചിത്രത്തിലും ഉപയോഗിച്ചതായി കാണാം. ‘മിഴിയോരം നനഞ്ഞൊഴുകും‘ (മഞ്ഞിൽ വിരിഞ്ഞ പൂവ്‌) എന്ന ഗാനം ആദി‘, ‘ജാൻ എ മൻഎന്നീ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവയെ ആവര്‍ത്തന പുനരാവിഷ്ക്കാരങ്ങള്‍ എന്ന് വിളിക്കാം. ഒരു ഗാനം തന്നെ കലഘട്ടത്തിനിപ്പുറം പല ചലച്ചിത്രങ്ങളിലായി അവതരിപ്പിക്കപെടുമ്പോള്‍ അവ കേവലം ഒരു ക്ലാസിക് ഗാനം എന്നതിനുപരി ഒരു കള്‍ട്ട് ക്ലാസിക് പദവിയിലേക്ക് ഉയരുകയാണ്. പ്രേക്ഷര്‍ക്ക് ചലച്ചിത്രവുമായി പെട്ടെന്ന്തന്നെ ഒരു വൈകാരിക അടുപ്പമുണ്ടാവാന്‍ പരിചിതമായൊരു ഗാനം വീണ്ടും കേള്‍പ്പിക്കുന്നത് സഹായിക്കും.

2024-ഭാർഗ്ഗവീനിലയംഎന്ന ചിത്രം നീലവെളിച്ചംഎന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ ചലച്ചിത്രത്തിലെ ഒട്ടുമിക്കഗാനങ്ങളും പുനരാവിഷ്കരിക്കപ്പെട്ടു. ഇതേവർഷം പുറത്തിറങ്ങിയ മഞ്ഞുമ്മൽ ബോയ്സ്എന്ന ചിത്രത്തിൽ കൺമണി അൻപോട് കാതലൻ‘ (ഗുണ) എന്നു തുടങ്ങുന്ന തമിഴ് പാട്ട് പുനരാവിഷ്ക്കരിച്ചപ്പോൾ വലിയതോതിലുള്ള ജനപ്രീതി നേടുകയുണ്ടായി. തമിഴ് പ്രണയഗാനമായി മാത്രം ആസ്വദിച്ചഗാനത്തിന് സൗഹൃദഗാനത്തിന്റെ മുഖമാണ് പുനരാവിഷ്കാരഗാനം നല്‍കിയത് . മലയാളി തമിഴ് പ്രേക്ഷകരിൽ ഒരുപോലെ അത് പുതുമയുണർത്തി. 2025-ൽ പുറത്തിറങ്ങിയ തുടരുംഎന്ന ചലച്ചിത്രത്തിലെ പലരംഗങ്ങളുടെ പശ്ചാത്തലത്തിലും ഇളയരാജയുടെ പാട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ഇളയരാജയുടെ കടുത്ത ആരാധകനും പഴയകാല തമിഴ് ചലച്ചിത്രങ്ങളില്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത ആളാണെന്നു കാണികള്‍ക്ക് വ്യക്തമാക്കാന്‍ ഈ ഗാനപുനരാവിഷ്കാരങ്ങള്‍ വഴി സാധിച്ചു. സ്റ്റേജിലെ ഗാനമേള രൂപത്തിൽ പഴയപാട്ടുകൾ പുതിയ ചിത്രത്തിൽ ഉപയോഗിക്കുന്നരീതി ഈ കാലഘട്ടത്തിൽ തിരിച്ചു വന്നതായികാണാം. ‘ദേവദൂതർപാടി‘ (ന്നാ താൻ കേസ് കൊട്), ‘പൂമാനമേ….’ (രേഖാചിത്രം), ‘ശാന്തമീ രാത്രിയിൽ…’ (തുടരും) എന്നിവ ഉദാഹരണങ്ങളാണ്. ഗാനങ്ങളെ ഈ രീതിയില്‍ പുനരുപയോഗിക്കുമ്പോൾ പ്രേക്ഷകർക്ക് അത് കൂടുതൽ ആസ്വാദ്യകരമാവും എന്ന തോനാലും കുറച്ചുകൂടി സ്വതന്ത്രമായി ഗാനത്തെ പുനരുപയോഗിക്കാം എന്ന ചിന്തയും കൊണ്ടാവാം അണിയറപ്രവർത്തകർ ഗാനമേളരംഗങ്ങള്‍ വഴി പുനരാവിഷ്കാര ഗാനത്തെ അനുവാചകര്‍ക്ക് മുന്നിലെത്തിക്കുന്നരീതി ഇന്നുമുപയോഗിക്കുന്നത്.

 

പ്രമേയപരമായും ആഖ്യാനപരമായും പുതിയ തരംഗങ്ങൾ സൃഷ്ടിച്ച് മലയാളചലച്ചിത്രലോകം മുന്നേറികൊണ്ടിരിക്കുന്ന ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇന്ത്യയിലെ ഇതരഭാഷാ ചലച്ചിത്രസമൂഹങ്ങളെല്ലാം തന്നെ മലയാളത്തെ മാതൃകയായി കണ്ടുകൊണ്ട് തങ്ങളുടെ ചലച്ചിത്രസംസ്കാരത്തെ പുതുക്കിപണിയുന്നതിനായിട്ടുള്ള ശ്രമങ്ങളും നടത്തിവരുന്നു. വ്യത്യസ്തമായ കഥകളും കഥനരീതികളുമായും മലയാളചലച്ചിത്രശാഖ പുതിയമാനങ്ങൾ സൃഷ്ടിക്കുമ്പോഴും പഴമയെ പുത്തൻ പ്രേക്ഷകർക്കുമുന്നിൽ പുതുരീതിയിൽ അവതരിപ്പിക്കാനും ചലച്ചിത്രങ്ങൾ ശ്രമിക്കാറുണ്ട്. ഗാനങ്ങളുടെ രൂപത്തിലാണ് ഇത്തരം അവതരണങ്ങൾ കൂടുതലായും പുതുതലമുറ ചലച്ചിത്രങ്ങളിൽ കാണപ്പെടുന്നത്. ആദ്യകാലത്ത് പഴയകാല നടന്മാരോടോ ഗായകരോടോ ഉള്ള ബഹുമാനസൂചകമായി അവരുടെ ഹിറ്റ് പാട്ടുകൾ പുതിയ സിനിമകളിൽ ഉപയോഗിച്ചിരുന്നു. പഴയ പാട്ടുകൾക്ക് ജനങ്ങൾക്കിടയിലുള്ള സ്വാധീനം മുതലാക്കി പുതിയ സിനിമയിലേക്ക് ജനശ്രദ്ധ ആകർഷിക്കാനും പുനരാവിഷ്കാരഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഒരു പഴയ മെലഡിഗാനത്തിനെ തമാശരംഗങ്ങൾക്കോ സംഘട്ടനരംഗങ്ങൾക്കോ അനുയോജ്യമായ രീതിയിൽ ഫാസ്റ്റ് ബീറ്റിലേക്ക് മാറ്റുന്നതും അവയുടെ പ്രത്യേകതയാണ്. പുനരാവിഷ്കാരഗാനങ്ങള്‍ വെറും കച്ചവടതന്ത്രമായി മാത്രം ഒരുകാലത്ത് ഉപയോഗിച്ചിരുന്നു ഇന്നവ പലപ്പോഴും സിനിമയുടെ പ്രമേയവുമായി ആഴത്തിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു കഥാപാത്രത്തിന്റെ സ്വഭാവം അല്ലെങ്കിൽ അവർ ജീവിക്കുന്ന സാഹചര്യം വെളിപ്പെടുത്താൻ പഴയ പാട്ടുകളെ പ്രയോജനപെടുത്തുന്നത് കാണാം. ഒരു കഥാപാത്രം പഴയ പാട്ടുകളുടെ ആരാധകനാണെങ്കിൽ, ആ സിനിമയിലുടനീളം അത്തരം പാട്ടുകൾ പുനരാവിഷ്കരിക്കപ്പെടുന്നത് കഥാപരമായ അനിവാര്യതയായാണ്. ‘തുടരും’ ചിത്രത്തില്‍ വരുന്ന ഇളയരാജയുടെ പാട്ടുകള്‍ ഇതിനു ഉദാഹരണമാണ്. കഥ നടക്കുന്ന കാലഘട്ടത്തെ അടയാളപ്പെടുത്താൻ പുനരാവിഷ്കാരങ്ങൾ ഉപയോഗിക്കുന്നു. ‘രേഖാചിത്രം’ എന്ന ചലച്ചിത്രത്തില്‍ വരുന്ന ‘പൂമാനമേ…’ ‘ദേവധൂതര്‍ പാടി’ എന്നീ ഗാനങ്ങള്‍ ആ കാലഘട്ടത്തെ അടയാളപെടുതാനായി ഉപയോഗിച്ചിട്ടുള്ളതാണ്. ‘ലോക’ എന്ന ചലച്ചിത്രത്തില്‍ ‘കിളിയെ കിളിയെ’ എന്നാ ഗാനം ഉപയോഗിച്ചിട്ടുള്ളത് പ്രമേയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതിനാലാണ്. സമകാലീനമലയാളസിനിമയിൽ ഗാനപുനരാവിഷ്കാരങ്ങൾ കേവലം സംഗീതപരമായ മാറ്റങ്ങൾ മാത്രമല്ല, മറിച്ച് പ്രമേയപരമായ അനിവാര്യത കൂടിയാണെന്ന് കാണാം. തിരക്കഥയുടെ ആവശ്യകതയനുസരിച്ച്, കഥാപാത്രങ്ങളുടെ മനോഭാവത്തെയോ കഥാപരിസരത്തെയോ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇത്തരം ഗാനങ്ങൾ ഉപയോഗിക്കപ്പെടുന്നു. റെട്രോ സംഗീതത്തോടുള്ള നവതലമുറയുടെ ആഭിമുഖ്യം ഗാനപുനരവിഷ്കാരങ്ങള്‍ പുതുചിത്രങ്ങളില്‍ ഉള്‍പെടുത്താന്‍ ചലച്ചിത്രകാര്‍ക്ക് പ്രചോദനമാവുന്നുണ്ട്.

 

ഉപസംഹാരം

  • 2010 ന് ശേഷമാണ് മലയാളചലച്ചിത്ര ലോകത്ത് നവതലമുറ ചലച്ചിത്രങ്ങൾ ഉടലെടുക്കുന്നത്. ചലച്ചിത്രശാഖയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഈ . കാലത്തുണ്ടായി. ഗാനപുനരാവിഷ്കാരങ്ങളെ കൂടുതലായി ഉപയോഗിച്ചു തുടങ്ങുന്നതും ഈ ഘട്ടം മുതലാണ്.

  •  

  • ആദ്യഗാനത്തിൽ പിന്നണി പാടിയവർ തന്നെയാണ് പുനരാവിഷ്കാരത്തിലും ആദ്യകാലത്ത് പാടിയിരുന്നത്. ആദ്യഗാനത്തെ അനുസ്മരിക്കും വിധത്തിലുള്ള പശ്ചാത്തലങ്ങളും മേക്കപ്പും വസ്ത്രങ്ങളും അഭിനയരീതികളുമൊക്കെയായിരുന്നു പുനരാവിഷ്കാരഗാനരംഗങ്ങളിൽ ഉപയോഗിച്ചിരുന്നത്.

  • പഴയ ഗാനങ്ങൾ റീമിക്സ് രൂപത്തിൽ പുതിയ ചലച്ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പ്രശംസകള്‍ക്കൊപ്പം തന്നെ ധാരാളം വിമർശനങ്ങളും ആദ്യകാലങ്ങളിലുണ്ടായിരുന്നു.

  •  

  • കേട്ടു ശീലിച്ച ശബ്ദത്തിൽ നിന്നും മാറി പുതിയ ശബ്ദങ്ങളിൽ ഗാനങ്ങൾ പുനരാവിഷ്കരിക്കാൻ തുടങ്ങിയത് വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. മലയാളത്തിൽ കവർ സോങ്ങുകളുടെ ഉത്ഭവത്തിന് ഇത് കാരണമായി.

  •  

  • റെട്രോ മ്യൂസിക് എന്ന പദം കൊണ്ടാണ് പുതിയ കാലം പഴയകാല പാട്ടുകൾ പുതിയ ചലച്ചിത്രങ്ങളിൽ ഉപയോഗിക്കുന്നതിനെ സൂചിപ്പിക്കുന്നത്.

  • മുഴുനീള ഗാനങ്ങള്‍ക്കൊപ്പം കഥാപശ്ചാത്തലത്തിന് യോജിക്കുന്ന തരത്തില്‍ ചില ഗാനശകലങ്ങള്‍ മാത്രം പുനരവതിപ്പിക്കുന്ന പ്രവണത വന്നുതുടങ്ങിയതും ഈ കാലത്താണ്.

  •  

  • സമകാലീനമലയാളസിനിമയിൽ ഗാനപുനരാവിഷ്കാരങ്ങൾ കേവലം സംഗീതപരമായ മാറ്റങ്ങൾ മാത്രമല്ല, മറിച്ച് പ്രമേയപരമായ അനിവാര്യത കൂടിയായി മാറുന്നു.

  •  

  • 2020നു ശേഷമുള്ള ചലച്ചിത്രങ്ങൾ ഗാനപുനരാവിഷ്കാരങ്ങളുടെ വിവിധ സാധ്യതകളെ സവിശേഷമായി ഉപയോഗിക്കുന്നതായി കാണാം. ചലച്ചിത്ര പ്രമേയത്തോട് ചേർന്നു നിൽക്കുന്നതരത്തിൽ പഴയ ഗാനങ്ങളെ പുനരുപയോഗിക്കുക എന്നത് പുതിയ ചലച്ചിത്ര ശൈലിയായി മാറിക്കഴിഞ്ഞിരിക്കുന്നു.

  •  

കുറിപ്പുകള്‍

1. കവർ സോങ്ങ് (Cover Song): നിലവിലുള്ള ഒരു സംഗീത സൃഷ്ടിയെ മറ്റൊരു കലാകാരൻ തന്റേതായ ശൈലിയിൽ വീണ്ടും ആലപിക്കുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന രീതിയാണ്.

2. റെട്രോമ്യൂസിക്‌ (Retro music): ഒരു കാലഘട്ടത്തിലെ (പ്രത്യേകിച്ച് 1960-കൾ മുതൽ 1990-കൾ വരെയുള്ള) ജനപ്രിയ സംഗീത ശൈലിയെയാണിത്. ‘റെട്രോഎന്ന വാക്കിന്റെ അർത്ഥം തന്നെ പിന്നിലേക്ക് നോക്കുന്നത്എന്നാണ്.

 

ഗ്രന്ഥസൂചി

ദിവാകരൻ ആർ.വി.എം, സിനിമയുടെ കാവ്യശാസ്ത്രം, സാഹിത്യപ്രവർത്തക സഹകരണ സംഘംകോട്ടയം, 2017.

രവിമേനോൻ, അതിശയരാഗം, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011.

രവിമേനോൻ. പാട്ടുവഴിയോരത്ത്, മാതൃഭൂമി ബുക്സ്, കോഴിക്കോട്, 2011.

രവിമേനോൻ. സ്വർണചാമരം, മാതൃഭൂമി ബുക്സ്, കോട്ടയം, 2013.

ശ്രീകുമാരൻ തമ്പി,എന്റെ ഹൃദയരാഗങ്ങൾ, ഗ്രീൻ ബുക്സ്, തൃശൂർ, 2019

Verevis, Constantine, Film Remakes, Edinburgh university Press,(2006).

 

ദൃശ്യസൂചിക

ആദ്യത്തെ കണ്മണി (ഇന്ത്യ/മലയാളം/1995/137), രാജസേനൻ (സംവിധാനം), ശാരദ പ്രൊഡക്ഷൻ.

മിണ്ടാപ്പെണ്ണ് (ഇന്ത്യ/മലയാളം/1970/121), വി എം ശ്രീനിവാസൻ, വിമലാ റിലീസ് കമ്പനി.

നായിക (ഇന്ത്യ/മലയാളം/2011/116), ജയരാജ് (സംവിധാനം), മകയിര്യം ക്രിയേഷൻസ്.

പിക്നിക് (ഇന്ത്യ/മലയാളം/1975/139), ജെ ശശികുമാർ (സംവിധാനം), എം എസ് പ്രൊഡക്ഷൻസ്.

അങ്ങാടി (ഇന്ത്യ/മലയാളം/1980/146),ഐ വി ശശി (സംവിധാനം), ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ്.

വെനീസിലെ വ്യാപാരി (ഇന്ത്യ/മലയാളം/2011/140), ഷാഫി(സംവിധാനം), മാധവൻ നായർ.

കാണാമറയത്ത് (ഇന്ത്യ/മലയാളം/1984 /137), ഐ വി ശശി (സംവിധാനം), വി സി ഫീലിംസ് ഇൻറർനാഷണൽ.

തേജാഭായി & ഫാമിലി (ഇന്ത്യ/മലയാളം/2011 / 126), ദീപു കരുണാകരൻ (സംവിധാനം), അനന്തവിഷൻ.

നെല്ല് (ഇന്ത്യ/ മലയാളം/1974 / 119 ), രാമു കാര്യാട്ട് (സംവിധാനം), ജമ്മു ഫിലിംസ് ഇൻറർനാഷണൽ

സിന്ധു (ഇന്ത്യ/മലയാളം/1972/137), ശശികുമാർ (സംവിധാനം), സൂര്യ പിക്ച്ചേർസ്.

സരിത (ഇന്ത്യ/മലയാളം/1977/128), പി ഗോവിന്ദൻ (സംവിധാനം), സുവർണരേഖ.

ബഡാദോസ്ത് (ഇന്ത്യ / മലയാളം/2016 /122), വിജി തമ്പി (സംവിധാനം), കോപ്പറേറ്റ് സിനിമാസ്.

ഛോട്ടാ മുംബൈ (ഇന്ത്യ/ മലയാളം/2007/ 129), അൻവർ റഷീദ് (സംവിധാനം), മണിയൻപിള്ളരാജു പ്രൊഡക്ഷൻ.

സ്റ്റൈൽ (ഇന്ത്യ/മലയാളം/2016 /155), വിനു സദാനന്ദൻ(സംവിധാനം), സി.എൻ.സി ഫിലിം ഹൗസ്.

രാക്കുയിലിൻ രാഗസദസ്സിൽ (ഇന്ത്യ/മലയാളം/1986/129), പ്രിയദർശൻ (സംവിധാനം), സൂര്യോദയ ക്രിയേഷൻസ്.

ഇവർ വിവാഹിതരായാൽ (ഇന്ത്യ/മലയാളം/2009/160), സജി സുരേന്ദൻ (സംവിധാനം), വി.എൻ.പി. പ്രൊഡക്ഷൻ.

ലൗഡ് സ്പീക്കർ (ഇന്ത്യ/മലയാളം/2016/140), പി. എം. മേനോൻ (സംവിധാനം), വൃന്ദാവൻ പിക്ചേഴ്സ്.

നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് (ഇന്ത്യ/മലയാളം/ 1984 /130), ഫാസിൽ (സംവിധാനം), ബോധിചിത്ര ഫിലിംസ്.

തട്ടത്തിൻ മറയത്ത് (ഇന്ത്യ/മലയാളം/2012/127), വിനീത് ശ്രീനിവാസൻ (സംവിധാനം), ലൂമിയർ ഫിലിംസ് കമ്പനി.

ഗ്യാങ്സ്റ്റർ (ഇന്ത്യ/മലയാളം/2014 /150), ആഷിഖ് അബു (സംവിധാനം), .പി.എം ഫിലിംസ്.

ജേക്കബിന്റെ സ്വർഗരാജ്യം (ഇന്ത്യ/മലയാളം/2016 /145), വിനീത് ശ്രീനിവാസൻ (സംവിധാനം), ബിഗ്ബാങ്ക് എന്റർടൈൻമെന്റ്

ആദി (ഇന്ത്യ/മലയാളം/2018 /158), ജിത്തു ജോസഫ് (സംവിധാനം), ആഷിർവാദ് സിനിമാസ്.

ലോക (ഇന്ത്യ/മലയാളം/2025/150), ഡൊമനിക് അരുൺ (സംവിധാനം), വേഫേറൽ മൂവിസ്.

കളങ്കാവൽ (ഇന്ത്യ/മലയാളം/2025/137), ജിതിൻ കെ കോസ് (സംവിധാനം), മമ്മൂട്ടി കമ്പനി.

കാതോട് കാതോരം (ഇന്ത്യ/മലയാളം/1985/120), ഭരതൻ (സംവിധാനം), സെവൻ ആഡ്സ് പ്രൊഡക്ഷൻ

ന്നാ താൻ കേസ് കൊട് (ഇന്ത്യ/മലയാളം/2022 /139), രതീഷ് ബാലകൃഷ്ണ പൊതുവാൾ (സംവിധാനം), ഉദയ പ്രൊഡക്ഷൻ.

രേഖാചിത്രം (ഇന്ത്യ/മലയാളം/2025/140), ജോഫിൻ ടി ചാക്കോ (സംവിധാനം), കാവ്യ ഫിലിം കമ്പനി.

മഞ്ഞിൽ വിരിഞ്ഞ പൂവ് (ഇന്ത്യ/മലയാളം/1980/150), ഫാസിൽ (സംവിധാനം), നവോദയ സ്റ്റുഡിയോ

ജാൻ എ മൻ (ഇന്ത്യ/മലയാളം/2021/147), ചിദംബരം (സംവിധാനം), ചിയേഴ്സ് എന്റർടെയിൻമെന്റസ്.

ഭാർഗവീനിലയം (ഇന്ത്യ/മലയാളം/1964 /162), എ വിൻസെന്റ്(സംവിധാനം), ചന്ദ്രതാര പ്രൊഡക്ഷൻസ്.

നീലവെളിച്ചം (ഇന്ത്യ/മലയാളം/2023/132), ആഷിഖ് അബു(സംവിധാനം), .പി.എം. സിനിമ.

മഞ്ഞുമ്മൽ ബോയ്സ് (ഇന്ത്യ/മലയാളം/2024 /135), ചിദംബരം(സംവിധാനം), പറവ ഫിലിംസ്.

ഗുണ (ഇന്ത്യ/തമിഴ്/1991/180), സന്ദാനഭാരതി (സംവിധാനം), രാജ്കമൽ ഫിലിംസ്,

തുടരും (ഇന്ത്യ/മലയാളം/2025/166), തരുൺ മൂർത്തി (സംവിധാനം), രജപുത്ര വിഷ്യൽ മീഡിയ.

About the researcher:

നീഷ്മ വി. പി.

ഗവേഷക

മലയാള കേരളപഠനവിഭാഗം,

കോഴിക്കോട് സര്‍വകലാശാല


Email: neeshmavp551@gmail.com

Mob: 9539628386

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

Subscription Form

Fill out the form below and pay subscription fee to subscribe our journal's printed edition for one year. (You need to pay Rs. 1200 for One Year Subscription. You will get 4 Issues in one year with Paperback Printing and Perfect Binding features)